മലയാളം ഇ മാഗസിൻ.കോം

സമ്മാനം അടിച്ച ലോട്ടറിയുമായി പൈസ വാങ്ങാൻ എത്തിയ തൃശൂർ സ്വദേശിയെ അറസ്റ്റ്‌ ചെയ്ത്‌ പോലീസ്‌, സംഭവത്തിന്‌ പിന്നിൽ വമ്പൻ ട്വിസ്റ്റ്‌

മനുഷ്യന്‌ മണ്ടത്തരം പറ്റുക എന്ന്‌ പറഞ്ഞാൽ അതിനെ വിധിയെന്നേ പറയാൻ പറ്റൂ. ലോട്ടറി എന്നത്‌ പാവപ്പെട്ടവന്റെ സ്വപ്നമാണ്‌. ജീവിതം കരപിടിക്കാൻ ഒരു ലോട്ടറിയെങ്കിലും അടിച്ചെങ്കിലെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ അധികം മലയാളികളും. 40 രൂപ ചെലവാക്കി വാങ്ങുന്ന ലോട്ടറിക്ക്‌ 100 രൂപ പോലും അടിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന സങ്കടം എത്ര വലുതാണെന്ന്‌ അത്‌ എടുക്കുന്നവർക്ക്‌ മാത്രമേ അറിയൂ. അതിനിടെ തൃശൂരിൽ നിന്ന് വരുന്ന ഒരു വാർത്ത ഒരേ സമയം രസകരവും കുറ്റകരവുമാണ്‌.

തനിക്ക്‌ സമ്മാനമായി അടിച്ച ലോട്ടറി മാറാൻ കടയിലെത്തിയ അൻപത്തിയഞ്ചു കാരന്‌ പറ്റിയ പറ്റാണ്‌ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്‌. തന്‍റെ കൈവശമുള്ള ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്നറിയിച്ചാണ് അമ്പത്തിയഞ്ചുകാരനായ സ്റ്റാൻലി നഗരത്തിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ എത്തിയത്.

ലോട്ടറി പരിശോധിച്ച കടയുടമ അൽപ്പസമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. പത്തു മിനിറ്റിനു ശേഷം സ്റ്റാന്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകളുമായാണ്‌ സ്റ്റാൻലി പണം വാങ്ങാൻ എത്തിയത്‌ എന്നറിഞ്ഞപ്പോഴാണ്‌ കണ്ടു നിന്നവർ ഞെട്ടിയത്‌.

മോഷ്ടാവിനെ പിടികൂടാൻ സിറ്റി പൊലീസ് വിരിച്ച വലയിൽ സ്റ്റാൻലി കൃത്യമായി വന്നു വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പൂങ്കുന്നത്തെ കട കുത്തി തുറന്നു 15,000 രൂപയും കുറെ ലോട്ടറി ടിക്കറ്റുകളും മോഷണം പോയത്.

കേസ്‌ അന്വേഷിച്ച വെസ്റ്റ് പൊലീസ് നഷ്ടപ്പെട്ട ലോട്ടറികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഒരേ സീരീസിൽ ഉള്ള ടിക്കറ്റുകള്‍ക്ക് 60,000 രൂപ അടിച്ചെന്നു വ്യക്തമായതോടെ പ്രതി വരുമെന്നും വന്നാൽ അറിയിക്കണം എന്നും എല്ലാ ലോട്ടറി കടകളിലും രഹസ്യ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് സ്റ്റാൻലി പിടിയിൽ ആയത്. കട കമ്പിപ്പാര ഉപയോഗിച്ചു കുത്തി തുറന്നതു താനാണെന്ന് സ്റ്റാൻലി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Avatar

Staff Reporter