മലയാളം ഇ മാഗസിൻ.കോം

18 വ്യാഴാഴ്ച മനസോടെ പരിശ്രമിച്ചാൽ ഐശ്വര്യവും സമ്പത്തും നമ്മെ തേടിയെത്തും, ചെയ്യേണ്ടത്‌ ഇത്രമാത്രം

അളവറ്റ ഐശ്വര്യവും സമ്പത്തും സമ്മാനിക്കുന്ന അനുഷ്ഠാനമാണ്‌ വ്യാഴാഴ്ച വ്രതം. വിഷ്‌ണുഭഗവാനെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഈ വ്രതം എല്ലാവിധ പാപങ്ങളും ദഹിപ്പിച്ച്‌ കളയും. ദരിദ്രരെ ധനികരാക്കും. ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, ധനലബ്ധി, മന:ശാന്തി എന്നിവയ്ക്കെല്ലാം വ്യാഴാഴ്ച വ്രതം ഫലപ്രദമാണ്‌. 18 വ്യാഴാഴ്ചയാണ്‌ വ്രതമെടുക്കേണ്ടത്‌. ബുധനാഴ്ച തുടങ്ങുന്ന വ്രതം വെള്ളിയാഴ്ച രാവിലെ പൂർത്തിയാക്കണം. മത്സ്യ മാംസാദികൾ ത്യജിച്ച്‌ വ്യാഴാഴ്ച ഒരിക്കലൂണ്‌ ആകാം. മഞ്ഞവസ്ത്രം ധരിച്ച്‌ പൂജാ മുറിയിൽ നെയ്‌ വിളക്ക്‌ കൊളുത്തി വച്ച്‌ ദ്വദശാക്ഷര മന്ത്രം കുറഞ്ഞത്‌ 108 തവണ ജപിക്കണം. പറ്റുമെങ്കിൽ 336, 1008 തവണ ജപിക്കുക.

വിഷ്‌ണു അഷ്ടോത്തര മഹാമമന്ത്രം, വിഷ്‌ണു സഹസ്രനാമം എന്നിവ ജപിക്കുന്നത്‌ കൂടുതൽ ഫലസിദ്ധിക്ക്‌ ഉത്തമമാണ്‌. പ്രാർത്ഥനാ വേളയിൽ വിഷ്‌ണു ഭഗവാന്‌ തുളസിയില സമർപ്പിക്കണം. ക്ഷേത്ര ദർശനം, അരയാൽ പ്രദക്ഷിണം എന്നിവയാണ്‌ മറ്റ്‌ ആചരണങ്ങൾ. ഭാഗവതം, ഭഗവത്‌ ഗീത എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്‌. വ്രതധാരണത്തിൽ ഏറ്റവും പ്രധാനം മന:ശുദ്ധി തന്നെയാണ്‌.

മനസ്സിനെയും വിചാര വികാരങ്ങളെയും അടക്കി ഈശ്വര ചൈതന്യത്തോട്‌ പ്രാർത്ഥനകളിലൂടെ കുറച്ചുനേരമെങ്കിലും ചേർന്നു നിൽക്കുമ്പോൾ നമുക്ക്‌ ലഭിക്കുന്ന അനുകൂല ഊർജ്ജം തന്നെയാണ്‌ പുണ്യം. ഉപവസിച്ച്‌ പട്ടിണികിടന്നത്‌ കൊണ്ട്‌ മാത്രം യാതൊരു കാര്യവുമില്ല. നല്ല ചിന്തയും, കഴിയുന്നത്ര പ്രാർത്ഥനയും, വ്രതദിനങ്ങളിൽ കർശനമായി പാലിക്കണം. ബ്രഹ്മചര്യം പാലിക്കുകയും വേണം. ബ്രഹ്മചര്യം എന്നതുകൊണ്ട്‌ ശാരീരിക ബന്ധം ഒഴിവാക്കുക മാത്രമല്ല അർത്ഥമാക്കുന്നത്‌.

ലൈം-ഗി-കപരമായ വിഷയങ്ങൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കണം. ജപവും, പ്രാർത്ഥനയും വെറുതെ ചെയ്തിട്ട്‌ യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന 1000 മന്ത്രജപത്തേക്കാളും ശ്രദ്ധയോടെ ചെയ്യുന്ന 8 ഉരു മന്ത്രജപത്തിന്‌ അസാമാന്യ ശക്തിയുണ്ട്‌. മന്ത്രങ്ങൾ ഗുരുമുഖത്ത്‌ നിന്നും സ്വീകരിക്കുന്നതും; സ്തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുന്നതും വ്രതത്തിനൊപ്പം ചെയ്യാവുന്നതാണ്‌. സ്തോത്രങ്ങൾക്ക്‌ മന്ത്രോപദേശം നിർബന്ധമില്ല.

എല്ലാ വ്രതങ്ങൾ പോലെ മനഃശുദ്ധി, ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന്‌ സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക. പിറ്റേന്ന്‌ ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം എടുക്കാം. വ്രതദിനത്തിൽ കഴിയാവുന്നത്ര തവണ “ഓം നമോ നാരായണായ” മന്ത്രം ജപിക്കുക. മഹാവിഷ്‌ണു പ്രീതികരമായ മാർഗമാണ്‌ വസ്ത്രദാനം- പ്രധാനമായും മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ. ഭവനത്തിൽ പാൽപായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ഉത്തമമത്രേ. ഈ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ സന്താനലബ്ധി , സന്താനങ്ങൾക്ക്‌ ഉയർച്ച, സാമ്പത്തിക ഉന്നമനം, ഭാഗ്യവർധന എന്നിവയാണ്‌ ഫലം.

വ്രതം അനുഷ്ഠിക്കാൻ സാധിച്ചില്ലെങ്കിൽ പോലും ചില ചിട്ടകൾ അനുഷ്ഠിക്കുന്നതും ഐശ്വര്യം നൽകും. പ്രഭാതത്തിലും പ്രദോഷത്തിലും പഞ്ഞിത്തിരിയിട്ടു നെയ്‌ വിളക്ക്‌ തെളിയിക്കുക. മഞ്ഞവസ്ത്രം, ചന്ദനം എന്നിവ ധരിക്കുക. സാധ്യമെങ്കിൽ ക്ഷേത്രദർശനം നടത്തി പാൽപ്പായസം, ഭാഗ്യസൂക്ത അർച്ചന എന്നിവ വഴിപാടായി സമർപ്പിക്കുക. വിഷ്‌ണു സഹസ്രനാമ ജപവും ഭാഗവത പാരായണവും ഉത്തമഫലം നൽകും.

ഇപ്പോൾ വ്യാഴ ദോഷമുള്ള നക്ഷത്രങ്ങൾ ഇതാണ്‌
ജൂൺ 30 വരെ വൃശ്ചികക്കൂറുകാർക്ക്‌ അതായത്‌ വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക്‌ മൂന്നിലാണ്‌ വ്യാഴം, അതു കഴിഞ്ഞ്‌ നവംബർ 20 വരെ അവർക്ക്‌ രണ്ടിൽ വ്യാഴം വരുമ്പോൾ ധനം, ശത്രുനാശം, രതിസുഖം എന്നിവ ലഭിക്കും. ചിങ്ങക്കൂറുകാർക്ക്‌, മകം, പൂരം, ഉത്രം ആദ്യ കാൽ നക്ഷത്രക്കാർക്ക്‌ ആറിലാണ്‌ ഇപ്പോൾ വ്യാഴം. ജൂൺ 30 കഴിഞ്ഞാൽ ഇവർക്ക്‌ ധനം, സന്താനഭാഗ്യം, ഗൃഹ – വാഹന ഭാഗ്യം ഇവയുണ്ടാകും.

മിഥുനക്കൂറുകാർക്ക്‌, മകയിരം അവസാന പകുതി, തിരുവാതിരം, പുണർതം ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക്‌ ജൂൺ 30 വരെ എട്ടിലെ വ്യാഴം പ്രയാസമുണ്ടാക്കും. ശേഷം ഏഴിലെ വ്യാഴം ഇവർക്ക്‌ നവംബർ 20 വരെ ധനം, വിവാഹം, വിഷയസുഖം, സ്ഥാനമാനങ്ങൾ എന്നിവ നൽകും. കുംഭക്കുറുകാർക്ക്‌, അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക്‌ ജൂൺ 20 വരെ ജീവിതം ക്ലേശകരമാകും. പന്ത്രണ്ടിലെ വ്യാഴം കഴിയുമ്പോൾ നവംബർ 20 വരെ ആഗ്രഹസാഫല്യവും ധനലബ്ധിയുമുണ്ടാകും.

ജന്മവ്യാഴവും പത്തിലെ കർമ്മവ്യാഴവും ദോഷം ചെയ്യും. മകരം രാശിയിലെ ഉത്രാടം അവസാന മുക്കാൽ , തിരുവേണം, അവിട്ടം പകുതി നക്ഷത്രക്കാർക്കാണ്‌ ഇപ്പോൾ ജന്മവ്യാഴം. ജൂൺ 30 വരെ ഇവർക്ക്‌ സാമ്പത്തിക പ്രശ്നങ്ങളാൽ മന:ശാന്തി നഷ്ടപ്പെടും. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുകളുമുണ്ടാകും. അത്‌ കഴിഞ്ഞ്‌ വ്യാഴം പന്ത്രണ്ടിൽ നിൽക്കുന്ന നവംബർ 20 വരെ കാര്യങ്ങൾ കഠിനമാകും. അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ നക്ഷത്രക്കാർക്ക്‌ കർമ്മവ്യാഴം ജൂൺ 30 വരെ തൊഴിൽ രംഗത്ത്‌ മാന്ദ്യവും കഷ്ടപ്പാടുകളും തിരിച്ചടികളുമേകും. അത്‌ കഴിഞ്ഞ്‌ നവംബർ 20 വരെ ഒൻപതിലെ വ്യാഴം ധനലാഭം ഉൾപ്പെടെ സദ്ഫലങ്ങൾ നൽകും.

ഇവിടെ പറഞ്ഞതത്രയും വ്യാഴ സ്ഥിതിയുടെ പൊതു ഫലങ്ങളാണ്‌. എന്നാൽ ഒരോരുത്തരുടെയും ജാതകത്തിലെ മറ്റ്‌ ഗ്രഹസ്ഥിതികൾ കൂടി കണക്കിലെടുത്താൽ പലർക്കും വലിയ ദോഷങ്ങൾ സംഭവിക്കണമെന്നില്ല.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന്‌ വിളിക്കേണ്ട നമ്പർ: + 91 944702 0655)

Avatar

Staff Reporter