മലയാളം ഇ മാഗസിൻ.കോം

മുഖം കോടുന്ന രോഗം ബെൽസ് പാൾസി, നടനും അവതാരകനുമായ മിഥുൻ രമേശിന്‌ സംഭവിച്ചതെന്ത്‌? ഈ രോഗം ആരെയൊക്കെ ബാധിക്കാം?

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന രോഗത്തെ തുടർന്നാണ് നടൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയത്. താൽക്കാലികമായി മുഖം കോടുന്ന രോഗമാണ് ബെൽസ് പാൾസി. മിഥുൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചു. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണിത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ’. ‘ഒരു കണ്ണ് അടയും, മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമേ അടയുകയുള്ളു. മുഖത്തിന്റെ ഒരു ഭാഗം പേർഷ്യൻ പരാലിസിസ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്’, മിഥുൻ രമേശ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട്‌ സിൻസി അനിൽ പങ്കുവച്ച കുറിപ്പ്‌ ശ്രദ്ധേയമാകുന്നു. കുറിപ്പ്‌ ഇങ്ങനെ:
മിഥുൻ രമേശ്‌നു വന്ന ബെൽസ് പാൾസി വളരെ സർവസാധാരണമായ അസുഖമാണ്. ബെൽസ് പാൾസി സ്ട്രോക്കല്ല, മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ്. നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഫേഷ്യൽ മസിൽസിന്റെ സഹായത്തോടെയാണ്. ഈ മസിൽസിനെ സപ്പോർട്ട് ചെയ്യുന്നത് ഫേഷ്യൽ നെർവ് ആണ്. ആ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. ചിലരിൽ വൈറൽ അണുബാധയ്ക്ക് ശേഷം ഒരു സെക്കന്ററി ഇൻഫെക്ഷൻ പോലെ സംഭവിക്കാറുണ്ട്.

അല്ലാതെ രോഗം വരാൻ പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല. പെട്ടെന്നുണ്ടാകുള്ള ഞരമ്പിന്റെ പ്രവർത്തന വൈകല്യമാണിത്. അതായത് ഞരമ്പിൽ നീര് വന്നത് പോലെ തളർച്ചയുണ്ടാകും. മുഖം ഒരു സൈഡിലേക്ക് കോടിപ്പോകും. നെറ്റി ചുളിക്കാൻ പറ്റില്ല, കണ്ണടയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും, വിസിൽ അടിക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കുമ്പോൾ കവിളിൽ കെട്ടിക്കിടക്കും. ലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് മരുന്ന് കൊടുത്ത് ചികിത്സ ആരംഭിക്കണം. ഒപ്പം ഫിസിയോതെറാപ്പിയും ആരംഭിക്കാം. കൂടെ ടെൻസ് എന്ന് പറയുന്ന ചികിത്സ കൂടിയുണ്ട്.

ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏൽപ്പിക്കുന്നതാണ് ടെൻസ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകൾക്കും രോഗം പൂർണ്ണമായും ഭേദമാകും. ചിലർക്ക് കുറച്ചുനാളത്തേക്ക് നിലനിൽക്കും. വൈറൽ ഇൻഫെക്ഷൻ മൂലമാണ് രോഗം വന്നത് എങ്കിൽ അതിനു ആന്റിബയോട്ടിക് മരുന്നുകൾ എടുത്താൽ മതിയാകും. ആർക്കു. എപ്പോൾ വേണമെങ്കിലും ബെൽസ് പാൾസി വരാവുന്നതേയുള്ളൂ. ചിലർ തനിയെ മാറിക്കോളും എന്ന് പറഞ്ഞിരിക്കും. അത് പറ്റില്ല, നിർബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം.

തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയാണെങ്കിൽ പൂർണ്ണമായും മാറും. ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഒരു തവണ വന്ന് മാറിക്കഴിഞ്ഞാലും പിന്നീട് വരാം. പക്ഷെ, പേടിക്കേണ്ട കാര്യമില്ല. രോഗം വന്ന് മാറിക്കഴിഞ്ഞാൽ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് ബെൽസ് പാൾസിയെ കുറിച്ചോർത്ത് ഭയം വേണ്ട. ബെൽസ് പാഴ്സിയെ കുറിച്ചും മിഥുന്റെ രോഗവസ്ഥയെ കുറിച്ചും തെറ്റിദ്ധാരണ പടർത്താതിരിക്കുക.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter