മലയാളം ഇ മാഗസിൻ.കോം

കണ്ടാൽ കൊതിയാവും, പക്ഷെ വഴിവക്കിൽ നിന്നും മാങ്ങാ വാങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്തോടെ തൊടിയിലെ മാവിന്റെ ചുവട്ടിലുണ്ടാകും. എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ മാവുകള്‍ അപ്രത്യക്ഷമായി പകരം, കച്ചവടക്കാരന്റെ വില്‍പ്പനകുട്ടകളില്‍ നിറഞ്ഞിരിക്കുന്ന, രാസവസ്തുക്കള്‍ ചേര്‍ന്ന മാമ്പഴങ്ങളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്.

മാങ്ങയ്ക്ക് വില കിട്ടുന്നില്ല എന്ന ന്യായീകരണം പറഞ്ഞാണ് ഒരുകാലത്ത് നാട്ടുമാവുകള്‍ കേരളത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ടത്. രുചി വൈവിധ്യമുള്ള ഇന്ത്യന്‍മാമ്പഴങ്ങളില്‍ ഒട്ടേറെയും നമുക്ക് അപ്രാപ്യമാണ്. കിട്ടുന്നത് മായംകലര്‍ത്തിയ നിലയിലായതോടെ പലരും മാമ്പഴപ്രേമം അവസാനിപ്പിക്കുകയാണ്. എങ്കിലും മാമ്പഴം നമുക്ക് നൊസ്റ്റാള്‍ജിയതന്നെ തന്നെ. ഒരു നാട്ടുമാങ്ങ വീണുകിട്ടിയപോലത്തെ നൊസ്റ്റാള്‍ജിയ.

കാലംമാറി കാലാവസ്ഥാമാറ്റം മൂലം കേരളം ഇപ്പോള്‍ മാമ്പഴങ്ങളാല്‍ സമ്പന്നമാണ്. കൃമികീടങ്ങളാണ് മുഖ്യഭീഷണി. പതിവിനു വിപരീതമായി നാട്ടിടകളില്‍ മാമ്പഴം സുലഭമാണിപ്പോള്‍. ഇവ വാങ്ങുന്നവര്‍ ഉടന്‍വിപണിയിലെത്തിക്കാനായി കാര്‍ബൈഡ് വച്ച് പഴുപ്പിക്കുകയാണ്. ഒരു നിയന്ത്രണവും ശാസ്ത്രീയമേല്‍നോട്ടവും ഇല്ലാതെയാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്. ആരെങ്കിലും ഉപയോഗിക്കുന്നു എന്ന് കേട്ടാണ് നാട്ടു വ്യാപാരികളും ഇത്തരം കൊടുംവിഷങ്ങള്‍ ഉപയോഗിക്കുന്നത്.

കാര്‍ബൈഡിന്റെ അംശം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണു ബാധിക്കുക. കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച ഫലവര്‍ഗങ്ങള്‍ ഭക്ഷിച്ചാല്‍ ഉടന്‍ തന്നെ തലചുറ്റല്‍, ശക്തമായ തലവേദന എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏത് ഫലവും 12 മണിക്കൂറുകൊണ്ട് പഴുത്തുകിട്ടും. മഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറം മാങ്ങയുടെ തൊലിയില്‍ വരുകയും വിളഞ്ഞു പഴുത്തതായി തെറ്റിദ്ധരിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിക്കുന്ന ഫലങ്ങള്‍ക്കു രുചി തീരെ കുറവായിരിക്കും.സ്വാഭാവികമായി പഴുക്കുന്ന മാങ്ങയുടെയത്ര സുഗന്ധം കാര്‍ബൈഡുപയോഗിച്ച് പഴുപ്പിക്കുന്നവയ്ക്കുണ്ടാകില്ല. പുറത്ത് കടുംമഞ്ഞനിറം ആയിരിക്കും. ഒരുകൂട്ടം പഴങ്ങള്‍ ഒരേനിറത്തില്‍ ആകര്‍ഷകമായിപഴുത്തിരിക്കുന്നതും വ്യാജനാണ്. കാര്‍ബൈഡുപയോഗിച്ചു പഴുപ്പിച്ചവ ഏറെനേരം കഴുകി നന്നായി ചെത്തി തൊലിനീക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സീസണിലല്ലാതെ ലഭിക്കുന്ന മാങ്ങകളില്‍ വ്യാജനുണ്ടാകും.

വിളയുമ്പോള്‍ പുഴു പക്ഷി മൃഗാദികളുടെ ശല്യം മൂലമുണ്ടായേക്കാവുന്ന നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ തുഛവിലക്ക് മാങ്ങ വില്‍ക്കുകയാണ് പതിവ്. ഈ ഒരു ദുരിതത്തില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നിലവില്‍ഒരു സംവിധാനവുമില്ല. കച്ചവടതാത്പര്യം മാത്രം മുതലാക്കി വിളയാന്‍ കാത്ത് നില്‍ക്കാതെ ഏകദേശ വലിപ്പം ആയാല്‍ പറിച്ചെടുത്ത് കാല്‍സിയം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുകയാണ് നിലവില്‍ കച്ചവടക്കാര്‍ ചെയ്യുന്നത്. വാങ്ങുന്നവന്റെ കണ്ണില്‍ പൊടിയിടാനായി വൈയ്‌ക്കോല്‍ പൊടിയോ, മറ്റോകാണിച്ചാകും ഉപഭോക്താക്കളെ കച്ചവടക്കാര്‍ ആകര്‍ഷിക്കുക.

മാങ്ങകള്‍ സ്വാഭാവികമായി പഴുക്കുന്നത് മാങ്ങകളില്‍ നിന്ന് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന എഥിലിന്‍ മൂലമാണ്. എന്നാല്‍ ഇന്ന് ഈ വസ്തുവിനെ ക്രമാതീതമായിട്ടാണ് മാമ്പഴ കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് ചിലര്‍ ഇത് കാര്‍ബൈഡുമായി ചേര്‍ത്തും കച്ചവടക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥിതി ഗുരുതരമാകുകയാണെന്നു ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അനുവദിച്ചിട്ടുള്ള അളവിന്റെ പല മടങ്ങ് വീര്യമാണ് എഥിലിന്‍ പൊടിയായി ചാക്കുകളില്‍ നിറയ്ക്കുമ്പോഴുള്ളത്. എഥിലിന്‍ അധികമായി ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങള്‍ കാരണം വയറ്റില്‍ അള്‍സറിനും നാഡീവ്യൂഹത്തിനു തകരാറിനും കാരണമാകാം. അര്‍ബുദത്തിനും എഥിലീന്‍ ഉപയോഗിച്ചു പഴുപ്പിക്കുന്ന പഴങ്ങള്‍ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പഴങ്ങള്‍ കൂടുതല്‍ പഴുക്കുന്നതിനായി നിയന്ത്രിത അളവില്‍ എഥിലിന്‍ വാതകം ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ട്. എന്നാല്‍, എഥിലിന്‍ പൊടിരൂപത്തില്‍ നിറച്ച ചാക്കുകള്‍ ഉപയോഗിച്ചു പഴങ്ങള്‍ പഴുപ്പിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കും. നാട്ടുകച്ചവടക്കാര്‍ തോന്നിയതരത്തില്‍ കാല്‍സ്യം കാര്‍ബൈഡും മറ്റ് വിഷങ്ങളും ഉപയോഗിക്കുന്നത് തടയാന്‍ സാധാരണ പരിശോധനകള്‍ പര്യാപ്തമല്ല. 2011ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാര്‍ബൈഡുപയോഗിച്ച് ഫലങ്ങള്‍ പഴുപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്.

Avatar

Staff Reporter