മലയാളം ഇ മാഗസിൻ.കോം

ഇപ്പോൾ 18 ലക്ഷം രൂപ മുതൽ കേരളത്തിൽ ഫ്ളാറ്റുകൾ കിട്ടും; കണ്ണുമടച്ച്‌ വാങ്ങും മുൻപ്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

അംബര ചുംബികളായ ഫ്ളാറ്റുകൾ കേരളത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയപ്പോൾ മലയാളികൾ ഈ ആകാശസൗധങ്ങളെ കൗതുകത്തോടെയാണ്‌ നോക്കിക്കണ്ടത്‌. ഇന്ന്‌ കേരളത്തിൽ ഇത്തരം കെട്ടിടങ്ങൾ സർവ്വസാധാരണമായി. താമസിക്കുവാൻ ഒരു ഇടം എന്നതിലപ്പുറം ഇന്ന്‌ പല മലയാളികളും ഫ്ളാറ്റുകളെയും വില്ലകളേയും ഒരു നിക്ഷേപമായി കരുതുവാൻ തുടങ്ങുകയും അതിൽ വൻ തോതിൽ നിക്ഷേപം നടത്തുകയും ചെയ്തുവരുന്നു.

വിദേശമലയാളികളാണ്‌ ഇതിൽ മുൻപന്തിയിൽ നില്ക്കുന്നത്‌. മാസത്തിൽ നിരവധി റിയൽ എസ്റ്റേറ്റ്‌ കമ്പനികളുടെ പ്രതിനിധികൾ തങ്ങളുടെ ഫ്ലാറ്റുകളുടെ വിപണനാർഥം ഗൾഫുരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നു. കേരളത്തിലെ വ്യവസായത്തിൽ നിക്ഷേപം നടത്തിയ തങ്ങളുടെ പല മുൻഗാമികൾക്കും ഉണ്ടായ തിക്താനുഭവങ്ങളും കൂടാതെ വിവിധ വകുപ്പുകളിലെ നൂലാമാലകളും വ്യവസായമേഘലയിൽ നിക്ഷേപിക്കുന്നതിൽ നിന്നും വിദേശമലയാളികളെ പിന്തിരിപ്പിക്കുന്നു. ബാങ്കിങ്ങ്‌ രംഗത്തെ പലിശകുറവും കാർഷികരംഗം നേരിടുന്ന തകർച്ചയും വച്ച്‌ നോക്കുമ്പോൾ അതിവേഗം കുതിച്ചുയരുന്ന റിയലെസ്റ്റേറ്റ്‌ രംഗത്തേക്ക്‌ മലയാളികൾ തിരിയുവാൻ പ്രധാന കാരണമായി. കൂടാതെ ബാങ്കുകൾ നൂലാമാലകളില്ലാതെ തന്നെ ലോൺ അനുവദിക്കുവാനും തുടങ്ങി. ഇതിന്റെ സാധ്യത മുതലെടുത്തുകൊണ്ട്‌ നിരവധി റിയൽ എസ്റ്റേറ്റ്‌ സ്ഥാപനങ്ങളും പുതുതായി ഉയർന്നുവന്നു. നിരവധി ഫ്ലാറ്റുകളും വില്ലാപ്രോജക്ടുകളും കേരളത്തിന്റെ ചെറുപട്ടണങ്ങളെ കേന്ദ്രീകരിച്ചുപോലും ഉണ്ടാകാൻ തുടങ്ങി. പത്ര – ദൃശ്യമാധ്യമങ്ങളുടെ ജനസ്വാധീനം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അവർ തങ്ങളുടെ വിപണി അനായാസം കണ്ടെത്തി. ഇവിടെ നിക്ഷേപർ ശ്രദ്ധിച്ചില്ലെങ്കിൽ വഞ്ചിതരാകുവാനുള്ള സാധ്യതയും ഏറെയാണ്‌.

നിങ്ങൾ വാങ്ങുന്ന ഫ്ലാറ്റ്‌ നാളെ വൻലാഭത്തോടെ വിറ്റഴിക്കാമെന്നും അതിന്റെ മുതൽമുടക്ക്‌ തുച്ചമാണെന്നും ബാക്കി ബാങ്കുകൾ വായ്പയായി നൽകുമെന്നുമൊക്കെയുള്ള വൻ പ്രചാരണങ്ങളിൽ വീഴുന്നതിനുമുൻപ്‌ ഒരുനിമിഷം. അല്പകാലം മുൻപ്‌ ആട്‌, തേക്ക്‌, മാഞ്ചിയം തുടങ്ങിയ പല സംരംഭങ്ങളും മോഹന വാഗ്ദാനങ്ങൾ നൽകി വൻ തട്ടിപ്പ്‌ നടത്തിയിട്ടുള്ള കാര്യം നാം ഓർക്കേണ്ടതുണ്ട്‌. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചേടത്തോളം പലപ്പോഴും നാട്ടിൽപോയി ഫ്ലാറ്റിന്റെ ഗുണനിലവാരം നേരിൽ കണ്ടു ബോധ്യപ്പെടാൻ പറ്റിയെന്നുവരില്ല. പണിതുടങ്ങാൻ പോകുന്ന ഫ്ലാറ്റിന്റെയാണെങ്കിൽ ബ്രോഷറുകളിൽ അതി മനോഹരമായി രൂപപ്പെടുത്തിയ ത്രിമാന ചിത്രം ആയിരിക്കും പലപ്പോഴും ലഭിക്കുക. ഇത്തരം ചിത്രങ്ങൾ പലപ്പോഴും യഥാർത്ഥത്തിലുള്ള സൈറ്റിൽ ആ ബിൽഡിങ് പണിതാൽ ലഭിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും നൽകുക. മറ്റൊന്ന്‌ പലപ്പോഴും ബ്രോഷറുകളിൽ വരുന്ന പ്ലാനുകൾ യഥാർഥ അളവുകളിൽ ആയിരിക്കില്ല ലഭിക്കുന്നത്‌. കൃത്യമായ സ്കേൽ രേഖപ്പെടുത്താത്ത പ്ലാനുകളിൽ സൗകര്യങ്ങൾ ഒത്തിരിയുള്ളതായി തോന്നിയേക്കാം. തീർച്ചയായും ഒരു ആർക്കിടെക്റ്റിന്റെ സഹായത്താൽ പ്രസ്തുത കെട്ടിടത്തിന്റെ പ്ലാനിങ്ങിനെകുറിച്ചും അതിന്റെ ഉപയോഗക്ഷമതയെകുറിച്ചും വിശദമായി മനസ്സി ലാക്കാവുന്നതാണ്‌. ഒരു നിക്ഷേപമായി ഫ്ലാറ്റ് വാങ്ങുമ്പോൾ അതിന്റെ വിപണന സാധ്യതയെ കുറിച്ച്‌ ഈ രംഗത്തെ വിദഗ്ദ്ധന്റെ ഉപദേശം തേടാവുന്നതാണ്‌.

ഫ്ലാറ്റുകൾ വാങ്ങും മുൻപ്‌ ശ്രദ്ധിക്കേണ്ട 16 കാര്യങ്ങൾ… (Next Page)

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor

before-buying-an-apartment

Avatar

Staff Reporter