ഭർത്താവിനൊപ്പം ജീവിക്കാനുള്ള വ്യഗ്രതയിലും മദ്യപാനത്തിൽ നിന്ന് ഭർത്താവിനെ മാറ്റിയെടുക്കുന്നതിനും സ്വന്തമായി കുട്ടികളില്ലാത്തതിന്റെ മാനസിക നിലയിൽ നിന്നും രക്ഷപ്പെടാനുമാണ് നവജാത ശിശുവിനെ തട്ടിയെടുത്തതെന്ന് പ്രതി പറഞ്ഞതായി പൊലീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വെച്ചൂച്ചിറ കൂത്താട്ടുകുളം പുത്തൻപുരയിൽ അനീഷിന്റെ ഭാര്യ എസ് ബീന (32) യെയാണ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. വള്ളിക്കോട് വി കോട്ടയം പാറയിരിക്കുന്നതിൽ ഓമനയുടെ മകൾ ബീനയാണ് ശിശുവിനെ മോഷ്ടിച്ചതെന്നും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ ഭർത്താവ് അനീഷ് സുഹൃത്തുക്കൾക്ക് വിരുന്ന് നൽകിയിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി ജില്ലാ പോലീസ് മേധാവി അശോകൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 9 ന് രാവിലെ 11.10 നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും ജീവനക്കാരിയെന്ന വ്യാജേന റാന്നി ചെല്ലക്കാട്ട് കാവുംമൂലയിൽ സജി ചാക്കോ – അനിതാമോൾ ജോസഫ് ദമ്പതികളുടെ 4 ദിവസം പ്രായമുളള കുഞ്ഞിനെ ബീന മോഷ്ടിച്ചുകടന്നത്. കുലശേഖപതിയിലെത്തിയ ബീന ആനപ്പാറയിലുള്ള മാതൃസഹോദരി ശോഭനയുടെ വീട്ടിലെത്തി പ്രസവം കഴിഞ്ഞെത്തിയതാണെന്നും ചേട്ടൻ ഉടൻ കൊണ്ടുപോകാൻ വരും എന്നു പറഞ്ഞാണ് ഇവിടെ തങ്ങിയത്. വൈകിട്ട് 6 ന് കൂട്ടിക്കൊണ്ടുപോകാൻ വന്ന കാറിലാണ് വെച്ചൂച്ചിറയിലേക്ക് പോയത്. വെച്ചൂച്ചിറയിൽ വച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം തെക്കുംഭാഗം അരനല്ലൂർ സ്വദേശിയായ യുവാവുമായി മതാചാരപ്രകാരം വിവാഹിതയായ ബീന രണ്ടുവർഷം മാത്രമാണ് ഭർത്താവുമൊന്നിച്ച് കഴിഞ്ഞത്. തുടർന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. 2015ൽ തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ അച്ഛനെ ശുശ്രൂഷിക്കാൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ ബീന പിതാവിനെ ശുശ്രൂഷിക്കാനെത്തിയ അനീഷുമായി പരിചയത്തിലായി. തുടർന്ന് 2015 ജൂണിൽ വെച്ചൂച്ചിറ കുന്നം ക്ഷേത്രത്തിൽവച്ച് ഇവർ വിവാഹിതരായി. വിവാഹവിവരം സ്വന്തം വീട്ടിൽ ഇവർ അറിയിച്ചിരുന്നില്ല. പുനലൂരിൽ പോളിടെക്നിക്കൽ കോഴ്സിന് ചേർന്നതായും അവിടെ താമസിക്കുകയാണെന്നുമാണ് അമ്മയേയും ബന്ധുക്കളേയും ബീന അറിയിച്ചിരുന്നത്. അനീഷ് വിവാഹശേഷം ഒരാഴ്ച സ്വന്തം വീട്ടിൽ കഴിഞ്ഞശേഷം തൊട്ടടുത്തുള്ള വാടകവീട്ടിലേക്ക് താമസം മാറ്റി.
അനീഷുമായുളള കുടുംബജീവിതത്തിനിടയിൽ ഗർഭിണിയായ ബീനയുടെ ഗർഭം അലസിപ്പോയിരുന്നു. ഇത് ഭർത്താവായ അനീഷിന് മാനസിക വേദനയാകുകയും ഇയാൾ മദ്യത്തിന് അടിമയാകുകയും ചെയ്തു. 2016 ഏപ്രിൽ വീണ്ടും ഗർഭിണിയായെങ്കിലും നാലു മാസം കഴിഞ്ഞപ്പോൾ വീണ്ടും അബോർഷനായി. ഈ സംഭവം ഇവർ ഭർത്താവിനെ അറിയിച്ചില്ല. ആറുമാസം കഴിഞ്ഞപ്പോൾ പ്രസവകാലം അടുത്തെന്നും വള്ളിക്കോട്ടുളള എന്റെ വീട്ടിലേക്ക് കൊണ്ടുവിടണമെന്നും ഭർത്താവിനോട് അറിയിച്ചു. ഭർത്താവാണ് ഇവരെ വള്ളിക്കോട്ടെത്തിച്ചത്. ഒരു കുഞ്ഞിനെ വളർത്താൻ ലഭിച്ചില്ലെങ്കിൽ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ലെന്ന തോന്നലിലാണ് ഒരു കുട്ടിയെ മോഷ്ടിക്കാൻ തീരുമാനിച്ചത്. ഈ മാസം 6,7,8 തീയതികളിൽ മോഷണലക്ഷ്യവുമായി ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. ഒരു ദിവസം ഏഴും എട്ടും മണിക്കൂറുകൾ ആശുപത്രിയിൽ ചെലവഴിച്ചു. അഡ്മിറ്റായ ഗർഭിണികളുടേയും മറ്റും വിശദാംശങ്ങൾ ഹൃദിസ്ഥമാക്കിയ പ്രതി തിരുവല്ല മീന്തലക്കര സ്വദേശിനി ശരണ്യ പ്രസവിച്ച ഇരട്ടക്കുട്ടികളിൽ ഒന്നിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. അത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ മുലയൂട്ടാൻ അമ്മയുടെ അടുത്ത് നൽകണമെന്ന് കളവ് പറഞ്ഞ് പിതാവിൽ നിന്നും കുഞ്ഞിനെ വാങ്ങി പ്രസവ വാർഡിൽ കടന്ന് വാർഡിന്റെ വരാന്തവഴി രക്ഷപെട്ടത്.
സംഭവം അറിഞ്ഞ് 15 മിനിറ്റിനുള്ളിൽ ഡിവൈ എസ്പി വിദ്യാധരൻ അടക്കമുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥന്മാർ സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഒൻപത് ലക്ഷം ഫോൺകോളുകൾ പരിശോധനാ വിധേയമാക്കിയ ശേഷമാണ് പ്രതിയിലേക്കെത്തിച്ചേരാനും കുറ്റവാളിയെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞത്. എസ് പി അശോകന്റെയും ഡി വൈ എസ് പി വിദ്യാധരന്റെയും കോഴഞ്ചേരി സി ഐ ബി അനിലിന്റെയും നേതൃത്വത്തിൽ നാല് അന്വേഷണ സംഘങ്ങൾ രൂപീകരിക്കുകയും സൈബർ സെല്ലിന്റെ സഹായം പൂർണ്ണമായും ഉപയോഗിക്കാൻ കഴിഞ്ഞതുമാണ് സഹായകമായത് എന്നും പത്രസമ്മേളനത്തിൽ പൊലീസ് പറഞ്ഞു.
അന്വേഷണത്തിൽ ഇവരോടൊപ്പം എസ് ഐ മാരായ കെ അജിത് കുമാർ, വി ആർ രാജശേഖരൻ (ആറന്മുള), പ്രൈജു, ശ്രീകുമാർ (കോയിപ്രം). വനിതാ സബ് ഇൻസ്പെക്ടർ ഡെയ്സി ലൂക്കോസ്, എ എസ് ഐ സി കെ വേണു, വനിതാ സി പി ഒ ഉഷ, സി പി ഒ മാരായ സുധീഷ്, ധനുഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.