കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കേരളത്തിലെ കന്നുകാലി ഉടമകള്‍ക്കു ചാകരയാവുമെന്നു റിപ്പോര്‍ട്ട്. അതേസമയം, ബീഫ് വാങ്ങി ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് കീശ കാലിയാവുകയും ചെയ്യും.
കശാപ്പിനായുള്ള കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കേരളത്തിലേക്കുള്ള കാലികളുടെ വരവിനെ ബാധിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കേരളം ഉത്തരവ് നടപ്പാക്കില്ല എന്ന് മാത്രമല്ല, ബീഫ് ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു കഴിഞ്ഞു. ഇതിനായി നിയമസഭ തന്നെ ചേരാനിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോഴുള്ള പശു, പോത്ത്, എരുമ എന്നിവയ്ക്ക് ഡിമാന്റ് കൂടും. മാത്രമല്ല ഇവയെ വളര്‍ത്തുന്നവര്‍ക്കു നല്ല വിലയും കിട്ടും.
കേരളത്തില്‍ ഇപ്പോള്‍ തന്നെ മാടുകളെ തമിഴ്‌നാട്ടില്‍ നിന്നും മറ്റും കൊണ്ടുവന്നു വളര്‍ത്തുന്നവരുടെ എണ്ണം കൂടുകയാണ്. പശുക്കളുടെ ഇറച്ചി ഇപ്പോള്‍ തന്നെ ബീഫിനകത്ത് മിക്സ് ചെയ്ത് വില്‍ക്കുന്നുണ്ട്. കറവവറ്റിയതിന്റെയും മച്ചി പശുവിന്റെയും ഇറച്ചികള്‍ ഫീഫില്‍ കലര്‍ത്തിയാണ് വിട്ടു വരുന്നത്. പോത്തുകളുടെ പുറത്തു നിന്നുള്ള വരവ് കുറയുന്നതോടെ പശുവിറച്ചിക്കു ആവശ്യക്കാര്‍ കൂടും.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറി. കിലോയ്ക്ക് 40 -45 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വില അറവുമാടുകളുടെ പുറത്തു നിന്നുള്ള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
സംസ്ഥാനത്തെ കാലിച്ചന്തകളില്‍ കന്നുകാലികള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നത്. മലബാറിലെ പ്രധാന കന്നുകാലിച്ചന്തകളായ പെരുമ്പിലാവിലും കുഴല്‍മന്ദത്തും ക്ഷാമമാണ്. പ്രാദേശിക തലത്തില്‍ കന്നുകാലികളെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്.
സാധാരണക്കാരാണ് മാട്ടിറച്ചിയുടെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഇറച്ചി വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കോഴിയിറച്ചിയിലേക്കും മറ്റും തിരിഞ്ഞിരിക്കുകയാണെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു. കേരളം ബലം പിടിച്ചാലും മാട്ടിറച്ചി ഇനി പണമുള്ളവന് മാത്രം എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.