പലപ്പോഴും ഏകാന്തതയുടെ പ്രതീകമായാണ് തുരുത്തുകൾ അറിയപ്പെടുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തുരുത്തുകളിൽ ജീവിക്കുന്നവരേക്കുറിച്ചുള്ള കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ ആഹ്ലാദം പകരുന്ന തുരുത്തുകളുമുണ്ട്. പ്രത്യേകിച്ച് സഞ്ചാരപ്രിയർക്ക്. കടലോളം കായലുകളും നദികളുമുള്ള കേരളത്തിൽ നിരവധി തുരുത്തുകൾ ഉണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുമ്പോൾ നമുക്ക് പോകാൻ കുറേ തുരുത്തുകൾ ഉള്ളതായി നമുക്ക് കാണാം. വയനാട്ടിലെ കുറുവദ്വീപും, കണ്ണൂരിന് അടുത്തുള്ള ധർമ്മടം തുരുത്തും. കൊല്ലം ജില്ലയിലെ മൺറോ തുരുത്തും കേരളത്തിലെ പ്രശസ്തമായ തുരുത്തുകളാണ്. സുന്ദരമായ തീരങ്ങളും, നദികളും, മലനിരകളുമുള്ള കേരളത്തിലെ മറ്റൊരു വിനോദ സഞ്ചാര ആകർഷണമാണ് തുരുത്തുകൾ. കേരളത്തിലെ പ്രശസ്തമായ തുരുത്തുകൾ നമുക്ക് പരിചയപ്പെടാം.
കുറുവ ദ്വീപ്
വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍ വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്.
കവ്വായി ദ്വീപ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി നദിക്ക് കുറുകെ നിർമ്മിച്ച ചെറിയപാലമാണ് കവ്വായി നിവാസികളെ പയ്യന്നൂരുമായി ബന്ധിപ്പിക്കുന്നത്.
മൺറോ തുരുത്ത്
എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത് സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ് ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ ഇവിടെ നിന്നും ഏകദേശം 10 കി. മീ. മാത്രം അകലെയാണ്.
ധർമ്മടം തുരുത്ത്
കണ്ണൂർ ജില്ലയിലാണ് പ്രശസ്തമായ ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ തലശ്ശേരി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ധർമ്മടം എന്ന സ്ഥലത്ത് എത്താം. തലശ്ശേരിയിൽ നിന്ന് വളരെ അടുത്തായാണ് ധർമ്മടം സ്ഥിതി ചെയ്യുന്നത്. ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. ധർമ്മടം തുരുത്തിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം.