ബിസിസിഐ എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തന്നെയാണോ. അതോ വ്യക്തി വൈരഗ്യം തീർക്കാനുള്ള ഒരു സംഘടനയോ. ഇന്ത്യൻ ക്രിക്കറ്റിനെ ഇന്ന് ലോകത്തിനു മുന്നിൽ ഉയർത്തിക്കാണിക്കാവുന്ന രീതിയിൽ വളർത്തിക്കൊണ്ട് വന്ന പല താരങ്ങൾക്കും ഒരു വിരമിക്കൽ മത്സരം പോലും നൽകാതെ പടയിറക്കിവിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വ്യക്തിവൈരാഗ്യം തീർത്തവരുടെ കൂട്ടത്തിലെ അവസാന കണ്ണി മാത്രമാണ് അമ്പാട്ടി റാഡിയു.
ലോകകപ്പിന് ഇന്ത്യൻ ടീമിനെ പ്യഖ്യാപിക്കുന്നത് മുന്നോടിയായി ഉയർന്നുവന്ന ചോദ്യമായിരുന്നു നാലാം നമ്പറിൽ ആരെയിറക്കുമെന്നുള്ളത്. ടീ്ം സമ്മർദ്ദത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ നാലാം നമ്പറിൽ ഇറങ്ങുന്നയാളുടെ പ്രകടനം നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ സ്ഥാനത്ത് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെയ്ക്കുന്നതും പരിചയ സമ്പത്ത് ഉള്ളതുമായ ഒരു താരത്തെയാണ് ആവശ്യം.
ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ റായിഡുവിന്റെ പേരും ഉയർന്നുകേട്ടു. എന്നാൽ ടീം പ്രഖ്യാപനം വന്ന് കഴിഞ്ഞപ്പോൾ റായിഡുവിനെ ഉൾപ്പെടുത്തിയില്ലായെന്ന് മാത്രമല്ല കേട്ട് കേൾവിപോലുമില്ലാത്ത വിജയ് ശങ്കർ ടീമിൽ. റായിഡു മാത്രമല്ല ഇന്ത്യൻ ആരാധകരും ഈ തീരുമാനത്തിൽ അത്ര തൃപ്തരല്ലായിരുന്നു. കാരണം ഇന്ത്യകളിക്കാൻ പോകുന്നത് ലോകകപ്പാണ്. അതും വിദേശ മണ്ണിൽ.

തന്നെയൊഴുവാക്കിയുള്ള ഈ തീരുമാനത്തിനെതിരെ അന്ന് റായിഡു രംഗത്തെത്തിയിരുന്നു. ഇത് തന്നെയാകാം ഇന്ന് റായിഡുവിനെ വിരമിക്കലിലേക്ക് നയിച്ചതും. ഓപ്പണർ ശിഖർ ധവാനും ഓൾ റൗണ്ടർ എന്ന് പേരുള്ള വിജയ് ശങ്കറും പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന പുറത്തായി. എന്നിട്ടും സെലക്ടറന്മാർ റായിഡുവിനെ മാറ്റി നിർത്തി. പകരം പരിചയ സമ്പത്തില്ലാത്ത മായങ്ക് അഗർവാളിനെ ടീമിലേക്ക് ക്ഷണിച്ചു. ഇതോടെ ഇനിയൊരിക്കൽക്കൂടി ആ നീലകുപ്പായമണിയാമെന്ന റായിഡുവിന്റെ മോഹങ്ങൾക്ക് തിരശ്ശീല വീഴുകയായിരുന്നു.
ഇത് ആദ്യമായല്ല ഒരു വിരമിക്കൽ മത്സരം പോലും നൽകാതെ താരങ്ങളോട് ബിസിസിഐ പകവീട്ടുന്നത്. അതൊക്കെ വെച്ച് നോക്കിയാൽ റായിഡുവിന്റെ കാര്യമൊന്നും ഒന്നുമല്ല. 2011 ൽ ഇന്ത്യയ്ക്കായി ലോകകപ്പ് ഉയർത്തിയ ഒരു ടീമുണ്ടായിരുന്നു. ഒരു പക്ഷേ ഇന്ത്യയുടെ എക്കാലത്തെയും മികച്ചൊരു ടീം. ഈ ടീമിൽ ഉണ്ടായിരുന്നവരിൽ ചുരുക്കം ചിലർ മാത്രമാണ് ഇന്ന് ഇന്ത്യൻ ടീമിൽ ഉള്ളത്.
ചിലർ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകാതെ ടീമിന് പുറത്ത് പോയി. മറ്റ് ചിലർ ഒരു വിരമിക്കൽ മത്സരം പോലും കിട്ടാതെ കളി അവസാനിപ്പിച്ചു. ആ ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വീരേണ്ടർ സേവാംഗ്, ലോകകപ്പ് ഹീറോ ഗൗതം ഗംഭീർ, ടൂർമമെന്റിലെ താരം യുവരാജ്, സഹീർ ഖാൻ എന്നിവരെല്ലാം പടിയിറങ്ങിയതല്ലായിരുന്നു, പകരം ഇറക്കിവിടുക തന്നെയായിരുന്നു.

വീരേന്ദർ സേവാഗ്
ഇന്ത്യൻ സ്‌കോറിംഗിന്റെ വേഗത കൂട്ടിയിരുന്ന ഓപ്പണർ. അതിൽക്കവിഞ്ഞൊരു വിശേഷണം താരത്തെക്കുറിച്ച് പറയാനില്ല. തനിക്കെതിരെ പന്തെറിയുന്നത് ആരായാലും അത് അതിർത്തികടത്തുക എന്നത് തന്നെയായിരുന്നു സേവാഗിന്റെ ലക്ഷ്യവും. ഏറെക്കാലം ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും വിരമിക്കൽ ഒരു ട്വിറ്റർ സന്ദേശത്തിൽ ഒതുക്കേണ്ടി വന്നു സേവാഗിന്. തന്നെ ടീമിൽ നിന്ന് തഴഞ്ഞിട്ടും കൂടെ നിന്നവർക്ക് നന്ദിയറിയിച്ച് തന്നെയായിരുന്നു സേവാഗിന്റെ പടിയിറക്കം.
ഗൗതം ഗംഭീർ
2011 ലോകകപ്പ് കൈവിട്ട് പോകുന്ന സഹചര്യത്തിൽ കളത്തിലെത്തി ഇന്ത്യൻ പ്രതീക്ഷകളെ മുറുകെപ്പിടിച്ച ലോകകപ്പ് ഹീറോ. പക്ഷേ ഹീറോയുടെ പടിയിറക്കം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ മുറിവേൽപ്പിക്കുതായിരുന്നു. ഒരു വിരമിക്കൽ മത്സരം പോലും കിട്ടാതെ ഗംഭീരമല്ലാത്ത ഒടു വിടപറയൽ. ആഭ്യന്ത ക്രിക്കറ്റിൽ മികച്ച പ്രകടനം കഴ്ച വെച്ചിട്ടും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ഗംഭീറിന് ഏറെക്കാലം കളത്തിന് പുറത്തിരിക്കേണ്ടി വന്നു. ഒടുവിൽ ഒരു വിരമിക്കൽ മത്സരം പോലും ലഭിക്കാതെ ഗംഭീർ പടയിറങ്ങി. ഹൃദയഭേദകമായ വേദനയോടെയായിരിക്കും ഏറ്റവും കഠിനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന ആമുഖത്തോടെ ആദ്ദേഹം വിടവാങ്ങൾ പ്രഖ്യാപനം നടത്തി.
യുവരാജ് സിംഗ്
തനിക്കെല്ലാം തന്നത് ക്രിക്കറ്റാണ്, ജീവിതത്തിന്റെ ഒരു വലിയ ഭാഗവും ക്രിക്കറ്റ തന്നെയാണ് ഇങ്ങനെ പറഞ്ഞാണ് യുവി വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ലോകകപ്പിലെ താരമായിരുന്ന യുവരാജിനും കിട്ടിയില്ല ഒരു വിരമിക്കൽ മത്സരം. അർബുദത്തെ പോരാടി തോൽപ്പിച്ച് തിരികെയെത്തിയ യുവിക്ക് പഴയ പോരാട്ട വീര്യം ഉണ്ടായിരുന്നില്ലായെന്നതാണ് വാസ്തവം. പതിയെ അവസരങ്ങൾ നഷ്ടമായി, ഒടുവിൽ ടീമിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടു. ഒടുവിൽ യുവരാജാവിന് അർഹിച്ച അംഗീകാരം കിട്ടാതെ പാഡഴിക്കേണ്ടി വന്നു.
സഹീർ ഖാൻ
ഇവരെ വെച്ച് നോക്കുമ്പോൾ സഹീറിന്റെ അവസ്ഥതന്നെയാണ് കുറച്ചെങ്കിലും ഭേതമായിട്ടുള്ളത്. വിരമിക്കൽ മത്സരം ലഭിച്ചില്ലെങ്കിലും നിരന്തരമായ പരിക്കിനെത്തുടർന്ന് ഇനിയൊരു തിരിച്ച് വരവ് ഇല്ലെന്ന് മനസ്സിലാക്കിയായിരുന്നു സഹീറിന്റെ പിന്മാറ്റം. എന്നാൽ ഇടങ്കൈ പേസ് ബോളിംഗിന് ഇന്ത്യൻ നിരയിലൊരു മേൽ വിലാസം ഉണ്ടാക്കിയ സഹീറിനും അർഹിക്കുന്ന അംഗീകാരമായിരുന്നില്ല ലഭിച്ചത്.

ഇവർക്ക് മാത്രമല്ല ഒരു മത്സരം കിട്ടാതെ വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നിട്ടുള്ളത്. ഇപ്പോൾ അവസാന കണ്ണി റായിഡുവായിരിക്കുന്നുവെന്ന് മാത്രം. ഒരു പക്ഷേ ലോകകപ്പോടെ ധോണി ക്രീസ് വിടുമെന്ന വാർത്തകൾ പുറത്ത് വരുന്നതിന് കാരണവും ഇങ്ങനൊയൊരു അനുഭവം ആഗ്രഹിക്കാത്തത് കൊണ്ടാകാം. അതിനി എത്ര വമ്പന്മാരായാലും അവസരങ്ങൾ നഷ്ടമാകാൻ തുടങ്ങിയാൽ കണ്ണീരോടെ ആ നീലക്കുപ്പായം അഴിച്ചുവെയ്‌ക്കേണ്ടി വരും.
വിനീഷ് വി എസ്