മലയാളം ഇ മാഗസിൻ.കോം

മൊബൈൽ ഫോണിന്റെ ബാറ്ററി ചാർജ്ജ്‌ നിലനിർത്താൻ ചില എളുപ്പ വഴികൾ

ബാറ്ററി ചാര്‍ജര്‍ എന്ന ഉപകരണമാണ് നിങ്ങളുടെ ഫോണിന്റെ മൃതസഞ്ജീവനി. പക്ഷെ എല്ലായ്‌പ്പോഴും ചാര്‍ജര്‍ കൊണ്ടു നടക്കാനും ചാര്‍ജ് ചെയ്യാനും സാധ്യമല്ലല്ലോ. യാത്രകള്‍ക്കിടയില്‍ ഇത് പണിയാകാറുമുണ്ടല്ലോ. ഫോണ്‍ ഓഫായാല്‍ പല കാര്യങ്ങളും അവതാളത്തിലാകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രയില്‍ ഉടനീളം നിങ്ങളുടെ ഫോണിനെ അകാല നിദ്രയില്‍ നിന്നും രക്ഷിയ്ക്കാം. ചാര്‍ജിനെ പരമാവധി നിലനിര്‍ത്തി ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുകയും ചെയ്യാം. ഇതാ ചില നല്ല വഴികള്‍.

റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ബാറ്ററിയെ ഏകദേശം പൂര്‍ണമായും ശൂന്യമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബാറ്ററി സെല്ലുകളുടെ ആയുസ്സ് പരമാവധി വര്‍ദ്ധിപ്പിയ്ക്കാനാകും. മാത്രമല്ല ബാറ്ററിയുടെ ചാര്‍ജ് വാഹക ശേഷിയെ കൂടുതല്‍ പോഷിപ്പിയ്ക്കാനും ഇങ്ങനെ സാധ്യമാണ്.

എപ്പോഴും നിങ്ങളുടെ ബാറ്ററി വൃത്തിയായി സൂക്ഷിയ്ക്കുക. സ്ഥിരമായി ഇയർ ബഡ്സ് പോലെയുള്ള വസ്തുക്കള്‍ ആല്‍ക്കഹോളില്‍ മുക്കി ബാറ്ററിയുടെ കണക്റ്റ് ചെയ്യുന്ന ഭാഗം വൃത്തിയാക്കുക. കണക്ഷന്‍ ശരിയായില്ലെങ്കില്‍ അത് ബാറ്ററിയുടെ ശേഷിയെ പ്രതികൂലമായി ബാധിയ്ക്കും. ഉപയോഗമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, 3ജി റിസീവര്‍ തുടങ്ങിയവ ഓഫ് ചെയ്യുക. കാരണം ഈ സൗകര്യങ്ങള്‍ ധാരാളം ബാറ്ററി ഉപയോഗിയ്ക്കുന്നവയാണ്. ഓഫ് ചെയ്താല്‍ അത്രയും ചാര്‍ജ് ലാഭിയ്ക്കാം.

ചാര്‍ജറില്‍ നിന്നും അകലെ ആയിരിയ്ക്കുന്നിടത്തോളം, കഴിവതും ബാറ്ററി തിന്നു തീര്‍ക്കുന്ന മീഡിയാ ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ അത്യാവശ്യ ഉപയോഗങ്ങളായ സംസാരവും, സന്ദേശങ്ങളും മുടക്കമില്ലാതെ തുടരാം.കീപാഡ് ടോണ്‍ പോലെയുള്ള അനാവശ്യ ശബ്ദങ്ങള്‍ ഓഫ് ചെയ്യുക. റിംഗ് ടോണ്‍, മെസ്സേജ് ടോണ്‍ തുടങ്ങിയവ മാത്രം ഉപയോഗിയ്ക്കുക.

ഫോണിന്റെബ്രൈറ്റ്നെസ്, ബാക്ക് ലൈറ്റ് തുടങ്ങിയവയുടെ തീവ്രത കഴിവതും കുറയ്ക്കുക. കൂടാതെ സ്ക്രീന്‍ സേവറുകളും മാറ്റുക. ബാറ്ററി ആയുസ്സ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും നല്ല വഴികളാണ് ഇവ. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഫോണിന്റെ പ്രവര്‍ത്തനത്തിന് യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാകില്ല എന്നു മാത്രമല്ല ബാറ്ററിയെ സംരക്ഷിയ്ക്കുകയും ചെയ്യാം.

കോളിന് പകരം മെസ്സേജ് അയയ്ക്കാം. എന്തെങ്കിലും ചെറിയ സന്ദേശം നല്‍കാനാണെങ്കില്‍ കഴിവതും ടെക്സ്റ്റ് മെസ്സേജ് അയയ്ക്കുക. ഇത് സമയവും, ബാറ്ററിയും, കാശും ലാഭിയ്ക്കാന്‍ സഹായിക്കും. റെയ്ഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ കഴിവതും ഫോൺ ഓഫ് ചെയ്ത് വയ്ക്കുക.

Avatar

Staff Reporter