മലയാളം ഇ മാഗസിൻ.കോം

ഇരയെ എറിഞ്ഞുകൊണ്ടുള്ള പുതിയ കെണിയുമായി ഫേസ്ബുക്കിൽ അവർ സജീവമാകുന്നു

പുതുലോകം കണ്ണുതുറക്കുന്നതേ ഫോൺ ചാർജ്ജ്‌ ചെയ്തുകൊണ്ടാണ്‌ എന്ന്‌ പുതിയ ഒരു ചൊല്ലുണ്ട്‌. സോഷ്യൽ മീഡിയ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്‌ ഇന്നത്തെ ലോകത്തെ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ? അതുപോലെതന്നെ ഫെയ്സ്ബുക്കിനെക്കുറിച്ചും പ്രത്യേകിച്ച്‌ പറഞ്ഞുതരേണ്ട ആവശ്യമില്ല. സഹായം ആവശ്യപ്പെടുന്നതിനായാലും അകലെയുള്ള സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കുന്നതിനും എന്തിനേറെ പറയുന്നു അഭിപ്രായ സ്വാതന്ത്ര്യത്തിനുപോലും ഫെയ്സ്ബുക്ക്‌ നല്ലൊരിടമാണ്‌.

\"\"

പക്ഷെ എല്ലാത്തിനും രണ്ട്‌ വശങ്ങളുള്ളതുപോലെ ഫെയ്സ്ബുക്കിനും അതിന്റേതായ ചീത്ത വശമുണ്ട്‌. ചതിക്കെണിയിൽപ്പെടുത്തിയെടുക്കുന്ന ചിത്രങ്ങളുൾപ്പെടെ ഏറ്റവും വേഗത്തിൽ സമൂഹമധ്യത്തിൽ തുറന്നുകാട്ടുന്നതും, ഓൺലൈൻ പെൺവാണിഭങ്ങളുമെല്ലാം ഫെയ്സ്ബുക്കിൽ സജീവമാണെന്നുള്ള കാര്യം നമുക്കറിവുള്ളതാണ്‌. അതിനൊക്കെയുമപ്പുറം രാജ്യത്തിന്‌ ഭീഷണിയായി തീരുന്ന ചില കാര്യങ്ങളിലേയ്ക്കാണ്‌ ഫെയ്സ്ബുക്ക്‌ എന്ന ഭീമമായ സമൂഹ മാധ്യമം നമ്മെക്കൊണ്ട്‌ എത്തിക്കുന്നത്‌.

സുന്ദരികളായ പെൺകുട്ടികളുടെ പടം എന്ന ഇരയെ എറിഞ്ഞുകൊണ്ടുള്ള പുതിയ കെണികളാണ്‌ ആദ്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കായി ഫെയ്സ്ബുക്കിനെ ദുരുപയോഗം ചെയ്യാൻ കാത്തിരിക്കുന്ന ചില ചിലന്തികൾ ഒരുക്കിയിരിക്കുന്നത്‌.

സോഷ്യൽ മീഡിയ സേവനങ്ങളിൽ പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട്‌ റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന്‌ സൈനികർക്ക്‌ ഐടിബിപിയുടെ നിർദ്ദേശം. സാധാരണക്കാർക്കുപോലും ഭീഷണിയായേക്കാവുന്ന ഇത്തരം ഫ്രണ്ട്‌ റിക്വസ്റ്റുകൾ സൈനികർക്ക്‌ നേരെയും പ്രയോഗിക്കുന്നുണ്ട്‌ ഇത്തരക്കാർ.

ഇങ്ങനെയുള്ള റിക്വസ്റ്റുകളുടെ ലക്ഷ്യം രാജ്യ സുരക്ഷയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കലാകം എന്ന കണ്ടെത്തലാണ്‌ ഈ നിർദ്ദേശത്തിനു പിന്നിൽ. ഇൻഡോതിബറ്റൻ ബോർഡർ പൊലീസ്‌ ഡയറക്ടർ ജനറൽ കൃഷ്ണ ചൗധരിയാണ്‌ സൈനികർക്കുള്ള പുതിയ നിർദേശങ്ങളുടെ പട്ടിക പുറത്തുവിട്ടത്‌.

ഐഎസ്‌, പാക്കിസ്ഥാൻ, ചൈനീസ്‌ ചാരന്മാർ സോഷ്യൽ മീഡിയകളിൽ സജീവമാണ്‌. ഇവർ പെൺകുട്ടികളുടെ വ്യാജ വിവരങ്ങൾ ഉപയോഗിച്ച്‌ ഫെയ്സ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ സേവനങ്ങളിൽ ഒറിജിനൽ ആണെന്നു തോന്നുന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സൈനികരെ കബളിപ്പിച്ച്‌ രാജ്യ സുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധ്യതയുണ്ട്‌. ഇത്തരം സംഭവം നേരത്തയുണ്ടായിട്ടുണ്ട്‌.

തന്ത്ര പ്രധാനമേഖലകളിൽ ജോലി ചെയ്യുന്നവർ ഔദ്യോഗിക നമ്പർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിലേക്ക്‌ ആപ്ലിക്കേഷനുകൾ ഡൗൺലോഡ്‌ ചെയ്യരുതെന്നും, സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ സന്ദർശിക്കരുതെന്നും ജനറൽ കൃഷ്ണ ചൗധരിയുടെ നിർദേശത്തിൽ പറയുന്നു. സ്മാർട്ട്ഫോൺ ചാറ്റ്‌ വിവരങ്ങളിലൂടെ ലൊക്കേഷൻ മനസ്സിലാക്കാനാകും. ഇത്തരം ചതികളെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്‌.

മുതിർന്നവർ മാത്രമല്ല, കൊച്ചുകുട്ടികൾ പോലും സമൂഹമാധ്യമങ്ങളിൽ എന്നോ കഴിവ്‌ തെളിയിച്ചു കഴിഞ്ഞു. “കൊച്ചുകുഞ്ഞാണു നീ നിനക്ക്‌ വിശ്വം മുഴുവൻ വെളുത്തുകാണാം’ എന്ന കവി വാക്യം പോലെ, നിങ്ങൾ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്‌ പോലുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന്‌ കൊച്ചുകുട്ടികളെ കഴിവതും ഒഴിവാക്കി നിർത്തുക. കൂടാതെ അൽപ്പം ജാഗ്രതയോടെ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുക.

Avatar

Staff Reporter