മലയാളം ഇ മാഗസിൻ.കോം

ആയില്യം നാളുകാർ നാഗദൈവത്തെ പൂജിക്കണോ? ആയില്യം നാളുകാരുടെ ഈ പ്രത്യേകത നിങ്ങൾക്കറിയാമോ?

ഹിന്ദു സംസ്‌കാരത്തിന്റെയും പൗരാണികസങ്കല്‍പ്പങ്ങളുടെയും ശക്തമായ അടയാളങ്ങളാണ് നാഗങ്ങള്‍. അതിപുരാതന കാലങ്ങള്‍ തൊട്ട് തന്നെ നാഗങ്ങളെ ഭാരതീയര്‍ ആരാധിച്ചിരുന്നു. ഒരുകാലത്ത് ഗ്രാമങ്ങളെല്ലാം പുള്ളുവന്‍ പാട്ടുകളും സര്‍പ്പകാവുകളും നിറഞ്ഞതായിരുന്നു. നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ വേണ്ടി നൂറും പാലും നല്‍കി വരുന്ന ആചാരങ്ങള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. ഹൈന്ദവ സങ്കല്‍പത്തില്‍ നാഗങ്ങള്‍ അത്ഭുതസിദ്ധികളുള്ളവയാണ്.

\"\"

ചില സര്‍പ്പങ്ങള്‍ പലരുടെയും രക്ഷകരാണ്. ചിലര്‍ക്ക് സര്‍പ്പങ്ങള്‍ സംഹാരത്തിന്റെ രുദ്രമൂര്‍ത്തികളുമാണ്. മഹാദേവന്റെ കഴുത്തില്‍ മാല പോലെ ചുറ്റിക്കിടക്കുന്ന സര്‍പ്പവും മഹാവിഷ്ണുവിന്റെ അനന്തനും ഹിന്ദു സംസ്‌കാരത്തില്‍ സര്‍പ്പങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് കാണിച്ചു തരുന്നു.

ഹൈന്ദവ പുരാണങ്ങളില്‍ നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ വിഭജിച്ചുകാണുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാളവാസികള്‍ കുഴിനാഗങ്ങള്‍. പലര്‍ക്കും അഷ്ട നാഗങ്ങള്‍ എന്താണെന്ന് അറിയില്ല. അനന്തന്‍, വാസുകി, തക്ഷകന്‍, കര്‍കോടകന്‍, ശംഖന്‍, ഗുളികന്‍, പദ്മന്‍,മഹാ പദ്മന്‍ എന്നിവയാണ് അഷ്ട നാഗങ്ങളായി അറിയപ്പെടുന്നത്.

\"\"

ജോതിഷത്തിലെ ഒന്‍പതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജോതിഷത്തില്‍ ആശ്ലേഷ എന്നറിയപ്പെടുന്നു. ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അര്‍ത്ഥം ആലിംഗനം എന്നാണ്.ആയില്യം നാളുകാര്‍ നാഗദൈവങ്ങളെയാണ് ആരാധിക്കേണ്ടത്. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും വ്രതാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും നല്ലതാണ്.

ആയില്യം നാളുകളിലുള്ളവര്‍ വളരെപെട്ടെന്നു പ്രസാദിക്കുകയും പെട്ടെന്ന് തന്നെ വിഷാദം ബാധിക്കുന്നവരുമായിരിക്കും. അതുപോലെ ഇവര്‍ കര്‍ക്കശമായി പറയുകയും ദയയില്ലാതെ പെരുമാറുകയും ചെയ്യും. വിട്ടുവീഴ്ചമനോഭാവം കുറവായിരിക്കും. ആജ്ഞാശക്തിയും നേതൃത്വം വഹിക്കാനുള്ള കഴിവും ഇവര്‍ക്ക് ജന്മസിദ്ധമായിട്ടുണ്ട്. അധികാരസ്ഥാനങ്ങളില്‍ എത്തിചേരാന്‍ ആഗ്രഹിക്കുകയും അതിനായി അത്യാധ്വാനം ചെയ്യുകയും ചെയ്യും. എല്ലാവരോടും മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെങ്കിലും സ്വന്തം നേട്ടങ്ങളായിരിക്കും മനസ്സിലെ ലക്ഷ്യം.

നൂറുകണക്കിന് കഥകള്‍ സര്‍പ്പങ്ങളെക്കുറിച്ച് ഭാരതത്തില്‍ തലമുറകളായി പകര്‍ന്ന് വരുന്നുണ്ട്. ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ് സര്‍പ്പങ്ങള്‍ക്ക് ഹൈന്ദവ സംസ്‌കാരത്തില്‍ ഇത്രയധികം പ്രാധാന്യം നേടിക്കൊടുക്കാന്‍ കാരണമായത്.

\"\"

പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍; ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിന്‍പത്തി കുട.

താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.

Shehina Hidayath