മലയാളം ഇ മാഗസിൻ.കോം

മാർച്ച്‌ 9ന്‌ ആറ്റുകാൽ പൊങ്കാല, ഇത്തവണ പൊങ്കാലയിടുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഇവയാണ്‌

ആറ്റുകാൽ പൊങ്കാല ഒരു ആത്മസമർപ്പണമാണ്‌. പൊങ്കാല അർപ്പിച്ച്‌ പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച്‌ തരും എന്നുള്ള ദൃഡമായ വിശ്വാസവും അനുഭവങ്ങളുമാണ്‌ പൊങ്കാലയിലേക്ക്‌ സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്‌. പുരോഹിതന്മാരുടെയോ പൂജാരിമാരുടെയോ ഒന്നും മധ്യസ്ഥതയില്ലാതെ ഭക്തർ ദേവിക്ക്‌ സമർപ്പിക്കുന്ന യാഗം തന്നെയാണ്‌ പൊങ്കാല.

ഇത്തവണ ആറ്റുകാൽ പൊങ്കാല 2020 മാർച്ച്‌ 09 തിങ്കളാഴ്ചയാണ്‌. മാർച്ച്‌ 1 ന്‌ രാത്രി 09.30 ന്‌ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവം ആരംഭിച്ചു. പൊങ്കാലദിവസമായ മാർച്ച്‌ 09 നു രാവിലെ 10.20 ന്‌ മേൽശാന്തി പണ്ടാരയടുപ്പിലേക്ക്‌ അഗ്നി പകരും. ഉച്ചയ്ക്ക്‌ 2.10 നാണ്‌ പൊങ്കാല നിവേദ്യം.

പൊങ്കാല ഇടുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊങ്കാല ഉത്സവത്തിന്‌ കാപ്പുകെട്ടി കുടി ഇരുത്തുന്നത്‌ മുതൽക്ക്‌ വ്രതം നോൽക്കണം. കുറഞ്ഞത്‌ മൂന്നു ദിവസമെങ്കിലും വ്രതം നിർബന്ധമാണ്‌. മാസമുറ കഴിഞ്ഞ്‌ ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ. പുല വാലായ്മകൾ ഉള്ളവർ പൊങ്കാല ഇടരുത്‌. (പുല 16 ദിവസവും വാലായ്മ 11 ദിവസവും). മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. ഈ ദിവസങ്ങളിൽ സസ്യാഹാരം മാത്രം കഴിക്കുക. പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ

പൊങ്കാലയ്ക്ക്‌ മുൻപ്‌ കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ ദേവിയോട്‌ അനുവാദം ചോദിക്കുന്നതിനായിട്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. അതിനു സാധിക്കാത്തവർ മനസ്സിൽ ദേവിയെ പ്രാർധിച്ച്‌ അനുജ്ഞ വാങ്ങുക. കിഴക്കോട്ട്‌ തിരിഞ്ഞു നിന്ന്‌ പൊങ്കാല ഇടുന്നതാണ്‌ ഉത്തമം. പൊങ്കാല അടുപ്പിന്‌ സമീപം ഗണപതിയ്ക്ക്‌ അവിൽ, മലർ മുതലായ പൂജാ ദ്രവ്യങ്ങൾ വയ്ക്കുക

പുതിയ മൺകലത്തിലാണ്‌ പൊങ്കാല ഇടേണ്ടത്‌. പ്രപഞ്ച പ്രതീകമായ മൺകലം സ്വന്തം ശരീരമായി സങ്കൽപ്പിച്ച്‌, അതിൽ അരിയാകുന്ന മനസ്സ്‌ തിളച്ച്‌, അഹംബോധം നശിച്ച്‌, ശർക്കരയാകുന്ന പരമാനന്ദത്തിൽ ലയിച്ച്‌ ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്‌ യഥാർത്ഥ സങ്കൽപം. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. ആയതിനു വേണ്ട അറിയിപ്പുകൾ ഉച്ചഭാഷിണി മുഖേനയും മറ്റും ലഭിക്കുന്നതാണ്‌. ഈ വർഷം പൊങ്കാലദിവസം രാവിലെ രാവിലെ 10.20 ന്‌ മേൽശാന്തി പണ്ടാരയടുപ്പിലേക്ക്‌ അഗ്നി പകരും.

പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. കിഴക്കോട്ടു തിളച്ചു തൂവുന്നതാണ്‌ ഏറ്റവും ഉത്തമം. കിഴക്കോട്ടു തൂകിയാൽ ആഗ്രഹിച്ചകാര്യം ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം താമസം വരും. പടിഞ്ഞാറുഭാഗത്തേക്കാണെങ്കിൽ ആഗ്രഹ സാഫല്യത്തിന്‌ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. തെക്കോട്ടായാൽ ദുരിതവും ക്ലേശങ്ങളും മാറിയിട്ടില്ലാ എന്നാണ്‌ അർഥം ദുരിത ശാന്തിക്കായി ദേവീഭജനം, അവനവന്റെ ശക്തിക്കൊത്ത വഴിപാടുകൾ എന്നിവ ഭക്തിപൂർവ്വം അനുഷ്ഠിക്കുക.

പൊങ്കാല ഏതു ദിക്കിലേക്ക്‌ തൂകിയാലും അത്‌ ദേവിക്കുള്ള സമർപ്പണമാണെന്നു മനസ്സിലാക്കുക. ദേവിയിൽ വിശ്വാസം അർപ്പിക്കുക. എല്ലാം ദേവി നടത്തിത്തരും. ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ മാത്രമേ പൊങ്കാല സമാപിക്കുന്നുള്ളൂ. പൊങ്കാല ഇട്ടതിനു ശേഷം അന്നേ ദിവസം മറ്റു ക്ഷേത്ര ദർശനം ഉചിതമല്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter