മലയാളം ഇ മാഗസിൻ.കോം

വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്: മടങ്ങി വരവിൽ ശക്തനായി അറ്റ്ലസ്‌ രാമചന്ദ്രൻ

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നൊരു വാചകം കേൾക്കുമ്പോൾ ലോകമെമ്പാടും ഉള്ള മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന ഒരു മുഖം ഉണ്ട്, അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയുടെ മുഖം.

\"\"

ആയിരം കോടി രൂപയുടെ വായ്പ്പാ ബാധ്യതയിൽ പെടുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതോടെ കോടീശ്വരനായ രാമചന്ദ്രൻ നിമിഷങ്ങൾ കൊണ്ട് യു.എ.ഇ ജയിലിൽ ആയി. മൂന്നു വർഷത്തോളം രാമചന്ദ്രൻ അനുഭവിച്ച ജയിൽ വാസം മലയാളികൾക്ക് തീരാവേദന ആയി മാറിയിരുന്നു.

എങ്കിലും വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി മൂന്ന് വര്‍ഷത്തോളം ദുബായിലെ ജയിലില്‍ കഴിയേണ്ടി വന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും മുന്നേറുവാൻ ഉള്ള ഒരുക്കത്തിൽ ആണ്. വന്‍ ജയില്‍ മോചിതനായ രാമചന്ദ്രന്‍ ഇപ്പോഴും ദുബായില്‍ തന്നെയാണ് ഉള്ളത്.

\"\"

നിലവിൽ ചില ബാങ്കുകളുമായി വായ്പ ഇടപാടുകള്‍ തീര്‍ക്കാന്‍ ഇനിയും ബാക്കിയുണ്ട് എങ്കിലും വ്യാപാര രംഗത്തേക്ക് തിരിച്ചുവരാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അറ്റ്‌ലസ് രാമചന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ദുബായിലെ ഷോറൂമുകള്‍ അദ്ദേഹത്തിന്റെ അറസ്റ്റിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു.

പ്രായം കൊണ്ട് തളർന്നു പോകില്ല എന്നു ബിസിനസ്സ് രംഗത്തെ വിജയങ്ങൾ കൊണ്ട് തെളിയിച്ചിരുന്ന രാമചന്ദ്രൻ ഇപ്പോൾ സംഭവിച്ച വീഴ്ചകളിൽ ഒന്നും തളരില്ല എന്നു തെളിയിക്കാൻ ഒരുങ്ങുകയാണ്. വീണ്ടും ജ്വല്ലറി ബിസിനസിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് രാമചന്ദ്രന്‍. ദുബായില്‍ പുതിയ ഷോറൂം തുറക്കുക എന്നതാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്.

\"\"

ഒരുപാട് പേരുടെ പിന്തുണയോടെ മൂന്നു മാസത്തിനുള്ളിൽ അത് സാധ്യമാക്കുവാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്. അറ്റ്‌ലസ് ജൂവലറികളുടെ പരസ്യവാചകം പോലെ തന്നെ ഉപഭോക്താക്കളില്‍ ഏറെ വിശ്വാസ്യതയും അറ്റ്‌ലസ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അത് തന്നെയാണ് ഇപ്പോഴും അറ്റ്‌ലസ് രാമചന്ദ്രന്റെ മുതല്‍ക്കൂട്ട് ആയുള്ളത്.

അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും സഹായിക്കാനും അധികം ആളുകളൊന്നും രംഗത്തുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോള്‍ അറ്റ്‌ലസ് ജൂവലറി വീണ്ടും ദുബായില്‍ ഷോറൂം തുറക്കുമ്പോള്‍ നിക്ഷേപകരായി എത്താന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.

\"\"

രാമചന്ദ്രന്റെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ പല സ്ഥാപനങ്ങളും നല്ല രീതിയില്‍ തന്നെ ആണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കൂടാതെ അറ്റ്‌ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയില്‍ ഉള്ള അറ്റ്‌ലസ് ഇന്ത്യ ലിമിറ്റഡ് മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്. ഇതിൽ അഞ്ച് കോടിയോളം ഓഹരികള്‍ ഇപ്പോഴും രാമചന്ദ്രന്റെ കൈവശം തന്നെ ആണ്. ഈ കമ്പനി വഴി തന്നെ ആയിരിക്കും ദുബായില്‍ പുതിയ ഷോറൂം തുറക്കുന്നത്.

കേരളത്തില്‍ പലയിടത്തും രാമചന്ദ്രന്റെ അറ്റ്‌ലസ് ജ്വല്ലറികള്‍ ഉണ്ട്. എന്നാല്‍ അതില്‍ മിക്കവയും ഫ്രാഞ്ചൈസികളായി നല്‍കിയവ ആണ്. അതുകൊണ്ട് തന്നെ സമാനമായ രീതിയില്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ നല്‍കുന്ന കാര്യവും രാമചന്ദ്രന്റെ പരിഗണനയില്‍ ഉണ്ട്.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor