പുതുവർഷം പുതിയ പ്രതീക്ഷകളാണ് എല്ലാവർക്കും. 2023ൽ ശനി, വ്യാഴം, രാഹു, കേതു തുടങ്ങിയ പ്രധാന ഗ്രഹങ്ങൾക്കെല്ലാം രാശിമാറ്റം സംഭവിക്കുന്നുണ്ട്. ജനുവരിയിൽ ശനി കുംഭത്തിലേക്കും ഏപ്രിലിൽ വ്യാഴം മേടത്തിലേക്കും ഒക്ടോബറിൽ രാഹു മീനത്തിലേക്കും കേതു കന്നിയിലേക്കുമാണ് രാശി മാറുന്നത്. മാർച്ച് പകുതി വരെ ഇടവരാശിയിൽ വക്രഗതിയായി തുടരുന്ന ചൊവ്വ പിന്നീട് നേർഗതിയിൽ ഓരോ രാശികളിലായി നീങ്ങി വർഷാന്ത്യത്തിൽ ധനുവിൽ പ്രവേശിക്കും. പ്രധാനപ്പെട്ട ഈ ഗ്രഹങ്ങളുടെ രാശി സഞ്ചാരത്തെ മുൻനിർത്തി പന്ത്രണ്ട് രാശികളിൽ ജനിച്ചവരുടെ വരുന്ന വർഷത്തെ അനുഭവ ഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ALSO READ: ജ്യോതിഷവശാൽ 2023 നിങ്ങൾക്കെങ്ങനെ? മേടം, ഇടവം, മിഥുനം കൂറുകാരുടെ സമ്പൂർണ്ണ പുതുവർഷ ഫലം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിജാതർക്ക് കണ്ടക ശനി മാറുന്ന സമയമാണ്. വീട്ടിലെ പ്രധാന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങും. മനശ്ശാന്തി മടങ്ങിവരും. ഏപ്രിൽ മുതൽ കൂടുതൽ മെച്ചപ്പെട്ട കാലമായിരിക്കും. ഏപ്രിലിൽ വ്യാഴം ഏഴിലെത്തുന്നതോടെ മറഞ്ഞിരുന്ന ഭാഗ്യം തെളിഞ്ഞു തുടങ്ങും.
പ്രണയം സഫലമാകും. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. ദാമ്പത്യസൗഖ്യം വന്നെത്തും. വരുമാനം ഉയരും. വിദേശ പഠനം, വിദേശ തൊഴിൽ എന്നിവയ്ക്ക് സാധ്യത കൂടതലായിരിക്കും. വ്യാപാരം അഭിവൃദ്ധി പ്രാപിക്കും. ജന്മരാശിയിൽ കേതുവും ഏഴിൽ രാഹുവും അഷ്ടമത്തിൽ കുജനും ഉള്ളതിനാൽ അവിചാരിതമായ തടസ്സങ്ങളും ചെറിയ പരാജയങ്ങളും അപകടങ്ങളും സാധ്യതകളാണ് എന്നതും ഓർമ്മയിൽ ഉണ്ടാവണം. കൊടുക്കൽ വാങ്ങലുകളിൽ അമളി പിണയാതിരിക്കാൻ നോക്കണം. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്. സന്താനങ്ങളുടെ മേൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിജാതർക്ക് ‘കണ്ടക ശനിക്കാലം ‘ തുടങ്ങുകയാണ്. ഇക്കാലത്ത് വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ഗൃഹനിർമ്മാണത്തിന് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്ന് വരാം. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കരുതിയത്ര പിന്തുണ കിട്ടിയേക്കില്ല. ദേഹസുഖം കുറയുന്നതായും ക്ഷീണം ഉള്ളതായും തോന്നാം. വർഷാരംഭത്തിൽ വ്യാഴം അനുകൂല ഭാവത്തിലാകയാൽ മുൻ വർഷത്തെപ്പോലെ കലാരംഗം, തൊഴിൽ എന്നിവയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഏപ്രിലിൽ വ്യാഴമാറ്റം ഉണ്ടാകുന്നതിനാൽ വലിയ തോതിൽ പണം മുടക്കി വ്യാപാരം ചെയ്യുന്നത് ആശാസ്യമല്ല. എന്നാൽ വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാവുന്നത്. പഠനത്തിൽ പുരോഗതിയുണ്ടാവും. പ്രൊഫഷണൽ രംഗം നവീകരിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നേറാനുമുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്തും. കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്. മാനസിക പിരിമുറക്കം കുറക്കാൻ മനോനിയന്ത്രണ പരിശീലനങ്ങൾ നടത്തുന്നത് അഭികാമ്യമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിയിൽ ജനിച്ചവർക്ക് ഏഴര ശനി തീരുന്ന കാലമാണിത്. ശനി മൂന്നിൽ വരികയാൽ ആത്മവിശ്വാസം വർദ്ധിക്കും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ പോലും സാധിക്കും. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കും. ധനപരമായി സുസ്ഥിതിയുണ്ടാകും. തൊഴിലിൽ വലിയ മുന്നേറ്റം വരും. വ്യാഴവും അനുകൂല ഭാവത്തിൽ വരികയാൽ ഏപ്രിൽ മുതൽ സന്താനശ്രേയസ്സ്, സമൂഹത്തിന്റെ അംഗീകാരം, കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ എന്നിവ വന്നുചേരും. വർഷ മധ്യത്തിൽ ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങളെക്കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
കുടുംബാംഗങ്ങൾക്കിടയിൽ ഛിദ്രവാസന തല പൊക്കാം. ഭൂമി സംബന്ധിച്ച ചില വ്യവഹാരങ്ങൾ ഉണ്ടായേക്കാം. എന്നാലും പല നിലയ്ക്കും 2023 മെച്ചപ്പെട്ട വർഷം തന്നെയാവും, ധനുക്കൂറുകാർക്ക്. വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന പക്ഷം കൂടുതൽ നേട്ടങ്ങൾ സ്ഥ്വന്തമാക്കാനാവും.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ് മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും | 15 ഇനം മാവുകൾ, 10 ഇനം പ്ലാവുകൾ, 2000 വാഴകൾ പിന്നെയും ഉണ്ട് കണ്ടാലും തീരാത്ത കൃഷി കാഴ്ചകൾ | Success story of Integrated Farm in Sasthamcotta