മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ പുതുവർഷഫലം: 1196 മലയാള വർഷം നിങ്ങൾക്കെങ്ങനെ എന്നറിയാം (2020 ആഗസ്റ്റ്‌ 17 മുതൽ 2021 ആഗസ്റ്റ്‌ 16 വരെ)

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്‌ തയാറാക്കിയ 1196 ആം ആണ്ട്‌ (2020 ആഗസ്റ്റ്‌ 17 മുതൽ 2021 ആഗസ്റ്റ്‌ 16 വരെ) സമ്പൂർണ്ണ വർഷഫലം. ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും വിളിക്കേണ്ട നമ്പർ: +91 8848873088

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹ സാഫല്യം, സാമ്പത്തിക ഗുണം, കുടുംബ സൗഖ്യം, ഐശ്വര്യം, ദാമ്പത്യസുഖം, കർമ്മ രംഗത്ത് സ്വസ്ഥതക്കുറവ്, വിവാഹയോഗം, രോഗാരിഷ്ടത, കാര്യനാശം, ആത്മീയകാര്യങ്ങളിൽ താത്പര്യം, ദാനധർമ്മങ്ങൾ, സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷം, കഠിനാദ്ധ്വാനത്തിലൂടെ ഉന്നത സ്ഥാനമാനങ്ങൾ തുടങ്ങിയവയുണ്ടാകും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. അലച്ചിൽ ക്ലേശകരമാകും. കലഹങ്ങൾ ഒഴിയില്ല. ബഹുമതികൾക്കും അംഗീകാരങ്ങൾക്കും സാദ്ധ്യത കുറവാണ്. ഭൂമി വിൽക്കാൻ കഴിയും. പങ്കാളിത്ത സംരംഭങ്ങളിൽ നിന്നും ലാഭമുണ്ടാകും. കടം വാങ്ങരുത്. ബന്ധുക്കളുടെ സഹായ സഹകരണം പ്രതീക്ഷിക്കാം. സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം, ഉദ്യോഗക്കയറ്റം അല്ലെങ്കിൽ പുതിയ ജോലി എന്നിവയ്ക്ക് യോഗം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സ്വത്ത് സമ്പാദിക്കും. സൗഭാഗ്യവും സുഖസൗകര്യങ്ങളും അനുഭവിക്കും. ബന്ധുക്കൾ ഉപദ്രവിക്കും. ധനനഷ്ടത്തിനും ഇടവരും. യാത്രാ ദുരിതം ബുദ്ധിമുട്ടിക്കും. വാഹന അപകടം ഉൾപ്പെടെയുള്ള ആപത്തുകൾക്ക് ഇടയുള്ളതിനാൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. കുടുംബാംഗങ്ങളുടെ ആരോഗ്യ നില അത്ര മെച്ചമല്ല. വിദേശ ബന്ധങ്ങൾ അത്ര ഗുണം ചെയ്യില്ല. ബന്ധങ്ങളിൽ അകൽച്ച. അപവാദങ്ങൾ വിഷമിപ്പിക്കും. സാഹസികമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് നന്നല്ല. ചെലവ് വർദ്ധിക്കും. മത്സര പരീക്ഷകളിൽ പരാജയത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ചിരകാലമായി മനസിൽ കൊണ്ടു നടക്കുന്ന ചില കാര്യങ്ങൾ സാധിക്കും. സ്ത്രീകൾക്ക് ജോലി, മംഗല്യഭാഗ്യം, കുടുംബസൗഖ്യം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
വർഷത്തിന്റെ ആദ്യ പകുതി നല്ലതാണ്. ഈ സമയത്ത് കർമ്മപരമായി അഭിവൃദ്ധിപ്പെടും. പിന്നീട് വ്യാപാരത്തിൽ മന്ദത അനുഭവപ്പെട്ടും. അപ്പോഴും തൊഴിൽ രംഗത്ത് തിളങ്ങും. ഔദ്യോഗിക തലത്തിൽ പ്രശ്നങ്ങളുണ്ടാകും. വാക് സാമർത്ഥ്യം കൊണ്ട് മറ്റുള്ളവരുടെ പ്രീതിനേടും. നവീന സംരഭങ്ങളിൽ വിജയം വരിക്കും. ഉറ്റവരുടെ വിയോഗദു:ഖം കാണുന്നു. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. വിവാഹയോഗമുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല നടപടി പ്രതീക്ഷിക്കാം. അപക്വമായ പ്രവൃത്തികൾ വിഷമിപ്പിക്കാം. ശാരീരികാരിഷ്ടത ബുദ്ധിമുട്ടിക്കും. സ്ത്രീകൾക്ക് കുടുംബസുഖം, സന്താനലാഭം, കർമ്മ ഗുണം, വസ്ത്രാഭരണങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വിശ്വസ്തരായ ആശ്രിതരെക്കൊണ്ട് ഗുണമുണ്ടാകും. സംയുക്ത സംരഭങ്ങളിൽ വിജയം. പങ്കാളി തികഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തും. പ്രേമകാര്യങ്ങളിൽ മുതിർന്നവർ ഇടപെടും. ചെലവ് വർദ്ധിക്കും. ഇടയ്ക്കിടെ കാര്യതടസം നേരിടും. സാമ്പത്തികമായി ഞെരുങ്ങും. മന: ക്ലേശം അനുഭവിക്കും. ബന്ധുക്കളുമായി കലഹത്തിന് സാദ്ധ്യത. മനസറിയാത്ത കാര്യത്തിന് ശിക്ഷിക്കപ്പെടാം. ശത്രുക്കളിൽ ചിലർ മിത്രങ്ങളായി മാറുമെങ്കിലും അവരുമായി ഇടപെടുമ്പോൾ പ്രത്യേക കരുതൽ പുലർത്തണം. ആലോചനയില്ലാത്ത സംസാരവും പെരുമാറ്റവും കാരണം ദുരനുഭവങ്ങൾ ഉണ്ടാകാം. സ്ത്രീകൾക്ക് വിവാഹത്തിന് തടസവും കാര്യതടസവും കാണുന്നു. മേടമാസം ആകുമ്പോൾ ഒരു മാറ്റമുണ്ടാകും. ജോലിയിൽ നേട്ടവും സന്തോഷവും ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കർമ്മ രംഗത്ത് പുരോഗതി, സാമ്പത്തിക നേട്ടം, വസ്ത്രാഭരണ ലാഭം, സന്താനങ്ങൾക്ക് ഉയർച്ച എന്നിവയുണ്ടാകും. ഭൂമി വിറ്റ് പുതിയ വീട് നിർമ്മിക്കുന്നതിന് പറ്റിയ സമയമാണ്. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം എന്നിവ കാര്യക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ദാമ്പത്യസുഖം അനുഭവിക്കും. സംസാരം നിയന്ത്രിക്കണം. അവിചാരിതമായി ചെലവ് കൂടും. ആത്മവിശ്വാസം വർദ്ധിക്കും. സർക്കാർ സ്ഥാപനത്തിൽ മേലധികാരികളിൽ നിന്ന് സൗഹാർദ്ദ സമീപനം. ഓഹരി വിപണിയിൽ നിന്നും നേട്ടം. പ്രമുഖരുമായുള്ള പരിചയം സ്വാധീനമായി വളരും. പുതിയ ജോലിക്ക് അവസരം, സ്ത്രീകൾക്ക് വിവാഹം, കുടുംബസുഖം, സന്താനഭാഗ്യം, നവീന സംരംഭങ്ങൾ എന്നിവയ്ക്ക് ഭാഗ്യം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജീവിത പങ്കാളിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കും. ഭീതിയും ഉത്കണ്ഠയും മാനസിക വിഷമത്തിന് കാരണമാകും. താങ്ങും തണലുമായ ചില ബന്ധുക്കളുടെ ദുരിതത്തിൽ വിഷമിക്കും. ആഗ്രഹം വൈകിയാണെങ്കിലും സഫലമാകും. ആസൂത്രണം ചെയ്ത യാത്ര മാറ്റിവയ്ക്കാൻ നിർബ്ബന്ധിതമാകും. സഹായിച്ചവർ നന്ദികേടു കാട്ടും. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വീട്ടിൽ നിന്ന് അകന്നു കഴിയേണ്ടി വരാം. പിണങ്ങിക്കഴിഞ്ഞിട്ട് അടുത്ത് കൂടുന്നവരെ സൂക്ഷിക്കണം. മുടങ്ങിപ്പോയ വീടു പണി പുനരാരംഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. സ്ത്രീകൾക്ക് സുഖം, ധനലാഭം, സർക്കാർ ജോലി എന്നിവ ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആദ്യ ഘട്ടത്തിൽ സദ്‌ഫലങ്ങൾ കുറയും. പിന്നീട്‌ അനുകൂല സമയമാണ്‌. സർക്കാർ ജോലിയിൽ പ്രമോഷൻ, സാമ്പത്തികനേട്ടം കർമ്മ ഗുണം ഇവ ലഭിക്കും. ബന്ധുക്കളുടെ കാര്യത്തിൽ ചെറിയ വിഷമങ്ങൾ ഉണ്ടാകാം. സ്ഥാനചലനത്തിന്‌ സാദ്ധ്യത. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിക്കും. മേലധികാരികളുടെ അപ്രീതി കാണുന്നു. മാനസിക വിഷമങ്ങൾ വർദ്ധിക്കും. ഭൂമി ഇടപാടിലെ തട സങ്ങൾ ഒഴിവാകും. വസ്തു ലാഭത്തിന്‌ വിൽക്കും. അദ്ധ്വാനഭാരം വർദ്ധിക്കും. ശാരീരിക അസ്വസ്ഥത ഉണ്ടാകും. ബന്ധുജനങ്ങളിൽ ചിലരുമായി അഭിപ്രായ ഭിന്നതയുണ്ടാകാം. കലഹവും തർക്കങ്ങളും ഒഴിവാക്കണം. നവ സംരംഭങ്ങളിൽ വലിയ നേട്ടമുണ്ടാകും. ധനലാഭവും പ്രതീക്ഷിക്കാം. സ്ത്രീകൾക്ക്‌ വിവാഹത്തിന്‌ യോഗം, തൊഴിൽ രംഗത്ത്‌ വിജയം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക അഭിവൃദ്ധി കൈവരും. തൊഴിലിൽ പുരോഗതി, പുതിയ വീടോ ഫ്ലാറ്റോ വാങ്ങും. ഉയർന്ന സ്ഥാനമാനങ്ങൾ, ഉദ്യോഗക്കയറ്റം എന്നിവ ലഭിക്കും. മനോധൈര്യം വർദ്ധിക്കും. വിദേശ യാത്രക്ക്‌ അവസരമുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ബന്ധുക്കളുടെ കാര്യങ്ങളിൽ ഇടപെട്ട്‌ ചില വിഷമങ്ങൾ ഉണ്ടാകാം. അനീതി പൊറുക്കില്ല. കുടുംബ സ്വത്ത്‌ ലഭിക്കും. ഔദ്യോഗികരംഗത്ത്‌ മേലധികാരികളിൽ നിന്ന്‌ എതിർപ്പുണ്ടാകാം. മോശം കൂട്ടുകെട്ടിലൂടെ ദുരനുഭവങ്ങൾക്ക്‌ സാദ്ധ്യത. സ്ഥാനചലനം ഒഴിവാക്കാൻ കഴിയില്ല. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ യഥാസമയം പൂർത്തിയാക്കാനാകാതെ വിഷമിക്കും. എല്ലാക്കാര്യത്തിലും അശ്രദ്ധ ഒഴിവാക്കണം. സ്ത്രീകൾക്ക്‌ വ്യാപാരത്തിൽ നേട്ടം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥിരോത്സാഹം, ജാഗ്രത, മിതവ്യയം, ഉദ്യോഗലബ്ധി, പുതിയ സംരംഭങ്ങൾ, നല്ല കുടുംബ ജീവിതം, സ്ഥലംമാറ്റം, വർദ്ധിച്ച പണച്ചെലവ്, തൊഴിൽ രംഗത്ത് അസ്വസ്ഥത, വിവാഹയോഗം, ഗൃഹമാറ്റം, മന: പ്രയാസം, ശാരീരിക സുഖം, കഠിനാദ്ധ്വാനം, സന്താനങ്ങൾ കാരണം വിഷമം, യാത്രാക്ലേശം, പരോപകാര വ്യഗ്രത എന്നിവ പുതുവൽസര ഫലത്തിൽ കാണുന്നു. രോഗാരിഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ചിലത് സാധിക്കും. കഠിനാദ്ധ്വാനത്താൽ വിജയം കൈവരിക്കും. അഗ്നി, വൈദ്യുതി എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം. വിദ്യാർത്ഥികൾക്ക് പഠനതടസം കാണുന്നു. സ്ത്രീകൾക്ക് ഉദ്യോഗക്കയറ്റം. ജോലി സംബന്ധമായി വീട് വിട്ട് നിൽക്കേണ്ടി വരും. മനോവിഷമം വർദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായ ഇടപാടുകളിൽ ശ്രദ്ധിക്കണം. കർമ്മരംഗത്ത് മെച്ചമുണ്ടാകും. തടസങ്ങൾ ഒന്നൊന്നായി അകന്നു തുടങ്ങും. ഉദ്യോഗക്കയറ്റത്തിന് കാലതാമസം നേരിടും. യാത്രാ ദുരിതത്തിന് ഇടവരാം. വില പിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ നോക്കണം. അർഹതപ്പെട്ടവരെ വേണ്ടവിധം സഹായിക്കും. ശാരീരിക പീഡയുണ്ടാകാം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ചില ദുരിതങ്ങൾ കടന്നുവരും. അഭിപ്രായഭിന്നത, കലഹം, ദാമ്പത്യ പ്രശ്നങ്ങൾ, ശത്രുശല്യം ഇവയൊക്കെ നേരിടേണ്ടി വന്നാലും ഒട്ടും കുലുങ്ങാതെ പിടിച്ചു നിൽക്കും. വർഷാവസാനത്തോടെ പ്രതിസന്ധികൾക്ക് അയവു വരും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കും. സ്ത്രീകൾക്ക് മനസിന് ഒരു സ്വസ്ഥതക്കുറവ് ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബിസിനസിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക ഭദ്രത വർദ്ധിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. തീർത്ഥാടനത്തിന് അവസരം. കർമ്മരംഗത്ത് ഉയർച്ച. പൊതുവെ തൊഴിൽ പരമായി ശോഭിക്കും. സന്തോഷവും ഉത്സാഹവും വർദ്ധിക്കും. മുടങ്ങിയ വീടു നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ. വ്യവഹാരങ്ങളിൽ കുടുക്കും. വാഹനം ഓടിക്കുമ്പോഴും യാത്രകളിലും ജാഗ്രത പുലർത്തണം. സാമ്പത്തിക ക്രയവിക്രയങ്ങൾ ശ്രദ്ധയോടെ നടത്തണം. സ്ഥലം മാറ്റവും അധികച്ചെലവും വിഷമിപ്പിക്കും. സ്ത്രീകൾക്ക് മികച്ച വിവാഹ ബന്ധം, സന്താനഭാഗ്യം, കുടുംബസുഖം എന്നിവ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നേട്ടം, ജീവിതവിജയം, പൊതുരംഗത്ത്‌ അംഗീകാരം, ഉന്നത പദവി, അസാമാന്യമായ വ്യക്തിപ്രഭാവം, വിദ്യാർത്ഥികൾക്ക്‌ പഠിത്തത്തിൽ ശ്രദ്ധ എന്നിവയാണ്‌ പ്രധാന സദ്ഫലങ്ങൾ. ധനാഗമം വർദ്ധിക്കും. ഗൃഹാന്തരീക്ഷം മെച്ചപ്പെടും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക്‌ പല പ്രശ്നങ്ങൾ നേരിടേണ്ടി വരും. സ്ഥാനചലനത്തിനും ക്രമക്കേടുകളുടെ പേരിൽ അച്ചടക്ക നടപടികൾക്കും സാദ്ധ്യത. സുഹൃത്തുക്കൾ കാരണം നിരാശയ്ക്ക്‌ സാദ്ധ്യത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ അവസരങ്ങൾ ലഭിക്കും. സ്ത്രീകൾക്ക്‌ പുതിയ ജോലി അല്ലെങ്കിൽ ചെറിയ വ്യാപാര വ്യവസായം, നല്ല കുടുംബ ജീവിതം എന്നിവ ലഭിക്കും.

Avatar

Staff Reporter