മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2021 ജനുവരി 25 മുതൽ 31 വരെയുള്ള നക്ഷത്രഫലങ്ങൾ

വാരഫലം: 2021 ജനുവരി 25 മുതൽ 31 വരെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കണ്ടകശനി തുടരുന്നതിനാൽ മതിയായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ഗൌരവമായി നിര്‍വഹിക്കണം. എങ്കിലും ആഴ്ചയുടെ ആദ്യ ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ട അനുഭവങ്ങൾ നൽകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അത്ര അനുകൂലമല്ലെങ്കിലും പുതിയ സ്ഥാനമാറ്റം ലഭിക്കും. ഭാവിയെ കരുതി പുതിയ ചില സാമ്പത്തിക പദ്ധതികളില്‍ പണം മുടക്കാന്‍ തീരുമാനിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന രംഗത്തെ പരിശ്രമങ്ങള്‍ക്ക് ഉന്നതരില്‍ നിന്നും അഭിനന്ദനം ലഭിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരവും സ്വീകാര്യതയും വര്‍ധിക്കും. ദാമ്പത്യ ബന്ധത്തിലെ തടസങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ആഴ്ചതുടക്കത്തിൽ അകാരണ മനോവിഹ്വലത വരാൻ ഇടയുണ്ട്. സന്താനങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായി അപ്രതീക്ഷിത പണച്ചിലവു വന്നുപെടാന്‍ ഇടയുണ്ട്. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ കഴിയും. സുഹൃത്ത് സഹായം പല കാര്യങ്ങളിലും ഗുണകരമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യസാധ്യം ഉണ്ടാകുമെങ്കിലും പലതിനും പ്രാരംഭ തടസങ്ങള്‍ നേരിടേണ്ടി വരും. അമിത ചിലവുകള്‍ മൂലം സാമ്പത്തിക വൈഷമ്യം വരാതെ നോക്കണം. ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ ആത്മവിശ്വാസം തോന്നും. ആദരവുകളും അഭിനന്ദനവും ലഭിക്കും. ആരോഗ്യത്തെ കരുതി ജിവിതചര്യകളില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ തീരുമാനിക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യവും ദൈവാധീനവും അല്പം കുറയാന്‍ ഇടയുള്ള വാരമാകയാല്‍ ഗൌരവമേറിയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കഠിനമായ പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തി വരാവുന്ന വാരമാണ്. മാതാപിതാക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരുമായി ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയുന്നതാണ്. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ മുതലായവയില്‍ സംബന്ധിക്കുവാന്‍ കഴിയും. ബുദ്ധിമുട്ടുകള്‍ വന്നാലും വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച വിഷയത്തില്‍ ഉപരി പഠനം സാധ്യമാകും. ആരോഗ്യപരമായ ക്ലേശങ്ങൾക്ക് സാധ്യതയുള്ള വാരമായതിനാൽ കരുതൽ പുലർത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ മേഖലയിലെ അനിശ്ചിതത്വം മൂലം ആകാംക്ഷ വര്‍ധിക്കാന്‍ ഇടയുണ്ട്. എന്നാല്‍ തൊഴില്‍ ക്ലേശത്തിനു സാധ്യതയില്ല. സുഹൃത്ത് ജനങ്ങളുമായി ഉള്ള ബന്ധത്തില്‍ വിള്ളലുകള്‍ വരാന്‍ സാധ്യതയുണ്ട്. കോപത്തോടെയുള്ള സംസാരം മൂലം പിന്നീട് കുറ്റബോധം തോന്നാന്‍ ഇടയുണ്ട്. രോഗാവസ്ഥയുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കുറെയൊക്കെ സമാധാനം ലഭിക്കുന്ന വാരമായിരിക്കും. കുടുംബ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വരാതെ നോക്കണം. ദൂര ദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്തി സ്വജനങ്ങളെ കാണുവാന്‍ അവസരം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. തര്‍ക്കങ്ങള്‍, വിവാദങ്ങള്‍ എന്നിവ പരിഹരിക്കപ്പെടും. പൊതു സ്ഥാപനങ്ങളുടെ നേതൃനിരയില്‍ എത്തി ചേരുവാന്‍ കഴിയും. എന്നാല്‍ തൊഴില്‍ രംഗത്ത് അനിഷ്ടകരമായ ചില സാഹചര്യങ്ങൾ ഉണ്ടായെന്നു വരാം. മറ്റുള്ളവരുടെ ജോലി കൂടെ ഏറ്റെടുത്തു ചെയ്യേണ്ട സാഹചര്യങ്ങൾ വരാം. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്തു പ്രവർത്തിക്കുന്നത് കൂടുതൽ ഗുണകരമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപകടങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അത്ഭുതകരമായി രക്ഷ നേടും. കുടുംബപരമായ ആവശ്യങ്ങള്‍ക്കായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നേക്കാം. പല കാര്യങ്ങളിലും അനാവശ്യ തടസ്സവും കാലതാമസവും നേരിടേണ്ടി വന്നേക്കാം. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. വായ്പകള്‍ ക്രമപ്പെടുത്താനുള്ള ശ്രമം വിജയിക്കും. ഊഹക്കച്ചവടവും ഭാഗ്യ പരീക്ഷണവും ഈ വാരത്തിൽ നഷ്ടം വരുത്താൻ സാധ്യത കൂടുതലാണ്. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും. ചിലവുകള്‍ നിയന്ത്രിക്കുക പ്രയാസമാകും. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ ആരോഗ്യ വൈഷമ്യങ്ങൾക്ക് സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഗുണദോഷസമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. വാഹനമോ ഗൃഹോപകരണങ്ങളോ മാറ്റി വാങ്ങാനുള്ള ശ്രമം വിജയിക്കും. അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുഭവത്തിൽ വരും. മാതാപിതാക്കൾക്ക് വഴങ്ങി പ്രവർത്തിക്കും. സുഹൃത്ത് ജനങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പ്രാര്‍ഥനകളും വഴിപാടുകളും ഫലപ്രാപ്തിയില്‍ എത്തിചേരും. അപ്രതീക്ഷിത സമ്മാനലാഭത്തിനും ഇടയുള്ള വാരമാണ്. എന്നാല്‍ ഉദര സംബന്ധമായും നയന സംബന്ധമായും ഉള്ള വ്യാധികള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ തടസ്സങ്ങൾ വന്നാലും അതിജീവിക്കുവാൻ കഴിയും. വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ പ്രധാന കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. ജാഗ്രതയോടെ ഇടപ്പെട്ടാല്‍ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാവുന്ന വാരമാണ്. അസൂയാലുക്കളായ സുഹൃത്തുക്കളില്‍ നിന്നും അനിഷ്ടകരമായ നീക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഉന്നത അധികാരികളുമായി ഇടപെടുമ്പോള്‍ വാക്കുകള്‍ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തില്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ക്ക് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍- വ്യാപാര രംഗത്ത് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന വാരമാണ്. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ മനഃസ്വസ്ഥത അല്പം കുറയാൻ ഇടയുണ്ടെങ്കിലും മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ചില സംഗതികള്‍ക്ക് വാരാന്ത്യത്തിൽ പരിഹാരം കണ്ടെത്താന്‍ കഴിയും. വിവാഹം മുതലായ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് അര്‍ഹമായ ഉദ്യോഗലാഭം പ്രതീക്ഷിക്കാവുന്ന വാരമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടേണ്ടി വരുവാനും തന്മൂലം അഭിമാന ക്ഷതത്തിനും സാധ്യതയുള്ളതിനാല്‍ വേണ്ടത്ര കരുതല്‍ ഈ വാരത്തില്‍ പുലര്‍ത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബസ്വസ്ഥത നിലനിർത്താൻ കഴിയും. തൊഴിലിലും വ്യാപാരത്തിലും ഒരേപോലെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. കുടുംബത്തിലെ സുഖകരമായ അന്തരീക്ഷം തൊഴിലില്‍ ഗുണകരമായി പ്രതിഫലിക്കും. ഉത്തരവാദിത്വങ്ങൾ ചെയ്തു പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ മനസമാധാനം ഉണ്ടാകും. വിരോധത്തില്‍ ആയിരുന്നവര്‍ പോലും പിണക്കം മറന്നു അടുത്തുവരാന്‍ സാധ്യതയുള്ള വാരമാണ്. ആത്മാര്‍ഥ പരിശ്രമത്തോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ഭൂമി ഇടപാടുകള്‍ ലാഭകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളില്‍ അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ശ്രദ്ധയും ഉന്മേഷവും വര്‍ധിക്കും. തൊഴിൽപരമായ ഉത്തരവാദിത്വങ്ങൾ വർധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ക്ലേശം അല്പം വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. ഗൃഹത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും പ്രതീക്ഷിച്ചതിലും അധികം ധന ലാഭം ലഭിക്കാന്‍ ഇടയുണ്ട്. വാരാന്ത്യത്തിലെ ദിനങ്ങൾ കൂടുതൽ സന്തോഷപ്രദമായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter