മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ജനുവരി 20 മുതൽ 26 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

സമ്പൂർണ്ണ വാരഫലം (പരിഹാര സഹിതം): 2020 ജനുവരി 20 മുതൽ 26 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മേടക്കൂറുകാർക്ക്‌ മൂന്നിൽ രാഹുവും അഷ്ടമത്തിൽ കുജനും ഭാഗ്യത്തിൽ ഗുരു മന്ദന്മാരും കേതുവും കർമത്തിൽ രവിയും ബുധനും പതിനൊന്നിൽ ശുക്രനും സഞ്ചരിക്കുന്നു. മേടക്കൂറുകാർക്ക്‌ തൊഴിൽ പരമായ ആനുകൂല്യങ്ങളും അംഗീകാരവും വർധിക്കാൻ സാധ്യതയുള്ള വാരമാണ്‌. സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾ മുതലായവ അനുവദിച്ചു കിട്ടും. പൊതു പ്രവർത്തകർക്ക്‌ പേരും പ്രശസ്തിയും വർധിക്കും. ശാരീരിക ക്ലേശങ്ങൾക്കും രോഗങ്ങൾക്കും മറ്റും വാര മധ്യത്തോടെ ആശ്വാസം ലഭിക്കും. എന്നാൽ ജീവിത പങ്കാളിയുമായും അടുത്ത ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസത്തിനും മറ്റും സാധ്യത കാണുന്നു. വരവും ചിലവും ഒരുപോലെ വർധിക്കുന്ന സാഹചര്യങ്ങൾ വരാവുന്നതിനാൽ ചെലവുകളിൽ മിതത്വം പാലിക്കുന്നത്‌ നന്നായിരിക്കും. ദോഷപരിഹാരത്തിനായി സുബ്രഹ്മണ്യന്‌ പാൽ അഭിഷേകം, ഭദ്രകാളിക്ക്‌ പായസ നിവേദ്യം എന്നിവ സമർപ്പിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക്‌ രണ്ടിൽ രാഹുവും ഏഴിൽ കുജനും അഷ്ടമഭാവത്തിൽ ഗുരു മന്ദന്മാരും കേതുവും ഭാഗ്യത്തിൽ രവിയും ബുധനും കർമ്മസ്ഥാനത്ത്‌ ശുക്രനും സഞ്ചരിക്കുന്നു. ഇടവക്കൂറുകാർക്ക്‌ ഗുണ ദോശ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ദൈവാധീനവും ഭാഗ്യവും അൽപം കുറയുമെങ്കിലും വലിയ ക്ലേശങ്ങൾക്കും പ്രതിസന്ധികൾക്കും സാധ്യതയില്ല. വ്യാപാര രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ഇടപാടുകളിൽ നേട്ടവും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. നയാ വിനയത്തോടെയുള്ള പെരുമാറ്റം മൂലം പല നേട്ടങ്ങളും ഈ വാരത്തിൽ സ്വന്തമാക്കാൻ കഴിയും. എന്നാൽ അശ്രദ്ധ മൂലം ധനമോ അവസരങ്ങളോ ഒക്കെ നഷ്ടം വരാനും സാധ്യതയുണ്ട്‌. തെറ്റിദ്ധാരണ മൂലം അധികാരികളിൽ നിന്നും അപ്രായമായ പെരുമാറ്റം നേരിടാനും ഇടയുള്ളതിനാൽ ഉത്തര വാദിത്വങ്ങളിൽ കരുതൽ പുലർത്തണം. കുടുംബപരമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്‌. ആരോഗ്യം തൃപ്തികരമായിരിക്കും. ദോഷപരിഹാരത്തിനായി മഹാവിഷ്ണുവിന്‌ നെയ്‌ വിളക്കും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും നടത്തുക. ശാസ്താവിന്‌ എള്ള്‌ പായസം നിവേദിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറുകാർക്ക്‌ ജന്മത്തിൽ രാഹുവും ആറിൽ കുജനും ഏഴിൽ ഗുരു മന്ദന്മാരും കേതുവും അഷ്ടമത്തിൽ രവിയും ബുധനും ഭാഗ്യസ്ഥാനത്ത്‌ ശുക്രനും സഞ്ചരിക്കുന്നു. സാമ്പത്തികമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്‌. വാഹനം, ഗൃഹോപകരണങ്ങൾ, ആഡംബര വസ്തുക്കൾ മുതലായവ സ്വന്തമാക്കാൻ കഴിയും. ദൈവാധീനം ഉള്ളതിനാൽ പല പ്രതിസന്ധികൾക്കും യുക്തമായ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. കുടുംബത്തിൽ മംഗളകരമായ സാഹചര്യം നില നിൽക്കും. തൊഴിൽ രംഗത്ത്‌ അപ്രതീക്ഷിത ആനുകൂല്യങ്ങളും നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയും. വിദേശത്ത്‌ ജോലി ചെയ്യുന്നവർക്ക്‌ തൊഴിൽ വിഷമതകൾക്ക്‌ പരിഹാരം കണ്ടെത്താൻ കഴിയും. മേലധികാരികൾ അനുകൂലമായി പെരുമാറും. സന്താനങ്ങളെ കൊണ്ട്‌ അഭിമാനിക്കാനുള്ള അവസരങ്ങൾ ലഭിക്കും. രോഗാദി ദുരിതങ്ങൾക്ക്‌ ശമനം ലഭിക്കും. ദോഷപരിഹാരത്തിനായി ശിവന്‌ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും , നാഗ ദേവതകൾക്ക്‌ നൂറും പാലും എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുക.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർക്കിടകക്കൂറുകാർക്ക്‌ അഞ്ചിൽ കുജനും ആറിൽ ഗുരു മന്ദന്മാരും കേതുവും ഏഴിൽ രവിയും ബുധനും അഷ്ടമത്തിൽ ശുക്രനും പന്ത്രണ്ടിൽ രാഹുവും സഞ്ചരിക്കുന്നു. കർക്കിടകക്കൂറുകാർക്ക്‌ ഈവാരം അദ്ധ്വാനഭാരവും ശാരീരിക ക്ലേശവും അൽപം വർധിക്കാൻ സാധ്യത കാണുന്നു. പല കാര്യങ്ങളും ചെയ്തു പൂർത്തിയാക്കുവാൻ പതിവിലും അധികം തടസ്സങ്ങൾ നേരിടേണ്ടി വരും. പ്രാരംഭ തടസ്സങ്ങൾ വന്നാലും പല പ്രധാന കാര്യങ്ങളിലും അന്തിമ വിജയം സ്വന്തമാക്കാൻ കഴിയും. ചെറിയ കാര്യങ്ങൾക്കു പോലും മനസ്സ്‌ അസ്വസ്ഥമാകാൻ ഇടയുണ്ട്‌. പല കാര്യങ്ങളിലും ബന്ധുജനങ്ങളുടെ പിന്തുണ ലഭിച്ചെന്നു വരില്ല. ധാരാളം യാത്രകൾ ആവശ്യമായി വരുന്ന വാരമായിരിക്കും. കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ട സാഹചര്യങ്ങൾ വരാവുന്നതാണ്‌. എന്നാൽ സാമ്പത്തികമായി മോശമല്ലാത്ത അനുഭവങ്ങൾ വാരാന്ത്യത്തിൽ പ്രതീക്ഷിക്കാം. ദോഷപരിഹാരത്തിനായി മഹാവിഷ്ണുവിന്‌ തുളസിമാല, പാൽപായസം, ഭഗവതിക്ക്‌ പായസനിവേദ്യം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക്‌ നാലിൽ കുജനും അഞ്ചിൽ ഗുരു മന്ദന്മാരും കേതുവും ആറിൽ രവിയുംബുധനും ഏഴിൽ ശുക്രനും പതിനൊന്നിൽ രാഹുവും സഞ്ചരിക്കുന്നു.ഉന്നത വ്യക്തികളുമായി സഹവസിക്കുവാൻ അവസരം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. അപകടസന്ധികളിൽ നിന്നും സുഹൃത്തുക്കളെ രക്ഷിക്കുവാൻ കഴിയുന്നതിൽ അഭിമാനം തോന്നും. വായ്പകൾ, ധനസംരംഭങ്ങൾ മുതലായവ എളുപ്പത്തിൽ അനുവദിച്ചു കിട്ടും.പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കുന്നതിനാൽ പുതിയ അവസരങ്ങൾ ലഭ്യമാകും. ധനകാര്യ വിഷയങ്ങളിൽ വാരാദ്യത്തിൽ അൽപം വൈഷമ്യങ്ങൾ ഉണ്ടായെന്നുവരാം നാട്ടിൽനിന്നും അകന്ന്‌ ജോലി ചെയ്യുന്നവർക്ക്‌ ഉണ്ടായിരുന്ന തൊഴിൽ ക്ലേശങ്ങൾ പരിഹരിക്കപ്പെടും. ദോഷപരിഹാരത്തിനായി ശിവന്‌ ജലധാര, ഗണപതിക്ക്‌ അപ്പം വഴിപാട്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാർക്ക്‌ മൂന്നിൽ കുജനും നാലിൽ ഗുരു മന്ദന്മാരും കേതുവും അഞ്ചിൽ രവിയും ബുധനും ആറിൽ ശുക്രനും കർമത്തിൽ രാഹുവും സഞ്ചരിക്കുന്നു. സ്വന്തം കഴിവുകൾ കൊണ്ട്‌ തൊഴിലിൽ നേട്ടങ്ങൾ സവാന്തമാക്കാൻ കഴിയും. വിദ്യാർഥികൾക്ക്‌ പരീക്ഷകളിലും മറ്റും അപ്രതീക്ഷിത വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ ആഗ്രഹത്തിനൊത്ത്‌ പ്രവർത്തിക്കാൻ കഴിയും. വാരത്തിന്റെ അവസാന ദിനങ്ങളിൽ കൂടുതൽ മെച്ചമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. മറ്റുള്ളവർക്ക്‌ വേണ്ടി അധ്വാനിക്കേണ്ട സാഹചര്യങ്ങൾ വരാം. ചിലവുകൾ നിയന്ത്രിക്കാൻ പ്രയാസം നേരിടും. ചെറിയ അസുഖങ്ങൾ മൂലം ചികിത്സ തേടേണ്ടി വരും. ദോഷപരിഹാരത്തിനും ഭാഗ്യ പുഷ്ടിക്കുമായി ശിവന്‌ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നിവേദ്യ സഹിതം ധാരയും. മഹാവിഷ്ണുവിന്‌ നെയ്‌വിളക്കും തുളസിമാലയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാക്കൂറുകാർക്ക്‌ രണ്ടിൽ കുജനും മൂന്നിൽ ഗുരു മന്ദന്മാരും കേതുവും നാലിൽ രവിയും ബുധനും അഞ്ചിൽ ശുക്രനും ഭാഗ്യത്തിൽ രാഹുവും സഞ്ചരിക്കുന്നു. അധ്വാന ഭാരം വർദ്ധിക്കുമെങ്കിലും പല കാര്യങ്ങളിലും അന്തിമ കാര്യവിജയവും അംഗീകാരവും ലഭിക്കും. അനാവശ്യമായ ചിന്തകൾ മൂലം മനസ്വസ്ഥത കുറയും. സംഘടനകളുടെ നേതൃ സ്ഥാനം ഏറ്റെടുക്കും. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ വിജയിക്കും. കടബാധ്യതകൾ വലിയ അളവിൽ കുറയ്ക്കുവാൻ കഴിയുന്നതിൽ ആശ്വാസം തോന്നും. ഈശ്വര കൃപയാൽ പല അപകടങ്ങളെയും തരണം ചെയ്യാൻ കഴിയും. വിദേശജോലിക്കാർക്ക്‌ യാത്രാ രേഖകളിലും മറ്റും ചെറിയ വൈഷമ്യങ്ങൾ വരാവുന്നതിനാൽ കരുതൽ പുലർത്തണം. വേണ്ടത്ര ആലോചനയോടെ പ്രവർത്തിച്ചാൽ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. വിഷ്ണുവിന്‌ നെയ്‌ വിളക്ക്‌, തുളസിയും താമരയും സമർപ്പണം, ശിവന്‌ കൂവളമാല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക്‌ ജന്മത്തിൽ കുജനും രണ്ടിൽ ഗുരു മന്ദന്മാരും കേതുവും മൂന്നിൽ രവിയും ബുധനും നാലിൽ ശുക്രനും അഷ്ടമത്തിൽ രാഹുവും സഞ്ചരിക്കുന്നു. അവിവാഹിതർക്ക്‌ വിവാഹ സംബന്ധമായ കാര്യങ്ങളിൽ അനുകൂലാവസ്ഥ സംജാതമാകും. പല കാര്യങ്ങളും മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ സാധിക്കുവാൻ അവസരം ഉണ്ടാകും. വിദേശയാത്രയ്ക്ക്‌ ശ്രമിക്കുന്നവർക്ക്‌ രേഖകളിൽ ഉണ്ടായിരുന്ന തടസങ്ങൾ മാറിക്കിട്ടും. മുതിർന്നവരുടെ ഉപദേശം പല കാര്യങ്ങളിലും സഹായകരമായി ഭവിക്കും. ദാമ്പത്യ ബന്ധം കൂടുതൽ ഭദ്രമാകും. സാമ്പത്തിക തടസങ്ങൾക്ക്‌ വരാന്ത്യത്തോടെ പരിഹാരം പ്രതീക്ഷിക്കാം. പ്രായോഗിക ചിന്തയോടെ പ്രവർത്തിക്കുന്നതിനാൽ പല വിഷമ ഘട്ടങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മനസ്സിന്‌ സുഖവും ആത്മവിശ്വാസവും പകരുന്ന വാർത്തകൾ കേൾക്കാൻ കഴിയും. ജന്മ വ്യാഴവും ഏഴര ശനിയും നടക്കുന്നതിനാൽ ഈശ്വരഭജനം നിർബന്ധമായും നടത്തണം. സുബ്രഹ്മണ്യന്‌ ശിവന്‌ പുറകു വിലക്ക്‌, ധാര. നാഗങ്ങൾക്ക്‌ പാൽ, മഞ്ഞൾ സമർപ്പണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുകൂറുകാർക്ക്‌ ജന്മത്തിൽ ഗുരു മന്ദന്മാരും കേതുവും ധനസ്ഥാനത്ത്‌ രവിയും ബുധനും മൂന്നിൽ ശുക്രനും വ്യയസ്ഥാനത്തു കുജനും സഞ്ചരിക്കുന്ന കാലമാകയാൽ തൊഴിൽ ക്ലേശങ്ങൾക്ക്‌ പരിഹാരം കണ്ടെത്തും. മനസ്സിന്‌ സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഒഴിവ്സമയം ഉാസകരമായി ചിലവഴിക്കാൻ കഴിയും. മത്സരങ്ങൾ, ഭാഗ്യപരീക്ഷണങ്ങൾ എന്നിവയിൽ വിജയം പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും സുഹൃത്ത്‌ സഹായം നിർണ്ണായകമായി ഭവിക്കും. കുടുംബ സ്വസ്ഥത നിലനിർത്താൻ കഴിയും. പ്രവർത്തനരംഗത്തെ നിശ്ചലാവസ്ഥയ്ക്ക്‌ പരിഹാരം ഉണ്ടാകും. കച്ചവടത്തിൽ പ്രതീക്ഷിച്ചതിലും ലാഭം വർധിക്കാൻ ഇടയുണ്ട്‌. ദൂര യാത്രകൾ സഫലങ്ങൾ ആകണമെന്നില്ല. ഊഹക്കച്ചവടം, വിവാദങ്ങൾ മുതലായവയിൽ നിന്നും കഴിവതും ഒഴിഞ്ഞുനിൽക്കുക. വിദ്യാർത്ഥികൾക്ക്‌ വാരം അനുകൂലമാണ്‌. ആരോഗ്യം ത്രുപ്തികരമാകും. വാഗ്ദാനം ചെയ്യപ്പെട്ട സാമ്പത്തിക സഹായം ലഭിക്കുവാൻ കാല താമസം നേരിടാൻ ഇടയുണ്ട്‌. ദോഷ പരിഹാരത്തിനായി ശാസ്താവിന്‌ നീരാഞ്ജനം, നരസിംഹ മൂർത്തിക്ക്‌ പാനക സഹിതം പുഷ്പാഞ്ജലി.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക്‌ ജന്മത്തിൽ രവിയും ബുധനും ധനസ്ഥാനത്ത്‌ ശുക്രനും ആറിൽ രാഹുവും പതിനൊന്നിൽ കുജനും പന്ത്രണ്ടിൽ ഗുരു മന്ദന്മാരും കേതുവും സഞ്ചരിക്കുന്നു. തൊഴിൽ രംഗത്ത്‌ ചില മാറ്റങ്ങൾ വരാവുന്ന വാരമാണ്‌. ദൈവാധീനത്താൽ പല വൈഷമ്യങ്ങളും തരണം ചെയ്യാൻ കഴിയും. വ്യക്തി ബന്ധങ്ങളിൽ അകൽച്ച വരാവുന്നതിനാൽ ആശയവിനിമയത്തിൽ അങ്ങേയറ്റം കരുതൽ പുലർത്തണം. വാര മധ്യത്തോടെ സാമ്പത്തിക ക്ലേശങ്ങൾക്ക്‌ വലിയ അളവിൽ പരിഹാരം കണ്ടെത്താൻ കഴിയും. ബന്ധു ജനങ്ങളുടെ അപ്രിയമായ പെരുമാറ്റത്തിൽ പലപ്പോഴും ആലോസരം തോന്നാൻ ഇടയുണ്ട്‌. പല അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷ നേടും. ശത്രു ശല്യം നേരിടേണ്ടി വരുമെങ്കിലും കർമ്മരംഗം പുഷ്ടിപ്രാപിക്കും. ഗൃഹസ്വസ്ഥത അൽപം കുറയാൻ ഇടയുള്ള വാരമാണ്‌. ആത്മീയ കാര്യങ്ങളിൽ വ്യാപരിക്കുന്നത്‌ ആത്മസംഘർഷം കുറയാൻ സഹായകരമാകും. നവഗ്രഹ പൂജ, ശാസ്താവിന്‌ നീരാഞ്ജനവും എള്ള്‌ പായസവും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്ക്‌ ജന്മത്തിൽ ശുക്രനും അഞ്ചിൽ രാഹുവും കർമ്മത്തിൽ കുജനും പതിനൊന്നിൽ ഗുരുമന്ദന്മാരും കേതുവും പന്ത്രണ്ടിൽ രവിയും ബുധനും സഞ്ചരിക്കുന്നു. പ്രവർത്തന രംഗത്തെ പരിശ്രമങ്ങൾക്ക്‌ ഉന്നതരിൽ നിന്നും അഭിനന്ദനം ലഭിക്കും. പൊതു പ്രവർത്തകർക്ക്‌ അംഗീകാരവും സ്വീകാര്യതയും വർധിക്കും. ദാമ്പത്യ ബന്ധത്തിലെ തടസങ്ങൾക്ക്‌ പരിഹാരം കണ്ടെത്തും. സന്താനങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായി അപ്രതീക്ഷിത പണച്ചിലവു വന്നുപെടാൻ ഇടയുണ്ട്‌. സ്വന്തം ജോലികൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നത്‌ ദോഷകരമായി ഭാവിക്കാൻ ഇടയുണ്ട്‌. സുഹൃത്ത്‌ സഹായം പല കാര്യങ്ങളിലും ഗുണകരമാകും. ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്നും വരുമാനം ഉണ്ടാകുമെങ്കിലും അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം അനുഭവപ്പെടാൻ സാധ്യതയുണ്ട്‌. ദോഷ ശ്രീകൃഷ്ണന്‌ വെണ്ണയും കദളിപ്പഴവും നിവേദിച്ച്‌ രാജഗോപാല്‌ മന്ത്രാർച്ചനയും ഭഗവതിക്ക്‌ പായസ നിവേദ്യവും നടത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർക്ക്‌ നാലിൽ രാഹുവും ഭാഗ്യത്തിൽ കുജനും കർമത്തിൽ ഗുരുമന്ദന്മാരും കേതുവും പതിനൊന്നിൽ രവിയും ബുധനും പന്ത്രണ്ടിൽ ശുക്രനും സഞ്ചരിക്കുന്നു. പലവിധ പ്രതിസന്ധികൾക്കും അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്ന വരമാണ്‌. ശ്രദ്ധയോടെയുള്ള പരിശ്രമങ്ങൾ വിജയത്തിലെത്തും. വാഹനമോ ഗൃഹോപകരണമോ മാറ്റിവാങ്ങാൻ തീരുമാനിക്കും. സുഹൃത്തുക്കളുടെ സഹായത്താൽ പ്രശ്ന പരിഹാരം സാധ്യതമാകും. ബന്ധു ജനങ്ങളുടെ ചികിത്സയ്ക്കായി പണം ചിലവാക്കേണ്ടി വരും. മുടങ്ങികിടന്ന പഠനം പുനരാരംഭികുവാൻ തീരുമാനിക്കും. ആരോഗ്യത്തെ കരുതി ജിവിത ചര്യകളിൽ ഗുണകരമായ പരിവർത്തനങ്ങൾ വരുത്തുവാൻ തീരുമാനിക്കും. വാരാന്ത്യത്തിൽ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദേശജോലിക്കാർക്ക്‌ തൊഴിൽ സംബന്ധമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ വലിയ അളവിൽ കുറഞ്ഞുകിട്ടും. സാമ്പത്തികമായി അനുകൂല അനുഭവങ്ങൾ വരാവുന്ന വാരമാണ്‌. പ്രാർത്ഥനകൾക്ക്‌ ഫലപ്രാപ്തി ഉണ്ടാകും. ദോഷ പരിഹാരത്തിനായി ഗണപതിക്ക്‌ കറുകമാലയും വിഷ്ണുവിന്‌ നെയ്‌വിളക്കും, തുളസിമാലയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter