മലയാളം ഇ മാഗസിൻ.കോം

ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും ആ ദിവസത്തെ നക്ഷത്രം ഒന്നു നോക്കി വച്ചാൽ ഗുണമുണ്ടെന്ന്, ഓരോ നക്ഷത്ര ദിവസത്തിനും ഓരോ ഭാഗ്യമുണ്ട്‌

ഓരോ നക്ഷത്രത്തിലും (ഓരോ നക്ഷത്രം വരുന്ന ദിവസങ്ങളിലും) എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നതാണ് ‘നക്ഷത്രകൃത്യങ്ങള്‍’ എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ‘നക്ഷത്ര കരണീയ കര്‍മ്മങ്ങള്‍’ എന്നും ഇതിനെ വിളിക്കാറുണ്ട്.

അശ്വതി: യാത്ര, ഔഷധസേവ, വിവാഹം, ചോറൂണ്, വിദ്യാരംഭം, ആഭരണാദികള്‍ ആദ്യം അണിയുന്നതിന് ശുഭം.

ഭരണി: സാഹസകര്‍മ്മങ്ങള്‍, ശത്രുനാശകര്‍മ്മങ്ങള്‍, കൃഷികാര്യം, വിഷകാര്യങ്ങള്‍, അഗ്‌നികര്‍മ്മങ്ങള്‍, കിണര്‍ കുഴിക്കല്‍, ദാരുണകര്‍മ്മങ്ങള്‍.

കാര്ത്തിക: സാഹസകര്‍മ്മങ്ങള്‍, ശത്രുവിനെ പ്രതിരോധിക്കാനുള്ള കര്‍മ്മങ്ങള്‍, അഗ്‌നികാര്യങ്ങള്‍, ലോഹകാര്യങ്ങള്‍.

രോഹിണി: വിവാഹം, മറ്റു മംഗളകര്‍മ്മങ്ങള്‍, ഈശ്വര കര്‍മ്മങ്ങള്‍, ധനം വാങ്ങല്‍, ദേവാലയം, കൊട്ടാരം ഇവയുടെ നിര്‍മ്മാണാരംഭം എന്നിവയ്ക്ക് ഉത്തമം.

മകയിരം: വിവാഹം, ഉപനയനം, യാത്ര, ദേവപ്രതിഷ്ഠ, ക്ഷേത്രനിര്‍മ്മാണം. പൊതുവേ ശുഭകാര്യങ്ങള്‍ക്ക് ഉത്തമം.

തിരുവാതിര: യുദ്ധം, ശത്രുബന്ധനം, ഉച്ചാടനാദി മാന്ത്രിക കര്‍മ്മങ്ങള്‍, കര്‍ണവേധം, വിദ്യാരംഭം .

പുണര്‍തം: പൂജ, വിവാഹം, യാത്ര, കൃഷിപ്പണി, വിദ്യാരംഭം, വ്രതകര്‍മ്മങ്ങള്‍ എന്നിവയ്ക്ക്.

പൂയം: വിവാഹമൊഴികെ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും പുഷ്ടിപ്രദങ്ങളായ കാര്യങ്ങള്‍ക്കും ഉത്സവാദികള്‍ക്കും ഉത്തമം.

ആയില്യം: സര്പ്പപൂജ, വിഷകാര്യങ്ങള്‍, സാഹസം, ശത്രുപ്രതിരോധ കാര്യങ്ങള്‍, കച്ചവടാരംഭം ഇവയ്ക്ക് സ്വീകാര്യം.

മകം: വിവാഹം, പിതൃകര്‍മ്മം, സാഹസകര്‍മ്മങ്ങള്‍, യുദ്ധകാര്യങ്ങള്‍ ഇത്യാദികള്‍ക്ക് ശുഭം. ഗണപതി പ്രതിഷ്ഠയ്ക്ക് സ്വീകരിച്ചു കാണുന്നു.

പൂരം: ശില്പകാര്യങ്ങള്‍, ക്രൂരകര്‍മ്മങ്ങള്‍, ബന്ധനം, കപടകൃത്യം എന്നിവയ്ക്ക്.

ഉത്രം: വിവാഹം, ഉപനയനം, ഗൃഹാരംഭ പ്രവേശങ്ങള്‍, ആഭരണധാരണം ഇത്യാദികള്‍ക്ക് ഉത്തമം.

അത്തം: വിവാഹം, വിദ്യാരംഭം, ജ്യോതിഷപഠനം, ദേവപ്രതിഷ്ഠ, യാത്ര, ആഭരണധാരണം, ഔഷധസേവ.

ചിത്തിര: ശില്പകര്‍മ്മം, വസ്ത്രാഭരണധാരണം, ശുഭകര്‍മ്മങ്ങള്‍, വാസ്തുകാര്യങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍.

ചോതി: വിവാഹാദി മംഗളകാര്യങ്ങള്‍, ചോറൂണ്, ക്ഷേത്രനിര്‍മ്മാണം, വിത്തുവിതയ്ക്കാന്‍, ആയുധ നിര്‍മ്മാണം എന്നിവയ്ക്ക്

വിശാഖം: ഔഷധസേവയ്ക്ക്, രഥം പണിയാന്‍, വസ്തു സംഗ്രഹിക്കാന്‍, ശില്പാഭരണാദികള്‍ നിര്‍മ്മിക്കാന്‍സ്വീകാര്യം.

അനിഴം: വിവാഹം, ദേവപ്രതിഷ്ഠ തുടങ്ങിയ എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്തമം. യാത്ര, ഗജാശ്വാദികളില്‍ കയറാന്‍, നൂതന കാര്യങ്ങള്‍ക്ക്, വസ്ത്രാഭരണാദികള്‍ അണിയാന്‍ സ്വീകാര്യം.

തൃക്കേട്ട: ലോഹകര്‍മ്മങ്ങള്‍ക്ക്, ശത്രുക്കളെ നേരിടാന്‍, ഔഷധ എണ്ണകാച്ചാന്‍, ശില്പ കാര്യങ്ങള്‍ക്ക് ഉത്തമം.

മൂലം: കുളം / കിണര്‍ കുഴിക്കാനും വനം, പൂന്തോട്ടം, കൃഷി ഇവ സംബന്ധിച്ച കാര്യങ്ങള്‍ക്കും, സന്ധി നടത്താനും ഉത്തമം. വിവാഹത്തിനും സ്വീകരിച്ചു കാണുന്നു.

പൂരാടം: കുളം, കിണര്‍, തടാകം ഇവ നിര്‍മ്മിച്ചു തുടങ്ങാനും കൃഷിപ്പണിക്കും ഉത്തമം.

ഉത്രാടം: ഗൃഹാരംഭപ്രവേശത്തിനും വിവാഹത്തിനും വിത്തുവിതയ്ക്കാനും നൂതന ആഭരണധാരണത്തിനും നന്ന്.

തിരുവോണം: ദേവപ്രതിഷ്ഠ, വിവാഹാദി മംഗളകര്‍മ്മങ്ങള്‍, ഗൃഹാരംഭം എന്നിവയ്ക്ക് ശ്രേഷ്ഠം.

അവിട്ടം: ചൗളം, ഉപനയനം എന്നിവയ്ക്ക്, ഗൃഹം, ഉദ്യാനം ഇവയുടെ നിര്‍മ്മാണത്തിന്, ആദ്യമായി ആന, കുതിര, ഒട്ടകം ഇവയില്‍ കയറുന്നതിന് ഉത്തമം.

ചതയം: ആന, കുതിര ഇവയുടെ ക്രയവിക്രയത്തിന്, ആയുധ നിര്‍മ്മാണത്തിന്, വാസ്തു കാര്യങ്ങള്‍ക്ക്, വെള്ളി, മുത്ത് ഇവകൊണ്ട് ആഭരണം പണിയാന്‍, രഥം, നൗക ഇവ നിര്‍മ്മിക്കാന്‍, ഊണ്‍നാളുകളില്‍ ഉള്‍പ്പെട്ടതാകയാല്‍ ശുഭകാര്യങ്ങള്‍ക്ക് ഒക്കെ സ്വീകാര്യം.

പൂരൂരുട്ടാതി: സാഹസകാര്യങ്ങള്‍ക്ക്, ശില്പകര്‍മ്മത്തിന്, എരുമ, പോത്ത്, ഒട്ടകം ഇവയെ വാങ്ങാന്‍, ജലയന്ത്രാദികളുടെ നിര്‍മ്മാണം ഇവയ്ക്ക്.

ഉത്രട്ടാതി: ദേവപ്രതിഷ്ഠ, ഉപനയനം, വിവാഹം, ഗൃഹാരംഭം, വാസ്തുകര്‍മ്മം, രാജാഭിഷേകം, വ്രതാനുഷ്ഠാനം ഇവയ്ക്ക് ശ്ലാഘ്യം.

രേവതി: വിവാഹം, ഗൃഹാരംഭം, ക്ഷേത്രനിര്‍മ്മാണം, ജലകാര്യങ്ങള്‍, ആഭരണ നിര്‍മ്മാണം , വ്രതകാര്യങ്ങള്‍ എന്നിവയ്ക്ക് ഉത്തമം.

ഇവയെല്ലാം തന്നെ സാമാന്യനിയമങ്ങള്‍. അവരവരുടെ കര്‍ത്തൃദോഷം (3,5,7 നാളുകള്‍, ചന്ദ്രലഗ്നാഷ്ടമങ്ങള്‍ മുതലായവ) കൂടി പരിഗണിച്ചു വേണം നാളുകള്‍ തെരഞ്ഞെടുക്കുവാന്‍. സുപ്രധാന കാര്യങ്ങള്‍ക്ക് ദൈവജ്ഞനെക്കൊണ്ട് ജാതകപരിശോധന നടത്തി മുഹൂര്‍ത്തം കണ്ടെത്തുന്നതാവും കരണീയം.

ആശംസകളോടെ, എസ്. ശ്രീനിവാസ് അയ്യര്‍,
അവനി പബ്ലിക്കേഷന്‍സ്. Phone: 9846023343

Avatar

Staff Reporter