മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1196 കർക്കിടകമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1196 മാണ്ട്‌ കർക്കിടകമാസ ഫലം. (2021 ജൂലൈ 17 ശനിയാഴ്ച മുതൽ ഓഗസ്റ്റ്‌ 16 തിങ്കളാഴ്ച വരെ)

മിഥുനം 32 ന് (ജൂലൈ 16 ന്) വെള്ളിയാഴ്ച പകല്‍ 4 മണി 55 മിനിട്ടിന് കര്‍ക്കടകരവി സംക്രമമാണ്. കര്‍ക്കടകം 31 ന് (ആഗസ്റ്റ് 16) തിങ്കളാഴ്ച രാത്രി 1 മണി 19 മിനിറ്റിനാണ് ചിങ്ങരവി സംക്രമം. ആ ഒരു മാസക്കാലത്തെ പന്ത്രണ്ടു രാശിക്കാര്‍ക്ക് / പന്ത്രണ്ടുകൂറില്‍ ജനിച്ചവര്‍ക്ക് സൂര്യന്‍ സൃഷ്ടിക്കുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ എഴുതുന്നത്.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സൂര്യന്‍ നാലാം രാശിയില്‍ സഞ്ചരിക്കുകയാല്‍ രോഗങ്ങളുണ്ടാകും. ദേഹത്തിന്റെ സ്വാസ്ഥ്യം കുറയും. ഭോഗാനുഭവങ്ങള്‍ക്ക് വിഘാതം വരും. അലച്ചിലുണ്ടാകും. ജീവിതത്തിന്റെ താളക്രമം അല്പം വലിയുന്നതായി തോന്നാം. അധികാരികളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും പിണക്കങ്ങളുണ്ടാവാം. മാതാവിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലവും കൂടിയാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
3, 6, 10,11 എന്നീ ഭാവങ്ങളില്‍ മാത്രമാണ് ആദിത്യന്‍ അനുകൂലനാവുക. ഇവിടെ മൂന്നാം ഭാവത്തിലൂടെ സഞ്ചരിക്കുകയാല്‍ ക്ഷേമവും കാര്യവിജയവുമുണ്ടാകും. സ്ഥാനമാനങ്ങള്‍ വന്നുചേരും. മത്സരങ്ങളില്‍ വെന്നിക്കൊടി പാറിക്കും. ധനപരമായി ആശ്വാസം കിട്ടും. ശത്രുക്കളെ പ്രതിരോധിക്കാനുമാവും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സൂര്യന്‍ രണ്ടാമെടത്തു സഞ്ചരിക്കുന്നു. ധനപരമായി ഒട്ടും അനുകൂല കാലമല്ല. നേത്രസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. മൃദുലവാക്കുകള്‍ പറയേണ്ടിടത്ത് പോലും ആജ്ഞാശക്തി നിറയുന്ന വാക്കുകള്‍ മൊഴിയും. പഠനത്തില്‍ പുരോഗതിയുണ്ടാവില്ല. പരവഞ്ചനയെ കരുതിയിരിക്കണം. കര്‍മ്മരംഗത്തെ കൃത്യത അല്പമൊന്ന് ക്ഷീണിക്കാം. സഹായിക്കേണ്ടവര്‍ പിന്‍വലിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജന്മരാശിയിലൂടെ സൂര്യന്‍ കടന്നുപോകുന്ന കാലമാണ്. അത്ര നല്ലഫലങ്ങള്‍ പറയപ്പെടുന്നില്ല. ആയാസം – ശാരീരികമായും മാനസികമായും – അനുഭവപ്പെടും. വിഭവക്ഷയം, അഥവാ കരുതല്‍ ധനത്തിനും മറ്റും ചെലവ് വരും. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തുക വഴി മാറി ചെലവിടും’. യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ക്ക് പിന്നെയും പണം കണ്ടെത്തേണ്ടതായി വരും. യാത്രകള്‍ ഗുണകരമാവില്ല. ചിന്താ ജാഡ്യമുണ്ടാവും. ഊര്‍ജവും സമയവും പാഴാകുന്നത് മിച്ചം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സൂര്യന്‍ പന്ത്രണ്ടിലാണ്. മിഥുന മാസത്തെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതി അല്പം പരുങ്ങലിലാവും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ധനം വൈകാം. നല്ല കാര്യങ്ങള്‍ ചെയ്താലും നല്ല പേരോ നല്ല ഫലമോ കിട്ടണമെന്നില്ല. പിതാവിന്/ പിതൃസ്ഥാനീയര്‍ക്ക് രോഗാദി ക്ലേശാനുഭവങ്ങള്‍ വരാം. പാഴ്‌ച്ചെലവുകളെ നിയന്ത്രിക്കാനാവാതെ കുഴങ്ങും. വീടു വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. വിദേശത്തു കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ അല്പം കൂടി കാത്തിരിക്കേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആദിത്യന്‍ പതിനൊന്നിലാണ്. കാര്യ/കര്‍മ്മ വിജയം പറയാം. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. അധികാരികളുടെ ‘നല്ല പുസ്തകത്തില്‍’ ഇടം പിടിക്കും. സ്ഥാനപ്രാപ്തി ഭവിക്കും. ചികില്‍സകള്‍ ഫലിക്കും. മനസ്സന്തോഷമുണ്ടാവുന്ന കാലവുമാണ്. ഭാവിയെക്കുറിച്ച് നല്ല തീരുമാനങ്ങള്‍ എടുക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സൂര്യന്‍ പത്താം ഭാവത്തിലാണ്. വലിയ നേട്ടങ്ങള്‍ വന്നെത്തും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലായിടത്തും വിജയിക്കാനാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാലവും കൂടിയാവും. വായ്പകള്‍/ ചിട്ടി മുതലായവയില്‍ നിന്നും തൊഴിലിനാവശ്യമായ ധനം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഒമ്പതാം ഭാവത്തിലാണ് സൂര്യ സഞ്ചാരം. അത്ര നല്ല കാലമല്ലെങ്കിലും മിഥുനരവി (അഷ്ടമത്തിലെ സൂര്യനെക്കാള്‍) മെച്ചമാവും. ചെറുരോഗങ്ങളായാലും ഉയര്‍ന്ന ശ്രദ്ധ പുലര്‍ത്തണം. പുണ്യകാര്യങ്ങള്‍ ചെയ്യാന്‍ മടിയോ മറവിയോ ഉണ്ടാവാം. പിതാവിനോ ഗുരുജനങ്ങള്‍ക്കോ ക്ലേശം വരാം. പലതും മാറ്റി വെക്കേണ്ടതായി വന്നേക്കും. ഇഷ്ടജനങ്ങളുമായി നീരസത്തിലാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആദിത്യന്‍ അഷ്ടമ ഭാവത്തിലാകയാല്‍ അനിഷ്ടങ്ങളുണ്ടാകും. നല്ലവണ്ണം ആസൂത്രണം ചെയ്തവ പോലും വിജയിച്ചില്ലെന്നു വരാം. എതിര്‍ ലിംഗത്തില്‍പെട്ടവരില്‍ നിന്നും ശത്രുതയുണ്ടാകും. രാഷ്ട്രീയക്കാര്‍/അധികാരികള്‍ പിണങ്ങിയേക്കും. ഉറക്കക്കുറവ്, അരുചി ഇവയും സാധ്യതകള്‍.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രവി ഏഴാം ഭാവത്തിലാണ്. സ്വാഭിപ്രായങ്ങള്‍ സ്വയം തിരുത്തേണ്ടിവന്നേക്കും ആവശ്യത്തിനോ അനാവശ്യത്തിനോ ഉത്ക്കണ്ഠയുണ്ടാകും. യാത്രകള്‍ പ്രയോജനരഹിതമായേക്കും. ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ അല്പം കൂടി കാത്തിരിക്കുന്നതാവും സമുചിതം. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാം. ഗാര്‍ഹസ്ഥ്യം അത്ര മികച്ചതായിരിക്കുമെന്ന് പറയാന്‍ കഴിയില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആദിത്യന്‍ ആറിലാകയാല്‍ അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. രോഗങ്ങള്‍ ശമിക്കും. മനസ്സും ദേഹവും ബലവത്താകും. ദുഃഖങ്ങളില്‍ നിന്നും ആശ്വാസമുണ്ടാവും. ശത്രുക്കളെ തോല്‍പ്പിക്കും. അഥവാ സ്വന്തം ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി മറികടക്കും. സഹായിക്കാനും പിന്തുണ നല്‍കാനും വേണ്ടപ്പെട്ടവരുണ്ടാവും. പൊതുവേ ജീവിതത്തോടുള്ള ഇഷ്ടം വര്‍ദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അഞ്ചിലെ ആദിത്യനാണ്. സന്താനങ്ങളെ സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ വരാം. പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടും. ബുദ്ധികൊണ്ട് പരിഹാരം കാണേണ്ടിടത്ത് വൈകാരികമായി പ്രതികരിക്കും. ചിലപ്പോള്‍ മറിച്ചും സംഭവിക്കും. ആറാം ഭാവാധിപന്‍ അഞ്ചില്‍ സഞ്ചരിക്കുകയാല്‍ ശത്രുവുണ്ടെങ്കിലും ഇല്ലെങ്കിലും വെറുതേ ആശങ്കപ്പെടുവാന്‍ ഇടയുണ്ട്.

ഇതെല്ലാം പൊതുഫലങ്ങള്‍ ആണെന്ന് ഓര്‍മ്മിക്കുക. മറ്റു ഗ്രഹങ്ങളുടെ ഗോചര ഫലവുമായി ഒത്തുനോക്കുമ്പോള്‍ ഇവിടെ വ്യക്തമാക്കിയ ഫലങ്ങള്‍ പാടേ മാറിമറിയാം. ചില സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുക മാത്രമാണ്. അവരവരുടെ ദശാപഹാരഛിദ്രാദി ഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം | ഫോൺ: +91 98460 23343

Avatar

Staff Reporter