അരിക്കൊമ്പന്റെ പേരിൽ തമിഴ്നാട്ടിൽ അമർഷം കനക്കുന്നു. പത്തുപേരെ കൊലപ്പെടുത്തിയ കാട്ടാനയെ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന വികാരമാണ് ജനങ്ങൾ പങ്കുവെക്കുന്നത്. മേഘമലയിലെത്തി ജനവാസ മേഖലയിലേക്ക് കടന്ന അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതി തമിഴ്നാട് വനം വകുപ്പും ഉന്നയിച്ചതോടെ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ ഒരു അന്തർ സംസ്ഥാന പ്രശ്നമായി മാറുകയാണ്.
മേഘമല എസ്റ്റേറ്റിലെ മേഘമല, ഹൈവേയ്സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളെല്ലാം വനത്തോടു ചേർന്നാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല.

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പനെ തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ കണ്ടെത്തിയത്. ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപെടുകയായിരുന്നു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു.
അതേസമയം, മേഘമലയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നതിനുള്ള വിലക്ക് തമിഴ്നാട് തുടരുകയാണ്. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെയും തമിഴ്നാട് വനംവകുപ്പ് മടക്കിയയച്ചു. എന്നാൽ, നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
YOU MAY ALSO LIKE THIS VIDEO | ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിലിതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ Konni