പ്രായ-ലിംഗ ഭേദമന്യേ ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. അമിതമായി തലയിൽ വിയർപ്പു നിൽക്കുകയും കെമിക്കൽ അടങ്ങിയ ഷാംപൂ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ് താരൻ രൂക്ഷമാകുന്നത് എന്നാണ് പറയപ്പെടുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ തലയിൽ ഉണ്ടാകുന്ന ഫംഗസാണ് താരൻ. ഇത് അമിതമായ ചൊറിച്ചിലിനും, ദേഹത്തും മുഖത്തും ഒക്കെ കുരുക്കൾ വരുന്നതിനും, തലയോട് വരണ്ടതാക്കാനും, അമിതമായ മുടി കൊഴിച്ചിലിനും കാരണമാകുന്നു.
താരൻ മാറാനായി ഇതിനോടകം തന്നെ നിങ്ങൾ പലവിധ പാക്കുകളും ഷാംപൂകളുമൊക്കെ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവും. എന്നാൽ വീട്ടില്‍ ലഭ്യമായ പ്രകൃതി ദത്ത ചേരുവകള്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തയ്യാറാക്കാവുന്ന മാസ്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്.
തൈരും നാരങ്ങയും മാത്രമാണ് ഇതിനു വേണ്ടത്. രണ്ട് ടേബിള്‍സ്പൂണ്‍ തൈരിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കുക. എന്നിട്ടിത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുപ്പത് മിനിട്ടിനു ശേഷം കട്ടി കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്. ഒരിക്കലും നാരങ്ങാ നീര് നേരിട്ട് തലയിൽ പുരട്ടരുത്. അതിലെ സിട്രിക് ആസിട് തലയോട്ടിൽ പലതരം അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. തൈരിലാണെകിൽ ലാക്ടിക് ആസിഡ്, പ്രോബയോട്ടിക്സ് തുടങ്ങിയ ധാതുക്കള്‍ ഉള്ളതിനാൽ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്.