മലയാളം ഇ മാഗസിൻ.കോം

ഭാര്യയോട്‌ നിങ്ങൾ ഇങ്ങനെയാണോ പുരുഷന്മാരേ, എങ്കിൽ നിങ്ങൾ പൊളിയാണ്‌, അല്ലെങ്കിൽ അവസ്ഥ ശോകമാകും

ദാമ്പത്യം എന്ന പവിത്ര ബന്ധത്തിൽ ചെറിയൊരു വിള്ളൽ പോലും വീഴാതെ നോക്കേണ്ടത്‌ ഇരുവരുടെയും ഉത്തരവാദിത്തമാണ്‌. ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽതന്നെ ഒന്നാണ്‌ പരസ്പര ബഹുമാനം. പങ്കാളിയെ പരിഗണിക്കാതെയുള്ള പെരുമാറ്റങ്ങൾ തീർച്ചയായും ദാമ്പത്യബന്ധങ്ങളിലെ പൊരുത്തക്കേടുകൾക്ക്‌ കാരണമാകും.

വിവാഹ ജീവിതത്തിൽ പുരുഷനൊപ്പം തന്നെ സ്ത്രീക്കും വ്യക്തിത്വവും സ്വതന്ത്രമായ ചിന്തകളും ആഗ്രഹങ്ങളും ഉണ്ടെന്ന്‌ മനസിലാക്കി പങ്കാളിയെ ചേർത്തുനിർത്തുന്നത്‌ പരസ്പര സ്നേഹം വർധിക്കാൻ ചെയ്യേണ്ട കാര്യമാണ്‌. നിങ്ങളുടെ ഭാര്യ നിങ്ങളെ ബഹുമാനിക്കണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം അവളെ ബഹുമാനിക്കണമെന്ന്‌ തിരിച്ചറിയുക. തീർച്ചയായും ഇപ്പറയുന്ന കാര്യങ്ങൾ ശീലമാക്കിയാൽ ദാമ്പത്യജീവിതം പരിപൂർണ്ണമാക്കാം.

ഭാര്യാഭർതൃ ബന്ധത്തിൽ സത്യസന്ധതയുടെ സ്ഥാനം വളരെ വലുതാണ്‌. പരസ്പരം സത്യസന്ധരായിരിക്കുക. നിങ്ങൾ നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കുന്നുവെങ്കിൽ അവളോട്‌ കള്ളങ്ങൾ പറയാതിരിക്കുക. നിങ്ങളോടുള്ള അവളുടെ വിശ്വാസത്തെ നശിപ്പിക്കാതിരിക്കാൻ എല്ലാ കാര്യങ്ങളും മനസുതുറന്ന്‌ പങ്കുവയ്ക്കുക.

നിങ്ങളുടെ ഭാര്യയോട്‌ നിങ്ങൾ ചെയ്യുന്ന ഏറ്റവും അനാദരവുള്ള പ്രവർത്തിയായിരിക്കും മറ്റുള്ളവരുടെ മുന്നിൽ അവളെ കളിയാക്കുകയോ തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്യുന്നത്‌. അവൾ ചെയ്ത കാര്യങ്ങൾ നിങ്ങളിൽ മുഷിപ്പുളവാക്കിയെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച്‌ ഒരിക്കലും അവളോട്‌ പ്രകോപിതനാവരുത്‌. സ്വയം നിയന്ത്രിക്കുക.

നിങ്ങൾക്ക്‌ നിങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഉണ്ടെങ്കിൽ നിങ്ങളുടെ ഭാര്യയുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകുക. അവളുടെ അഭിപ്രായത്തെയും മാനിക്കുക. അവൾ പറയുന്നതിനോട്‌ നിങ്ങൾക്ക്‌ യോജിപ്പില്ലെങ്കിലും അവളുടെ വാക്കുകൾ കേൾക്കാൻ തയ്യാറാവുക. അവൾ നിർദ്ദേശങ്ങളോ ഉപദേശങ്ങളോ നൽകുമ്പോൾ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുക.

നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കാനുള്ള മറ്റൊരു മാർഗം അവളുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കുക എന്നതാണ്‌. നിങ്ങളുടെ പങ്കാളിയിൽ നിങ്ങൾ കാണുന്ന കുറവുകളെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറയാതിരിക്കുക. പകരം, നിങ്ങൾ അവളിൽ കാണുന്ന കുറവുകളെയും സ്വഭാവങ്ങളെയും കുറിച്ച്‌ അവരോടു തന്നെ തുറന്നുപറയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുക.

നിങ്ങളുടെ ഭാര്യയുടെ വികാരങ്ങളോട്‌ ബഹുമാനം പുലർത്തുക. ഒരുമിച്ചു ചേർന്ന്‌ നാളുകളായെങ്കിൽ തീർച്ചയായും നിങ്ങൾക്ക്‌ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാനാവും. നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കുക എന്നതിനർത്ഥം അവരെ അസ്വസ്ഥരാക്കുമെന്ന്‌ നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നതാവണം.

ഒരു സ്ത്രീയെ ശകാരിക്കുകയെന്നത്‌ അനാദരവിന്റെ അടയാളമാണ്‌. നിങ്ങളോട്‌ ആരെങ്കിലും ദേഷ്യപ്പെട്ടാൻ നിങ്ങൾക്ക്‌ അനുഭവപ്പെടുന്ന അതേ മാനസികാവസ്ഥ തന്നെയാണ്‌ അവർക്കും ഉണ്ടാവുകയെന്നു മനസിലാക്കുക. അവരും അസ്വസ്ഥരാകും. നിങ്ങൾ എത്രമാത്രം ദേഷ്യപ്പെട്ടാലും അവളോട്‌ സംസാരിക്കുമ്പോഴെല്ലാം ശബ്ദം താഴ്ത്തി സംസാരിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ ചെറിയ ചെറിയ വഴക്കുകൾക്ക്‌ നിങ്ങളുടെ കുട്ടികളെയോ കുടുംബാംഗങ്ങളെയോ സാക്ഷികളാക്കാതിരിക്കുക. കാരണം മറ്റുള്ളവർ അവളോട്‌ എങ്ങനെ പെരുമാറും എന്നതിനെ ഇത്‌ ബാധിച്ചേക്കാം. ഒരു മാന്യൻ എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ഭാര്യയുമായി തർക്കിക്കുന്നത്‌ സ്വകാര്യമായ കാര്യമാക്കുക. നിങ്ങളുടെ പൊരുത്തക്കേടുകൾ സ്വകാര്യമായി പരിഹരിക്കുക.

ദൈവം പുരുഷനെ സൃഷ്ടിച്ചത്‌ ഒരു കുടുംബത്തിന്റെ തലവനോ നേതാവോ ആയിട്ടാണ്‌. എന്നാൽ ഇതിനർത്ഥം സ്ത്രീ അവനു കീഴ്പ്പെടണമെന്നല്ല. സ്ത്രീ പുരുഷനിലും താഴ്‌ന്ന ഒരാളാണെന്ന്‌ ഇതിനർത്ഥമില്ല. ഭാര്യ, ഭർത്താവ്‌ എന്നീ വേഷങ്ങൾ കുടുംബത്തിൽ ഒരു ക്രമം സൃഷ്ടിക്കുന്നതിനാണ്‌. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ മനുഷ്യാവകാശം തന്നെയാണ്‌ ഉള്ളത്‌. അതിനാൽ ഒരു വ്യക്തിയായി പരിഗണിച്ച്‌ ഭാര്യയോട്‌ പെരുമാറുക.

ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്നത്‌ ഒരിക്കലും ഒരു നല്ല പുരുഷനു ചേർന്ന പ്രവർത്തിയല്ല. നിങ്ങൾ ബഹുമാനിക്കേണ്ട ഒരാളെന്ന നിലയിൽ നിങ്ങളുടെ പങ്കാളിയെ ശാരീരികമായി ദുരുപയോഗം ചെയ്യരുത്‌.

നിങ്ങളുടേതായ ചിന്തകൾ, വിശ്വാസങ്ങൾ, തത്ത്വങ്ങൾ എന്നിവ ഭാര്യയിൽ ഒരിക്കലും അടിച്ചേൽപിക്കരുത്‌. നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും കാര്യങ്ങളെക്കുറിച്ച്‌ ഒരേ മനസ്സാമെങ്കിൽ നല്ലൊരു ദാമ്പത്യത്തിന്‌ യോജിച്ചതാണത്‌. പല ദമ്പതികളും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാകുമെന്നതിനാൽ അവരിൽ വ്യത്യാസങ്ങളുമുണ്ടാകാം. അവളുടെ ആഗ്രഹത്തിനെതിരായി നിങ്ങളുടെ വഴികളിലൂടെ അവളെ നടത്താൻ നിർബന്ധിതരാക്കാതിരിക്കുക.

നിങ്ങളുടെ ഭാര്യക്ക്‌ സ്വന്തം ഇച്ഛാശക്തിയും കാര്യങ്ങൾ ചെയ്യാനുള്ള മുൻഗണനകളും കാഴ്ചപ്പാടുകളുമുണ്ട്‌. അവൾ മറ്റൊരു അന്തരീക്ഷത്തിൽ വളർന്നാണ്‌ നിങ്ങളിലെത്തിയതെന്ന്‌ മനസിലാക്കുക. നിങ്ങളുടെ ആദർശം സ്വീകരിക്കാൻ അവളെ നിർബന്ധിതയാക്കാതിരിക്കുക. നിങ്ങളുടെ ഭാര്യയെ അംഗീകരിക്കുകയും നിങ്ങളോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുകയും ചെയ്യുക.

Staff Reporter