മലയാളം ഇ മാഗസിൻ.കോം

ചുണ്ടൻ, വെറുമൊരു കളിവളളമല്ല, അതൊരു സംസ്കാരത്തിന്റെ ദേവയാനമാണ്: ഇന്ന് ആറന്മുള ഉതൃട്ടാതി വള്ളംകളി

കുട്ടനാടൻ സംസ്കാരത്തിന്റെ സമസ്തമേഖലകൾക്കും ഒരു തനതു ഭാവമുണ്ട്. അത്, ജീവിതശൈലിയായാലും, സംസാരശൈലിയായാലും, വാക്കായാലും, സ്വപ്നങ്ങൾക്കു പോലും വേറിട്ട ഒരു വ്യക്തിത്വമുണ്ട്.

വയൽപ്പാട്ടുകളുടെ മധുരവീചികളിൽ സ്വയം മറക്കുന്ന കായൽപുളിനങ്ങളിൽ, കൈക്കരുത്തും, മെയ്‌ക്കരുത്തും കൊണ്ട് ആവേശം പടർത്തുമ്പൊഴും; അതിനും കുട്ടനാടിന്റേതായ താളവും സംഗീതവുമുണ്ട്. അതേ, കരുത്തിന്റെ മാമാങ്കമാണ് കുട്ടനാടിന്റെ ജലോത്സവങ്ങൾ. ലോകത്തിൽ, ഒരു ടീമിൽ ഏറ്റവുമധികം അംഗങ്ങൾ പങ്കെടുക്കുന്ന മറ്റൊരു കായികമത്സരവുമില്ല. കേരളീയന്റെ നിറവിന്റെയും സമൃദ്ധിയുടെയും ഉത്സവക്കാലമായ പൊന്നോണനാളുകളെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്ന മറ്റൊരു കായിക വിനോദവും ഇല്ലെന്നു തന്നെ പറയാം. കുട്ടനാടിന്റെ ഈ കലാമാമാങ്കം, സംസ്ഥാനവും, രാജ്യവും പിന്നിട്ട് രാജ്യാന്തരങ്ങളിൽ നിന്നു വരെ ആസ്വാദകരെ കായൽക്കരകളിലേയ്‌ക്കു സ്വാഗതം ചെയ്യുന്നതിനു പിന്നിൽ, കയ്യും,മെയ്യും,സംഗീതവും, വിശാലമായ കായൽപ്പരപ്പും ചേർന്നൊരുക്കുന്ന സ്വർഗ്ഗീയാനുഭൂതി തന്നെയാണ്.

സ്ഥാപത്യവേദത്തിൽ നിന്നുമാണ് ചുണ്ടൻ വള്ളങ്ങളുടെ ശാസ്ത്രീയപ്രമാണങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നതു തന്നെ വള്ളങ്ങളുടെ നിർമ്മിതിയിലെ പരിപൂർണ്ണതയ്‌ക്കു തെളിവാണ്. ഭൂമിയുടെ ഗുരുത്വാകർഷണം, കാന്തികമണ്ഡലം, കാറ്റ്, സൂര്യപ്രകാശം തുടങ്ങിയ ഊർജ്ജസ്രോതസ്സുകളെ അനുകൂലമാക്കിക്കൊണ്ടുള്ള വാസ്തുവിദ്യാശാസ്ത്രമാണ് സ്ഥാപത്യവേദം വിഭാവനം ചെയ്തിട്ടുള്ളത്. ഓളപ്പരപ്പുകളിൽ ഗതിവ്യതിയാനം സംഭവിക്കാതെ കുതിച്ചു മുന്നേറാനുള്ള ചുണ്ടൻ വള്ളങ്ങളുടെ വാസ്തുമികവിനു പിന്നിൽ ഈ ശാസ്ത്രീയ അടിത്തറയാണ്.

ആദ്യ ചുണ്ടൻ വള്ളങ്ങളുടെ നിർമ്മിതി, ചെമ്പകശ്ശേരി രാജാവിന്റെ യുദ്ധ സന്നാഹത്തിനു വേണ്ടിയുള്ളതായിരുന്നുവെന്നു ചരിത്രം. ഈ വള്ളങ്ങളുടെ നിർമ്മിതിയിലും, തുഴച്ചിൽക്കാരുടെ എണ്ണത്തിലുമെല്ലാം വ്യക്തമായ കണക്കുകളും, ലക്ഷ്യാർത്ഥങ്ങളുമുണ്ടെന്നതാണ് ഏറെ സവിശേഷമായ വസ്തുത.

കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരിയാണ് ചുണ്ടൻ വള്ളത്തിന്റെ ആദ്യ മാതൃക ചെമ്പകശ്ശേരി രാജാവിനു സമർപ്പിക്കുന്നത്. ഈ വള്ളത്തിൽ അണി നിരക്കുന്ന 64 തുഴച്ചിൽക്കാർ 64 കലകളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. അതിൽ ഒന്നു മുതൽ പതിനെട്ടു വരെയുള്ള തുഴച്ചിൽക്കാർ ആയോധന കലയിലെ പതിനെട്ട് അടവുകളെയും; അതിൽത്തന്നെ ഒന്നു മുതൽ എട്ടു വരെയുള്ള തുഴച്ചിൽക്കാർ അഷ്ടദിക്‌പാലകരെയും പ്രതിനിധീകരിക്കുന്നു. ചുണ്ടൻ വള്ളത്തിന്റെ അമരത്ത് (ഏറ്റവും പിൻഭാഗത്തെ വള്ളത്തിന്റെ ഉയർന്ന ഭാഗത്ത്) പങ്കായമേന്തി നിൽക്കുന്ന കരുത്തന്മാരായ നാലു പേർ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വ വേദം എന്നിങ്ങനെ നാലു വേദങ്ങളെ പ്രതിനിധീകരിക്കുന്നു. ഭാരതീയ വിശ്വാസപ്രകാരം പ്രപഞ്ചഗതിയുടെയും, സമസ്ത ജ്ഞാനത്തിന്റെയും ആധാരശിലകളായ ചതുർവ്വേദങ്ങളെ പ്രതിനിധീകരിച്ചു നില കൊള്ളുന്ന ഈ നാല് അമരക്കാരാണ് വള്ളത്തിന്റെ ഗതിയും, വേഗവും നിയന്ത്രിക്കുന്നവർ.

അസാമാന്യ കരുത്തിന് ഉടമകളായിരുന്നു ഇവർ. പന്ത്രണ്ടടി നീളമുള്ള ഭാരമേറിയ പങ്കായം നെഞ്ചിനു നേരേ ഉയർത്തി, മറ്റൊരു താങ്ങില്ലാതെ, കേവലം കൈക്കരുത്ത് ഒന്നു കൊണ്ടു മാത്രം ലംബമായി നിർത്താൻ പ്രാപ്തിയുള്ളവരായിരുന്നു ഇവർ. എന്നാൽ ഇന്നുള്ളവർക്ക് ഇങ്ങനെയൊരു കാര്യം ചിന്തിക്കുക പോലും അസാദ്ധ്യമാണ്. ചുണ്ടൻ വള്ളങ്ങളിൽ പ്രഥമഗണനീയരാണ് അമരക്കാർ.

ചുണ്ടൻ വള്ളങ്ങളുടെ തലമരത്തിൽ (ഉയർന്നു നിൽക്കുന്നതും ചിത്രപ്പണികളോടു കൂടിയതുമായ അമരം) ചാർത്തുന്ന നെറ്റിപ്പട്ടത്തിൽ ഒൻപതു സ്വർണ്ണക്കുമിളകളാണുള്ളത്. ഈ ഒൻപതു സ്വർണ്ണക്കുമിളകൾ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്. അമരത്തിന്റെ ഇരു വശങ്ങളിലുമായി ഓരോ കുമിളകൾ ഉണ്ടാവും. ഇത് സൂര്യചന്ദ്രന്മാരായും, രാത്രിപകലുകളായും സങ്കൽപ്പിച്ചിരിക്കുന്നു. ഇങ്ങനെ പ്രകൃതിയുടെ സമസ്ത ഊർജ്ജസ്രോതസ്സുകളെയും ആവാഹിച്ചെടുത്ത് യഥാസ്ഥാനങ്ങളിൽ ചേർത്തിണക്കിക്കൊണ്ടാണ് ചുണ്ടൻ വള്ളങ്ങളുടെ രൂപകൽപ്പന.

ചുണ്ടൻ വള്ളങ്ങളുടെ ഏറ്റവും മുൻഭാഗത്തുള്ള കൂർത്ത കൂമ്പ്(ചുണ്ട്) ആണ് ഈ വള്ളങ്ങൾക്ക് ചുണ്ടൻ എന്ന പേരു വരാൻ കാരണം. അഗ്രഭാഗം കൂർത്തിരിക്കുന്നതിനാൽ അമരത്തു നിൽക്കുന്നവർക്കു മുതൽ ശത്രുക്കളെ വളരെ വേഗം തിരിച്ചറിയാനും നേരിടാനും കഴിയും. രൂപത്തിന്റെ പ്രത്യേകതകൊണ്ടു തന്നെ വളരെ വേഗത്തിൽ, ആളപായമില്ലാതെ വെട്ടിത്തിരിയാനും, വെള്ളത്തിൽ മറിഞ്ഞു പോകാതിരിക്കാനും, ആധുനിക കാലത്തെ ബോട്ടിനു സമാനമായ, ഒരു പക്ഷേ ബോട്ടിനേക്കാൾ വേഗതയിൽ തന്നെ കുതിയ്‌ക്കുവാനുമുള്ള കഴിവ് ചുണ്ടൻവള്ളങ്ങൾക്കുണ്ട്. ആദ്യത്തെ പതിനെട്ട് അഭ്യാസികൾക്ക് ഇരുവശത്തു കൂടിയും അടുക്കുന്ന ശത്രുക്കളെ വെട്ടി വീഴ്‌ത്തുന്നതിനും ഈ രൂപഗുണം ഉപകരിക്കുന്നു.

ചുണ്ടൻ വള്ളങ്ങളുടെ നടുഭാഗത്തായുള്ള ‘നടുത്തട്ട്’ ആയുധങ്ങൾ സൂക്ഷിക്കാനുള്ള ഇടമായിരുന്നുവെന്നു കരുതപ്പെടുന്നു. ചുണ്ടൻ വള്ളം തുഴയുന്നതിനു താളമുണ്ട്. അത് ഇടിത്താളം എന്നാണറിയപ്പെടുന്നത്. നടുത്തട്ടിൽ നിന്നു കൊണ്ട് കൃത്യമായ ‘കാല’ത്തിൽ ഇടിത്താളം മുഴങ്ങുന്നതിനനുസരിച്ചാണ് തുഴക്കാർ തുഴയെറിയുന്നത്. ഈ താളക്രമം പിൻതുടരുന്നതു കൊണ്ടാണ് വളരെയടുത്തിരിക്കുന്ന തുഴക്കാരുടെ തുഴകൾ തമ്മിൽ കൂട്ടിയിടിക്കാതെയിരിക്കുന്നത്.

എന്നാലിന്ന് മത്സരത്തിന്റെ ചൂടേറിയതോടെ, ശാസ്ത്രീയമായ കണക്കുകൾ പലതും തെറ്റിച്ചാണ് ചുണ്ടൻവള്ളങ്ങൾ പണിയുന്നതെന്നത് ഒരു ദുഃഖസത്യമാണ്. അത് വള്ളത്തിന്റെ ആയുസ്സിനെയും, വേഗതയെയും, സന്തുലിതാവസ്ഥയെയുമൊക്കെ പ്രതികൂലമായി ബാധിയ്‌ക്കുന്ന ഘടകങ്ങളാണ്. തുഴയുന്ന ആളെണ്ണം വർദ്ധിപ്പിയ്‌ക്കുന്നതിനായി നിയതമായ രൂപഘടനയിൽ വരുത്തിയ ഈ മാറ്റം ഗുണകരമായതല്ലെന്നു തന്നെയാണ് പല അനുഭവസ്ഥരുടേയും, വിദഗ്‌ദ്ധരുടേയും അഭിപ്രായം.

ചെമ്പകശ്ശേരി സ്വരൂപത്തിന്റെ യുദ്ധവിജയങ്ങളുടെ നെടുംതൂണുകൾ ആയിരുന്നു ഈ ജലയാനങ്ങൾ. ഈ വൃത്താന്തമറിഞ്ഞ് കായം‌കുളം രാജാവ് നാരായണൻ ആചാരിയെ വിളിച്ചു വരുത്തി സമാനമായ ഒരു വള്ളം പണികഴിപ്പിക്കുകയുണ്ടായി. ഇതറിഞ്ഞ ചെമ്പകശ്ശേരി രാജാവ് നാരായണൻ ആചാരിയെ തുറുങ്കിലടയ്‌ക്കുകയും ശിരശ്ഛേദം ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ വരുന്ന യുദ്ധം കഴിഞ്ഞതിനു ശേഷം മാത്രം തന്നെ വധിച്ചു കൊള്ളുവാൻ ആചാരി അഭ്യർത്ഥിച്ചു. യുദ്ധത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ചെമ്പകശ്ശേരിയുടെ പടവള്ളങ്ങൾ വള്ളപ്പാടുകൾ കുതിച്ചു മുന്നേറിയപ്പോൾ, കായം‌കുളം രാജാവിന്റെ ചുണ്ടൻ വള്ളങ്ങൾ പിന്നോക്കം പോവുകയാണുണ്ടായത്. നാരായണൻ ആചാരി കായം‌കുളം രാജാവിന് പണിതീർത്തു നൽകിയത് ചുണ്ടൻ വള്ളമായിരുന്നില്ല, പകരം പള്ളിയോടങ്ങളുടെ മാതൃകയിലുള്ള വള്ളമായിരുന്നു. (പള്ളിയോടങ്ങൾ ചുണ്ടൻവള്ളങ്ങളിൽ നിന്നും വ്യത്യസ്തസ്ഥമായി അർദ്ധചന്ദ്രാകൃതിയിലുള്ളതും, അമരവും അണിയവും ഉയർന്നു നിൽക്കുന്നതും വളരെ വേഗം മറിഞ്ഞു പോകുന്നതുമാണ്.‌

തച്ചുശാസ്ത്രത്തിന്റെ കൃത്യതയുടെയും, അളവുകളുടെയും തികവിന്റെ മകുടോദാഹരണമാണ് ഈ സംഭവം. ഇതേത്തുടർന്ന് ചെമ്പകശ്ശേരി രാജാവ് നാരായണൻ ആചാരിയ്‌ക്ക് 200 പറ കണ്ടം കരമൊഴിവായി പതിച്ചു നൽകുകയും, പട്ടും വളയും നൽകി ആദരിക്കുകയും, ചെമ്പകശ്ശേരി രാജാക്കന്മാരുടെ സ്ഥാനപ്പേരായ ദേവനാരായണൻ എന്ന പേരു കൂടി നൽകി ആചാരിയെ തന്നോളം ഉയർത്തി ആദരിച്ച കഥയും ഈ ചുണ്ടൻവള്ളങ്ങളുടെ പെരുമയോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. അന്നു മുതൽ കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരി വെങ്കിടായിൽ ദേവനാരായണൻ ആചാരി എന്ന പേരിൽ അറിയപ്പെട്ടു. ദേവനാരായണൻ ആചാരിയുടെ പിൻഗാമികളായി, ആ കുടുംബത്തിൽ ഇന്നാരും ചുണ്ടൻ വള്ളങ്ങൾ പണിയുന്നവരില്ല. അദ്ദേഹത്തിന്റെ പേരിൽ, രാമങ്കരിയ്‌ക്കു സമീപം കൊടുപ്പുന്ന എന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിലവിലുണ്ട്.

വിളവെത്തിയ ആഞ്ഞിലിത്തടിയാണ് ചുണ്ടൻ വള്ളങ്ങളുടെ നിർമ്മിതിയ്‌ക്കായി ഉപയോഗിക്കുക. ഇരു വശങ്ങളിലും മാതാവ് എന്നു പേരായ രണ്ടു പലകകളും, നടുവിൽ ഏരാവ് എന്നു പേരായ പലകയും കൂട്ടിച്ചേർത്ത്, ചെഞ്ചല്യം വെളിച്ചെണ്ണയിൽ തിളപ്പിച്ച് പഞ്ഞി ചേർത്തരച്ചു കൂട്ടിയെടുക്കുന്ന പശ ചേർത്ത് ഒട്ടിച്ച് നിർമ്മിയ്‌ക്കുന്ന ചുണ്ടൻവള്ളങ്ങൾക്ക്, നിർമ്മിതിയുടെ ആദ്യപടിയായി മാവിൻ തടികൊണ്ട്, വള്ളത്തിന്റെ ഉള്ളളവിൽ അച്ചുണ്ടാക്കും. ഇതിനു ശേഷമാണ് മാതാവ്-ഏരാവ് പലകകൾ ചേർത്തൊട്ടിയ്‌ക്കുന്നത്.

ചുണ്ടൻ‌ വള്ളങ്ങളുടെ നിർമ്മിതി മുതൽ, അന്ന് യുദ്ധമുഖത്തായാലും, ഇന്നു മത്സരമുഖത്തായാലും ആചാരപരതയുടെ നിത്യസാന്നിദ്ധ്യം ദൃശ്യമാണ്. തടി മുറിയ്‌ക്കുന്നതും, അച്ച് നിർമ്മിയ്‌ക്കുന്നതും, നീറ്റിലിറക്കുന്നതുമെല്ലാം പ്രാർത്ഥനയും, പൂജയും, സമർപ്പണവും, വ്രതശുദ്ധിയുമെല്ലാം കലർന്ന ചടങ്ങുകളോടെയാണ്. അച്ചിൽ മൂന്നു പലകകൾ ചേർത്തൊട്ടിച്ച ശേഷം വള്ളം മലർത്തുന്ന ചടങ്ങും ആചാരപൂർവ്വം തന്നെയാണ് നിർവ്വഹിക്കപ്പെടുക.

ഇടിത്താളത്തിനായുള്ള ‘ഇടിത്തടി’ നിർമ്മിയ്‌ക്കുന്നത് കാഞ്ഞിരം, പുന്ന തുടങ്ങിയ തടികൾ കൊണ്ടും, തുഴകൾ ഏറിയ കൂറും വിളവെത്തിയ ചൂണ്ടപ്പന ഉപയോഗിച്ചോ ആവും.

കുട്ടനാട്ടുകാർക്ക്, ജാതിമതഭേദമെന്യേ ദേവതാസ്ഥാനം തന്നെയാണ് ചുണ്ടൻ വള്ളങ്ങൾക്ക്. തങ്ങളുടെ നാടിന്റെ, പെരുമയ്‌ക്കും, കീർത്തിയ്‌ക്കും, അഭിമാനത്തിനും കാവലും കുതിപ്പുമേകുന്ന നാടിന്റെ അഭിമാനയാനങ്ങൾ. നഗ്നപാദരായല്ലാതെ, ഒന്നു തൊട്ടു തൊഴുതല്ലാതെ, വലം‌കാലൂന്നിയല്ലാതെ ഒരു കുട്ടനാട്ടുകാരനും ചുണ്ടൻ വള്ളങ്ങളിൽ പ്രവേശിക്കുക പോലുമില്ല.

കരുത്തന്മാരുടെ മഹാമാമാങ്കമാണ് ജലമേളകൾ. വള്ളം കളിയുടെ ആരവങ്ങൾ, കുട്ടനാട്ടുകാരുടെ ഹൃദയാരവങ്ങളാണ്. അതാ മണ്ണിൽ കുരുത്ത ഓരോ മനുഷ്യന്റെയും സിരകളിലലിഞ്ഞ സർഗ്ഗോന്മാദമാണ്. ചുണ്ടൻ വള്ളം വെറുമൊരു കളിവള്ളമല്ല… അതൊരു നാടിന്റെ, സംസ്കൃതിയുടെ, പ്രൗഢമായ ചരിത്രത്തിന്റെ, കരുത്തിന്റെ, കലയുടെയൊക്കെ പതാകാവാഹിയായ ദേവയാനമാണ്…

Avatar

Staff Reporter