ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഏറെ ഞെട്ടലോടെ കേട്ട ഒരു വാർത്ത ആയിരുന്നു എറണാകുളത്ത് ഒന്നര വയസുകാരനെ അമ്മൂമ്മയുടെ കാമുകൻ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി എന്നത്. സംഭവവത്തിൽ ജോൺ ബിനോയ് ഡിക്രൂസ് എന്നയാളാണ് പ്രതി. അങ്കമാലി പാറക്കടവ് കൊടുശ്ശേരി സജീവിന്റെയും ിക്‌സിയുടെയും മകൾ നോറയാണ് കൊല്ലപ്പെട്ടത്. സജീവിന്റെ മാതാവ് സിപ്സിയുടെ കാമുകനാണ് ജോൺ ബിനോയ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകനായ ആൻഡേഴ്സൻ എഡ്വേർഡ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ശ്രദ്ധയാകുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.
എറണാകുളം കലൂർ ദേശാഭിമാനി ജംഗ്ഷന് എതിർ വശം പോണോത്ത് റോഡിലാണ് എൻ്റെ ഓഫീസുള്ളത്, മിക്ക ദിവസവും രാത്രി 10 മണിയ്ക്ക് ശേഷം ഭക്ഷണത്തിനായി പുറത്തേക്കിറങ്ങുമ്പോൾ പോണോത്ത് റോഡിലെ അടച്ചിട്ട ബേക്കറിയ്ക്ക് മുന്നിൽ ഉടുത്തൊരുങ്ങി ഒരു സ്ത്രീ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പലരും അവരുടെ ശരീരത്തിന് വില പേശുന്നതും പല വാഹനങ്ങളിൽ അവർ കയറി പോകുന്നതും നേരിൽ കണ്ടിട്ടുണ്ട്, കൊച്ചിയുടെ വേറിട്ട മുഖവും കാഴ്ചകളും ഒരു നാട്ടിമ്പുറത്തുകാരൻ്റെ കണ്ണിൽ തെറ്റായി തോന്നിയെങ്കിലും സാഹചര്യങ്ങൾ കൊണ്ട് തെരുവിൽ ശരീരം വിൽക്കേണ്ടി വരുന്ന അവരുടെ അവസ്ഥ ഓർത്ത് ദു:ഖവും തോന്നിയിരുന്നു.

ഒരു ദിവസം എന്നിലെ സദാചാരക്കാരൻ ഉണർന്നു, എങ്ങനെയും ഈ തൊഴിലിൽ നിന്ന് അവരെ പിന്തിരിപ്പിക്കണം എന്ന് തോന്നി അവരുടെ മുന്നിലെത്തി, എന്തിനാണ് ഇങ്ങനെ പാതിരാത്രി തെരുവിൽ നിൽക്കുന്നത്, ഭക്ഷണത്തിന് പണമില്ലാത്തതു കൊണ്ടാണോ, നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചു കൂടെ എന്ന എൻ്റെ ചോദ്യത്തിന് പകരമായി നീയാരാടാ മൈ## എന്നെ നന്നാക്കാൻ കാശുണ്ടോ കയ്യിൽ, കാശ് തന്നിട്ട് നീ കൊണവതികാരം പറയ് എന്ന മറുപടിയിൽ ഞാൻ ധന്യനായി നടന്നു നീങ്ങി. അത് അവരുടെ ന്യായവും നിലപാടുമായിരിക്കാം.
സ്ത്രീയായതുകൊണ്ടും എൻ്റെ അമ്മയേക്കാൾ പ്രായം തോന്നിയതുകൊണ്ടും ഒന്നും തിരികെ പറയാൻ തോന്നിയില്ല. പറഞ്ഞിട്ട് കാര്യവുമില്ല. എന്നോട് തന്നെ വല്ലാത്തൊരു അമർഷം തോന്നിയ സമയങ്ങൾ, ഞാൻ ചോദിച്ചത് തെറ്റായോ എന്ന തോന്നലും ഉണ്ടായിരുന്നു.
പിന്നീട് ഒരു ദിവസം കലൂർ സെൻ്റ് ആൻ്റണീസ് പള്ളിയ്ക്കടുത്തുളള ഹെയർ കട്ടിംഗ് ബ്യൂട്ടീ പാർലറിൽ വച്ച് ആ സ്ത്രീയെ വീണ്ടും കാണാനിടയായി, അവർ എന്നെ തിരിച്ചറിഞ്ഞിട്ടാകണം എന്നെ നോക്കിയിട്ട് ഫോൺ എടുത്ത് ചെവിയിൽ വച്ച്, ആണുങ്ങളുടെ വില കളയാൻ ഒരുത്തൻ ഇറങ്ങിയിട്ടുണ്ട് എന്നൊക്കെ ഉറക്കെ പറഞ് ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവിടെ നിന്ന് ഇറങ്ങിപ്പോന്നു.
ഒരാഴ്ച മുൻപ് ഒരു വൈകുന്നേരത്ത് വീണ്ടും അവരെ നേരിൽ കണ്ടു, ഇരുപത്തഞ്ച് വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറിയ കുഞ്ഞും കൂടെയുണ്ട്, എന്നെ കണ്ടതും ഒരു കാറിത്തുപ്പൽ പാസാക്കി അവർ അടുത്ത് കിടന്ന കാറിനുള്ളിലേക്ക് കയറുകയും പോകുകയും ചെയ്തു. അവിടെ നിന്ന് അടുത്തുള്ള കലൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലേക്ക് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു. നന്മ മാത്രം ഉദ്ദേശിച്ച് ചെയ്ത ഒരു കാര്യത്തിൻ്റെ പേരിൽ പരസ്യമായി അവഹേളിക്കപ്പെടുക. കുറ്റം ചെയ്യാതെ ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരിക. വല്ലാത്തൊരു മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ.

അവിടെ നിന്ന് ബൈക്ക് മുന്നോട്ട് എടുത്ത് നൂറ് മീറ്റർ എത്തും മുൻപ് പിന്നാലെ പാഞ്ഞെത്തിയ ഒരു ഇന്നോവ കാർ എന്നെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി, ഹെൽമറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലയ്ക്ക് പരിക്കേറ്റില്ല. ബൈക്ക് തകർന്നെങ്കിലും കാലിലും പുറത്തും ചെറിയ ചതവുകളോടെ ഞാൻ രക്ഷപെട്ടു. ചുരുക്കം ചില സുഹൃത്തുക്കളോട് അപകടം നടന്നത് പറഞ്ഞിരുന്നെങ്കിലും പലരും അത് വിശ്വസിച്ചില്ല. ചിലർ പിന്നീട് മിണ്ടാതെയുമായി, എന്തായാലും ജീവൻ പോകാതെ രക്ഷപെട്ടു. ആയുർവേദ ചികിത്സയ്ക്കൊടുവിൽ വീണ്ടും വാഹനം ഓടിച്ചു തുടങ്ങി, ഇന്നലെ പകൽ വീണ്ടും കലൂർ പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു.
ജോലികളുടെ തിരക്കിലേക്ക് വീണ്ടും തുടരുന്നതിനിടയിൽ കലൂരിനടുത്ത് ഒരു പിഞ്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന വിവരം കാട്ടുതീ പോലെയെത്തി, വാർത്തകൾ വന്നു തുടങ്ങി, മുത്തശ്ശിയുടെ കാമുകനാൽ കൊല ചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ ചിത്രം കണ്ടപ്പോൾ ഞാൻ എവിടെയോ കണ്ടു മറന്ന ഒരു മുഖം, പ്രതിയായി പോലീസ് പിടിച്ചയാളെ അതിലും പരിചയം തോന്നി, അൽപ്പം മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട മുത്തശ്ശിത്തള്ളയുടെ മുഖത്തിന് കലൂരിലെ തെരുവോരത്ത് ശരീരം വിൽക്കുന്ന ആ സ്ത്രീയുടെ മുഖച്ഛായയാണെന്നതും തിരിച്ചറിയാൻ കഴിഞ്ഞു.
തെറ്റ് ചെയ്യാതെ പരസ്യമായി ഞാൻ അവഹേളിക്കപ്പെട്ടപ്പോൾ മനസ്സുരുകി എൻ്റെ കണ്ണു നിറഞ്ഞത് പ്രകൃതിയറിഞ്ഞിട്ടുണ്ടാകും. ഞാനൊരു പുണ്യാളനല്ല, പക്ഷേ ഒരാൾക്കും ദോഷം വരുന്നതൊന്നും നാളിതുവരെയും ചെയ്തിട്ടില്ല എന്ന് എനിയ്ക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്. ഇന്നല്ലെങ്കിൽ നാളെ നന്മ വിജയിക്കുക തന്നെ ചെയ്യും. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടും. എല്ലാത്തിനും കലൂർ അന്തോനീസ് പുണ്യാളൻ സാക്ഷി.
YOU MAY ALSO LIKE THIS VIDEO