മലയാളം ഇ മാഗസിൻ.കോം

അഞ്ചൽ കൊലപാതകം: നിർണ്ണായക തെളിവുകൾ ലഭിച്ചു, തുണയായത്‌ ഉത്രയുടെ ആ ഫോൺ കോളും

കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ്. സംഭവത്തില്‍ അന്വേഷണ സംഘത്തിന് തുണയായത് ഉത്രയുടെ തന്നെ ഒരു ഫോണ്‍ കോള്‍. സൂരജിന്‍റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്നേഹിതർ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇത് മൊഴിയായി ലഭിച്ചതോടെയാണ് പാമ്പ് പിടിത്തക്കാരും സൂരജും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംഘം ഇറങ്ങിത്തിരിച്ചത്.

മരിച്ച ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സൂരജും പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധമാണ് ഇതില്‍ നിര്‍ണായകമായത്. സൂരജിന് ഇത്തരത്തിലുള്ള സുഹൃത്തുക്കള്‍ ആറ് മാസമായിട്ട് ഉണ്ടായിരുന്നതായി അന്വേഷണത്തിനിടെ കൃത്യമായ വിവരം ലഭിച്ചു. കല്ലുവാതക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ് കേസില്‍ സുപ്രധാന വഴിത്തിരിവായത്. ആറ് മാസമായി ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റസമ്മതം നടത്തുകയായിരുന്നു . പതിനായിരം രൂപയ്ക്കാണ് കൊടുവിഷമുള്ള മൂര്‍ഖനെ സുരേഷിന്‍റെ കൈയില്‍ നിന്ന് സൂരജ് വാങ്ങിയത്.

അതേ സമയം സംഭവത്തിൽ മറ്റൊരു നിര്‍ണ്ണായ വെളിപ്പെടുത്തല്‍. പാമ്പ് പിടിത്തക്കാരൻ സുരേഷിന്റെ മകനാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. സൂരജ് പാമ്പുകളെ കാണണമെന്ന് പറഞ്ഞ് ആദ്യം വിളിച്ചിരുന്നു. അങ്ങനെ പാമ്പുമായി ചെന്നപ്പോള്‍ വീട്ടില്‍ ഒരു ദിവസം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സുരേഷിന്റെ മകൻ സനല്‍ പറഞ്ഞു. എലിയെ പിടിക്കാനെന്ന് പറ‍ഞ്ഞാണ് രണ്ടാമത് 10000 രൂപ നല്‍കി പാമ്പിനെ വാങ്ങിയതെന്നും സനല്‍ പറയുന്നു.

പാമ്പുകളുമായി ഇടപഴകണമെന്ന് പറഞ്ഞ് സുരേഷിനെ ആദ്യം സമീപിച്ചപ്പോള്‍ തന്നെ വിഷമുള്ള പാമ്പുണ്ടോ എന്നാണ് സൂരജ് അന്വേഷിച്ചിരുന്നത്. ആദ്യം അണലിയെ നല്‍കിയപ്പോള്‍ ഇത് ഇിവടെ കിടക്കട്ടേ എന്നും നാളെ ഇതെടുക്കുന്ന രീതിയ്ക്ക് വരുമ്പോള്‍ വീഡിയോ എടുക്കാമെന്നും പറഞ്ഞു. പിറ്റേന്ന് സുരേഷ് ചെല്ലുമ്പോള്‍ പാമ്പ് ഇഴഞ്ഞ് പോയെന്നാണ് സൂരജ് പറഞ്ഞിരുന്നത്. ശേഷം രണ്ട് മാസം കഴിഞ്ഞാണ് വിളിക്കുന്നത്. അന്ന് മൂര്‍ഖൻ പാമ്പിനെ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ സുരേഷ് മൂര്‍ഖനുമായി പോകുകയും ക്ലാസ്സ് എടുത്ത് കൊടുക്കുകയും ചെയ്തു. ഉത്ര പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

എലിശല്യം കാരണം മൂര്‍ഖനെ ഇവിടെ ഇട്ടിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് സുരേഷിന് 10000 രൂപ നല്‍കുകയും ചെയ്തു. ഉത്രയുടെ മരണം അറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നുെവന്നും അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കാൻ അച്ഛനോട് പറഞ്ഞെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭയത്താല്‍ അച്ഛൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും സനല്‍ പറയുന്നു.

നേരത്തെ വിവാഹ സമ്മാനമായി പണവും സ്വർണവും നൽകിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നൽകിയിരുന്നുവെന്ന് ഉത്രയുടെ പിതാവ്‌ ആവർത്തിച്ചു. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു. സൂരജ് നല്ല അഭിനേതാവാണെന്ന് ഉത്രയുടെ മാതാപിതാക്കൾ. തെളിവെടുപ്പിനു വീട്ടിൽ കൊണ്ടു വന്നപ്പോൾ കാഴ്ച വച്ചതിനേക്കാൾ മികച്ച അഭിനയമായിരുന്നു ഉത്രയുടെ മരണ ദിവസത്തേതെന്നും പറഞ്ഞു.

മരണ സമയത്ത്‌ ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ച് മരണം ഉറപ്പാക്കാൻ സൂരജ് ശ്രമിച്ചു. മാർച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോൾ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നൽകിയെന്നുമാണു സൂരജ് നൽകിയ മൊഴി. എന്നാൽ പുലർച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയിൽ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കൾ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു.

8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുൻപേ എത്തി. രാത്രി സൂരജ് എല്ലാവർക്കും ജ്യൂസ് ഉണ്ടാക്കി നൽകി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയിൽ പാമ്പിനെ കടിപ്പിച്ചത്.

ഇതിനു മുൻപു തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താൻ ചില മരുന്നുകൾ നൽകിയതായി സൂരജ് സമ്മതിച്ചു. തുടർന്ന് ആ രാത്രി മുഴുവൻ അയാൾ അതേ മുറിയിൽ കഴിഞ്ഞു. ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോൾ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേർന്ന് മകളെ ആശുപത്രിയിൽ കൊണ്ടുപോയതെന്ന് അച്ഛൻ വിജയസേനൻ പറഞ്ഞു.

Avatar

Staff Reporter