മലയാളം ഇ മാഗസിൻ.കോം

അൽപം വൈകല്യമുള്ള ഉത്രയെ വിവാഹം ചെയ്തത്‌ പണത്തിനു വേണ്ടി? അഞ്ചൽ പാമ്പുകടിയേൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

അഞ്ചൽ ഏറത്ത്‌ പാമ്പ്‌ കടിയേറ്റ്‌ ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പിന്റെ കടിയേറ്റ്‌ മരിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു. യുവതിയുടെ ഭർത്താവ്‌ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. സംഭവത്തിൽ ഭർത്താവടക്കം 4 പേർ പൊലീസ്‌ പിടിയിലായി. അഞ്ചൽ ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മേയ്‌ ഏഴിനാണ്‌ കുടുംബവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

രണ്ട്‌ തവണ പാമ്പു കടിയേറ്റത്‌ യുവതിയുടെ അശ്രദ്ധ മൂലമാണെന്നും മനുഷ്യൻ ജീവിക്കുന്നത്‌ പാമ്പ്‌ പോലുള്ള ജീവികളുടെ കൂട്ടത്തിലായതിനാൽ ശ്രദ്ധയില്ലായ്മ കൊണ്ടാണ്‌ വീണ്ടും പാമ്പ്‌ കടിയേറ്റത്‌ എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലയിടത്ത്‌ നിന്നും വന്നിരുന്നു. ഇതിനിടെയിലാണ്‌ കരുതിക്കൂട്ടിയുള്ള കൊലപാതമാണ്‌ ഇതെന്ന്‌ ഉത്രയുടെ പിതാവ്‌ പരാതി നൽകുന്നത്‌. തുടർന്ന്‌ പൊലീസ്‌ അന്വേഷണം ആരംഭിക്കുകയും ശാസ്ത്രീയ വശങ്ങളിലൂടെ കേസിന്‌ തുമ്പുണ്ടാകുകയും ചെയ്തു.

ഉത്രയ്ക്ക്‌ ഭർത്താവിന്റെ വീട്ടിൽ വെച്ച്‌ അണലിയുടെ കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സ തുടരുന്നതിനിടയിലാണ്‌ സ്വന്തം വീട്ടിൽ വെച്ചും ഉത്രയ്ക്ക്‌ മൂർഖൻ പാമ്പിന്റെ കടിയേൽക്കുന്നത്‌. ഈ രണ്ട്‌ സംഭവം നടക്കുമ്പോഴും സൂരജ്‌ അടുത്തുണ്ടായിരുന്നു എന്നതും സംശയത്തിന്‌ ആക്കം കൂട്ടി. മാത്രവുമല്ല, ആദ്യം പാമ്പ്‌ കടിയേൽക്കുമ്പോൾ സൂരജ്‌ പാമ്പിനെ പേടി ഒന്നും കൂടാതെ പിടികൂടി എന്നും പാമ്പിനെ ഉമ്മ വെച്ചു എന്നെല്ലാം ഉത്ര വീട്ടുകാരോട്‌ വിളിച്ച്‌ പറഞ്ഞിരുന്നു.

സൂരജും സൂരജിന്റെ വീട്ടുകാരും സാമ്പത്തിക ഇടപാടിന്റെ പേരിൽ ഉത്രയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു എന്നും ഉത്രയുടെ മാതാപിതാക്കൾ പൊലീസിന്‌ നൽകിയ പരാതിയിൽ പറയുന്നു. വലിയൊരു തുക സ്ത്രീധനം ലക്ഷ്യമാക്കിയാണ്‌ അൽപം വൈകല്യമുള്ള മകളെ സൂരജ്‌ ഉത്രയെ വിവാഹം കഴിക്കുന്നത് എന്ന് പിതാവിന്റെ അഭിമുഖം നടത്തിയ ‘മറുനാടൻ മലയാളി’ ഓൺലൈൻ പോർട്ടൽ പറയുന്നു.‌. കല്യാണത്തിന്‌ ഉത്രയ്ക്ക്‌ 92 പവനോളം സ്വർണ്ണം വീട്ടുകാർ നൽകിയിരുന്നു. ജോയിന്റ്‌ അക്കൗണ്ടിലാണ്‌ ഇവർ സ്വർണ്ണം ലോക്കറിൽ നിഷേപിച്ചിരുന്നത്‌. എന്നാൽ ലോക്കറിൽ നിന്നും ഈ സ്വർണ്ണം സൂരജ്‌ എടുത്തിരുന്നു. ഉത്രയുടെ മരണത്തിന്‌ തലേദിവസം വലിയൊരു ബാഗുമായി സൂരജ്‌ വീട്ടിലെത്തിയിരുന്നതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.

സൂരജിന്‌ നിരവധി പാമ്പ്‌ പിടിത്തക്കാരുമായി ബന്ധമുണ്ടായിരുന്നു, ഇതിൽ ഒരാളെ അമ്പതിലേറെ തവണയാണ്‌ സൂരജ്‌ വിളിച്ചിരുന്നത്‌. സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. യൂട്യൂബിലും പാമ്പ്‌ പിടുത്തത്തെ സംബന്ധിച്ച്‌ തിരച്ചിൽ നടത്തിയതായും സൈബർസെൽ കണ്ടെത്തി. തുടർന്ന്‌ പാമ്പു പിടിത്തക്കാരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ്‌ പാമ്പുകളെ കൈമാറിയ വിവരം ലഭിക്കുന്നത്‌. രണ്ടു തവണയായി കുപ്പിയിലാണ്‌ ഇവർ പാമ്പുകളെ കൈമാറിയത്‌. രണ്ട്‌ തവണയായി പതിനായിരം രൂപയും സൂരജ്‌ നൽകി.

പാമ്പിനെ വെച്ചുള്ള വീഡിയോ യുട്യൂബിൽ അപ്ലോഡ്‌ ചെയ്യാനാണെന്ന്‌ പറഞ്ഞാണ്‌ സൂരജ്‌ പാമ്പുകളെ വാങ്ങിയിരുന്നത്‌. തുറന്നിട്ട ജനാല വഴിയാണ്‌ പാമ്പ്‌ അകത്തേയ്ക്ക്‌ കടന്നതെന്നായിരുന്നു സൂരജിന്റെ വാദം. എന്നാൽ പാമ്പു പിടിത്തക്കാരുടെ മൊഴി കൂടെ വന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കൊടും വിഷമുള്ള പാമ്പിനെ ഉത്രയുടെ ദേഹത്ത്‌ വെച്ച്‌ കടിപ്പിച്ച ശേഷം രാവിലെ മരണം ഉറപ്പക്കുന്നത്‌ വരെ സൂരജ്‌ കാത്തിരുന്നുവെന്നാണ്‌ റിപ്പോർട്ടുകൾ. ഈ സമയം ഇവരുടെ ഒന്നര വയസ്സുള്ള മകനും ഉത്രയ്ക്ക്‌ സമീപം കിടന്നുറങ്ങുകയായിരുന്നു.

രണ്ടാമത്‌ വിവാഹം കഴിക്കുന്നതിന്‌ വേണ്ടിയാണ്‌ ഉത്രയെ കൊലപ്പെടുത്തിയതെന്നാണ്‌ വിവരം. ഉറക്കത്തിൽ വിഷപാമ്പിന്റെ കടിയേറ്റാൽ ശരീരത്തിൽ മൂന്ന്‌ മിനിറ്റിനുള്ളിൽ വിഷം പ്രവർത്തിച്ച്‌ തുടരുമെന്നും ഇതോടെ ഉണരുമെന്നുമാണ്‌ ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവർ പറയുന്നത്‌. എന്നാൽ ഉത്ര ഉണർന്നിരുന്നില്ല. പോസ്റ്റ്മോർട്ടത്തിന്‌ ശേഷമേ കൂടുതൽ വിശദാംശങ്ങൾ പുറത്ത്‌ വരികയുള്ളൂ.

Staff Reporter