മലയാളം ഇ മാഗസിൻ.കോം

അഞ്ചലിലെ ഉത്രയുടെ കൊലപാതകം: വാവാ സുരേഷ്‌ കണ്ടെത്തിയത്‌ നിർണ്ണായക തെളിവുകൾ

ഏവരുടെയും മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ ദിനം പ്രതി നിർണയക വിവരങ്ങളാണ്‌ പുറത്തു വരുന്നത്‌. ഓരോ ദിവസം കഴിയും തോറും ഉത്രയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞു കൊണ്ടിരിക്കുകയാണ്‌. ഉത്ര കൊലപാതക കേസിൽ പുതിയതായി ലഭിക്കുന്ന റിപോർട്ടുകൾ അനുസരിച്ച്‌ ഉത്രയെ ഭർത്താവ്‌ സൂരജ്‌ കൊന്നതിന്‌ പിന്നിൽ ഇൻഷുറൻസ്‌ തുക തട്ടിയെടുക്കുക എന്ന ലക്ഷ്യംകൂടി ഉണ്ടായിരുന്നതായി സൂചന ലഭിക്കുന്നു.

ഉത്രയുടെ പേരിൽ ഭീമമായ തുകയ്ക്ക്‌ ഇൻഷുറൻസ്‌ എടുത്തിരുന്നതായി പൊലീസിന്‌ സൂചന ലഭിച്ചു. ഉത്ര കൊല്ലപ്പെടുന്നതിന്‌ മാസങ്ങൾക്കു മുൻപാണ്‌ ഇൻഷുറൻസ്‌ എടുത്തെതെന്നാണ്‌ സൂചന. കൊലപാതകത്തിന്‌ പിന്നിൽ സാമ്പത്തിക ലക്ഷ്യം തന്നെയാണെന്ന്‌ പൊലീസ്‌ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ്‌ ഇൻഷുറൻസ്‌ സംബന്ധിച്ച സൂചനയും ലഭിക്കുന്നത്‌. ഉത്രയുടെ കൊലപതാകം സമാനതകളില്ലാത്ത ഗാർഹിക കൊലപതാകം എന്ന വിലയിരുത്തലിലാണ്‌ വനിതാ കമ്മിഷൻ.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സൂരജ്‌ കുറ്റം സമ്മതിച്ചിട്ടുണ്ട്‌. എന്നാൽ, ഇനിയും ഒട്ടനേകം കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്‌. ഉത്രയെ മയക്കാനായി നൽകിയ ഗുളികകളിൽ ഒന്ന്‌ ഡോളോയാണ്‌. മറ്റേത്‌ ഏത്‌ ഗുളികയാണെന്ന്‌ ഇനിയും വ്യക്തമായിട്ടില്ല. മൂന്ന്‌ ഗുളികയുടെ പേരാണ്‌ സൂരജ്‌ പറയുന്നത്‌. സൂരജിന്റെ ബാഗിൽ നിന്നും ഉറക്കഗുളികയും വേദന സംഹാരികളും പോലീസ്‌ കണ്ടെത്തിയിരുന്നു. മാസങ്ങൾ നീണ്ട ആസൂത്രണത്തിലൊടുവിലാണ്‌ ഉത്രയെ കൊല്ലാൻ തീരുമാനിച്ചതെന്നും പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചതായും പ്രതിയായ സൂരജ്‌ പോലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു.

ഉത്രയും സൂരജും തമ്മിൽ ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഉത്രയെ സൂരജ്‌ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുമുണ്ടായിരുന്നു. ഇതറിഞ്ഞ ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തെ കുറിച്ച്‌ സൂചിപ്പിച്ചതാണ്‌ കൊലപാതകത്തിന്‌ സൂരജിനെ പ്രേരിപ്പിച്ചത്‌.ഉത്ര ഇല്ലാതാകുന്നതോടെ സ്വത്തുക്കൾ തന്റെ പേരിലോ കുഞ്ഞിന്റെ പേരിലോ ലഭിക്കും എന്നാണ്‌ സൂരജ്‌ കണക്ക്‌ കൂട്ടിയിരുന്നത്‌. എന്നാൽ കൊലപാതകം പുറത്തായതോടെ സൂരജിന്റെ കണക്ക്‌ കൂട്ടലുകൾ എല്ലാം തെറ്റി.

സർപ്പകോപമെന്ന നിലയിൽ അന്ധവിശ്വാസത്തോടെ പ്രചരിച്ച ഉത്രയുടെ കൊലപാതകം അന്വേഷണ വഴിയിലേക്ക്‌ എത്തിച്ചത്‌ പാമ്പ്‌ പിടുത്തക്കാരൻ വാവ സുരേഷ്‌. അഞ്ചലിൽ യുവതിയെ രണ്ടാമതും പാമ്പ്‌ കടിച്ചതും മരണപ്പെട്ടതും വാർത്തകളിലൂടെ അറിഞ്ഞ വാവാ സുരേഷിന്‌ അന്നേ സംശയമുണ്ടായിരുന്നു. ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട്‌ ഇത്‌ സാധാരണ സംഭവമല്ലെന്നും പൊലീസിൽ കേസ്‌ കൊടുക്കണമെന്നും അറിയിച്ചതും വാവ സുരേഷാണ്‌. സുരേഷ്‌ അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തി പാമ്പ്‌ കടന്നുവെന്ന്‌ പറയുന്ന എല്ലാ സാഹചര്യങ്ങളും കളവാണെന്ന്‌ ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണ്‌.

പാമ്പിനെ ഉപയോഗിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ഇതാദ്യമായിയൊന്നുമല്ല കേരളത്തിൽ. 1975 ൽ കോഴിക്കോട്‌ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്‌. മുംബൈയിൽ മൂന്ന്‌ ഭാര്യമാരെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്ന്‌ സ്വത്തും ഇൻഷുറൻസ്‌ പോളിസി തുകയും തട്ടിയെടുത്ത സംഭവും ഉണ്ടായിട്ടുണ്ട്‌. നാലാം ഭാര്യയെയും ഇത്തരത്തിൽ കൊല്ലാൻ ശ്രമിച്ചതോടെയാണ്‌ ഇൻഷുറൻസ്‌ കമ്പനി നേരിട്ട്‌ നടത്തിയ അന്വേഷണത്തിലാണ്‌ പാമ്പിനെ കൈവശം വെച്ച്‌ നടത്തിയ കൊലപാതകളെപ്പറ്റി പുറംലോകമറിയുന്നത്‌.

ഉത്രയുടെ കൊലപാതകം അതീവ ശ്രദ്ധയോടെ കാണേണ്ട ഒന്നാണ്‌. സാഹചര്യത്തെളിവുകൾ ശക്തമാക്കേണ്ട കേസാണിത്‌. ഉത്രയെ ആദ്യമായി പാമ്പ്‌ കടിച്ച സംഭവം, സൂരജ്‌ രണ്ടുതവണ പാമ്പിനെ വാങ്ങിയത്‌, പാമ്പിനെ ഭാര്യാവീട്ടിൽ എത്തിച്ചത്‌, ആരുമറിയാതെ പാമ്പിനെ സൂക്ഷിച്ചത്‌ എന്നിവ സംബന്ധിച്ച കുറ്റമറ്റ അന്വേഷണം ഉണ്ടാകണം.

നമ്മുക്ക്‌ ചുറ്റും ഇനിയും ഇതുപോലെ നിരവധി ഉത്രമാരെ കാണും. പണത്തിലും സ്വർണ്ണത്തിലും മാത്രം കണ്ണു വെച്ച്‌, അതിനു വേണ്ടി സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ കാത്തു നിൽക്കുന്ന ഭർത്താക്കന്മാർ. സ്ത്രീ തന്നെയാണ്‌ ധനമെന്ന്‌ ആവർത്തിച്ച്‌ പറയുമ്പോഴും സ്ത്രീധനത്തിലാണ്‌ എല്ലാവരുടെയും കണ്ണുകൾ. ആ കാഴ്ചപ്പാട്‌ എന്ന്‌ നമ്മുടെ സമൂഹത്തിൽ നിന്ന്‌ ഇല്ലാതാകുന്നോ അന്ന്‌ മാത്രമേ ഉത്രമാർ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കൂ.

Avatar

Staff Reporter