മലയാളം ഇ മാഗസിൻ.കോം

രേണുകയുടെ കരച്ചിലും സുരേന്ദ്രന്റെ നാടകവും ഫലം കണ്ടില്ല, ഉത്രയുടെ മരണത്തിൽ സൂരജിനു പിന്നാലെ കുടുംബം മൊത്തം അകത്ത്‌

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധകേസ്‌ ദിനം പ്രതി പുതിയ വഴി തിരിവിലേക്കാണ്‌ നീങ്ങുന്നത്‌. ഉത്ര വധക്കേസിൽ പുതിയ വിവരങ്ങൾ അനുസരിച്ച്‌ പ്രതിയായ സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പോലീസ്‌ കസ്റ്റഡിയിലാണ്‌. ഉത്രയുടെ മരണത്തിന്റെ ചുരുളുകൾ ഓരോ ദിവസം കഴിയും തോറും അഴിയുകയാണ്‌. പണത്തിനും സ്വർണ്ണത്തിനും വേണ്ടിയാണ്‌ ഉത്രയെ പാമ്പു കടിപ്പിച്ചു കൊലപ്പെടുത്തിയതെന്ന്‌ ഇതിനോടകം തന്നെ സൂരജ്‌ പൊലീസിനോട്‌ സമ്മതിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കുറ്റ കൃത്യത്തിൽ ആരൊക്കെ കുടുങ്ങും എന്ന്‌ കണ്ടറിയണം.

ചോദ്യം ചെയ്യലിൽ തനിയ്ക്ക്‌ ഇതേപ്പറ്റി ഒന്നുമറിയില്ലെന്ന്‌ കരഞ്ഞുകൊണ്ടാണ്‌ അമ്മ രേണുക ആദ്യം പ്രതികരിച്ചത്‌. എന്നാൽ തങ്ങളുടെ പക്കലുള്ള തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലിൽ രേണുക പതറി. പിന്നീട്‌ അന്വേഷണ സംഘവുമായി സഹകരിക്കുന്നുവെന്നാണ്‌ പുറത്തുലഭിക്കുന്ന വിവരങ്ങൾ. സഹോദരി സൂര്യയ്ക്ക്‌ ഭാവ വ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതാണ്‌ പ്രധാനമായും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌. ഗാർഹിക പീഢനം, തെളിവ്‌ നശിപ്പിക്കൽ, കബളിപ്പിച്ച്‌ സ്വർണം കൈക്കലാക്കൽ എന്നീ വകുപ്പുകൾ ചുമത്തി സൂരജിന്റെ പിതാവ്‌ സുരേന്ദ്രൻ.കെ.പണിക്കരെ ഇന്നലെ രാത്രി അറസ്റ്റ്‌ ചെയ്തിരുന്നു. അമ്മയ്ക്കും സഹോദരിയ്ക്കും ഇതേ വകുപ്പുകളിട്ട്‌ കേസെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ.

എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട്‌ കൂട്ടിച്ചേർക്കാനാണ്‌ സാധ്യത. അടൂർ പറക്കോട്ടെ വീട്ടിൽ നിന്നും പിങ്ക്‌ പൊലീസ്‌ സംഘത്തിന്റെ വാഹനത്തിലാണ്‌ രേണുകയെയും സൂര്യയെയും ഉച്ചയ്ക്ക്‌ ഒന്നേകാലിന്‌ കൊട്ടാക്കരയിലെ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ കൊണ്ടുവന്നത്‌. രാവിലെ പത്ത്‌ മണിയ്ക്ക്‌ ഇവിടെ ഹാജരാകാൻ നോട്ടീസ്‌ നൽകിയിരുന്നെങ്കിലും പൊലീസ്‌ വന്നുകൊണ്ടുപോകണമെന്ന തീരുമാനത്തിലായിരുന്നു രേണുകയും സൂര്യയും.

ഇതിനിടെ കേസിൽ മറ്റൊരു നിർണ്ണായക മൊഴി പോലീസിന്‌ ലഭിച്ചു. സൂരജിന്‌ പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ മൊഴിയാണ്‌ കേസിൽ നിർണായകമാകുന്നത്‌. ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം വെളിപ്പെടുത്തിയതായാണ്‌ മൊഴി. പാമ്പു കടിയേറ്റാണ്‌ ഉത്ര മരിച്ചതെന്ന്‌ അറിഞ്ഞപ്പോഴയാണ്‌ വിവരം വെളിപ്പെടുത്തിയത്‌.

പാമ്പുമായി സൂരജ്‌ അടൂരിലെ വീട്ടിൽ എത്തിയത്‌ കണ്ടിരുന്നു. ആ പാമ്പാണോ ഉത്രയെ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുന്നുണ്ട്‌. ഉത്രയ്ക്ക്‌ പാമ്പു കടിയേറ്റതിന്‌ ശേഷം സൂരജിൽ പരിഭ്രമ ലക്ഷണങ്ങൾ കണ്ടതായി ഉത്രയുടെ സഹോദരൻ മൊഴി നൽകിയിരുന്നു. സൂരജിന്റെ അടുത്ത ബന്ധുക്കളെ പൊലീസ്‌ ചോദ്യം ചെയുന്നുണ്ട്‌. സൂരജിന്റെ ചില അടുത്ത ബന്ധുക്കൾക്ക്‌ കൃത്യത്തെ കുറിച്ച്‌ നേരത്തെ സൂചനയുണ്ടായിരുന്നതായും പൊലീസ്‌ സംശയിക്കുന്നു. എന്നാൽ, ഇതിനായുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ എന്ത്‌ ചെയ്തു എന്ന്‌ ഉള്ള ചോദ്യത്തിന്‌ സൂരജ്‌ പൊലീസിന്‌ കുഴപ്പിക്കുന്ന മറുപടിയാണ്‌ നൽകിയിരുന്നത്‌. സ്വർണ്ണാഭരണം ഉത്രയുടെ വീട്ടുകാർ കൈക്കൽ ആക്കിയെന്ന്‌ ആദ്യം പറഞ്ഞ സൂരജ്‌ പീന്നീട്‌ അത്‌ വിറ്റു എന്ന്‌ പറഞ്ഞു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട്‌ സ്വർണ്ണം ബന്ധുക്കൾക്ക്‌ കൈമാറിയെന്ന്‌ അറിയിച്ചു. തുടർന്നാണ്‌ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ പൊലീസ്‌ കസ്റ്റടിയിൽ എടുക്കാൻ തീരമാനിച്ചത്‌. ആദ്യം പൊലീസിനു പിടികൊടുക്കാതെ ഇരിക്കാൻ സൂരജിന്റെ കുടുംബം ശ്രമം നടത്തിയിരുന്നു.

എന്നാൽ തുടർച്ചയായി സൂരജിന്റെ മൊഴി മാറ്റമാണ്‌ കുടുംബത്തിന്റെ പങ്ക്‌ അന്വേഷിക്കാൻ വഴിത്തിരിവായത്‌. ക്രൈംബ്രാഞ്ച്‌ സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച്‌ ഇരുത്തി ചോദ്യം ചെയ്തു. സ്വർണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പിൽ കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രൻ മൊഴി നൽകുകയായിരുന്നു. തുടർന്ന്‌ സുരേന്ദ്രനെ അടൂരിലെ വീട്ടിൽ എത്തിച്ച്‌ സ്വർണ്ണം കണ്ടെത്താൻ രണ്ട്‌ മണിക്കൂറോളം തിരച്ചിൽ നടത്തുകയും. പുല്ലുകൾ വളർന്ന്‌ കാടായിരുന്ന പറമ്പിൽ നിന്നാണ്‌ 37.5 പവൻ സ്വർണ്ണം കണ്ടെടുത്തത്‌. സൂരജിന്റെ കുടുംബത്തിന്‌ ഉത്രയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന്‌ ഇതിലുടെ മനസിലാക്കാൻ സാധിക്കുന്നത്‌.

നാളുകൾ നീണ്ട ആസൂത്രണമാണ്‌ ഭാര്യയെ വകവരുത്താൻ സൂരജ്‌ നടത്തിയത്‌. പരമാവധി പണം തട്ടിയെടുത്ത്‌ ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കാനായിരുന്നു സൂരജിന്റെ ലക്ഷ്യമെന്നും പൊലീസ്‌ പറയുന്നു. ഇതിനായി സൂരജ്‌ പലവഴികൾ തെരെഞ്ഞടുത്തു. അവസാനമാണ്‌ പമ്പിലേക്ക്‌ എത്തിയത്‌. മാർച്ച്‌ 2നാണ്‌ സൂരജിന്റെ വീട്ടിൽവച്ച്‌ ഉത്രയ്ക്കു പാമ്പു കടിയേറ്റത്‌.

Avatar

Staff Reporter