മലയാളം ഇ മാഗസിൻ.കോം

ട്രാൻസ്ജൻഡർ അനന്യയ്ക്ക്‌ സംഭവിച്ചതെന്ത്‌? എന്താണ്‌ ലിംഗമാറ്റ ശസ്ത്രക്രിയയുടെ സങ്കീർണ്ണതകൾ?

ട്രാന്‍ജെന്‍ഡറുകള്‍. സമീപനം കൊണ്ട് മുറിവേല്‍ക്കപ്പെടുന്ന ഒരു ജനത. എത്രയൊക്കെ ലോകം മാറിയെന്ന് പറഞ്ഞാലും മാറ്റി നിര്‍ത്തപ്പെടേണ്ടവരെന്ന് കുറച്ചു വിഭാഗം ജനങ്ങളെങ്കിലും കരുതുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹം എക്കാലത്തും നിരവധി കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

പ്രധാനമായും ഇവരില്‍ പലരും ചൂഷണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് ശസ്ത്രക്രിയയ്ക്ക് വിധേയരാകുമ്പോഴാണ്. സര്‍ക്കാര്‍ ധനസഹായങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ഇവരെ ചൂഷണത്തിന് ഇരയാക്കുന്നത്.

ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിന് നിരവധി സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നടപ്പാക്കിവരുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍,സ്വയം തൊഴില്‍ പരിശീലനം- അതിനുള്ള ധനസഹായം എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു. എന്നാല്‍ ഇതിലേക്ക് എത്തിപ്പെടാനാകാത്തതോ അനുവദിക്കാത്തതോ ആണ് ചിലരെങ്കിലും ചൂഷണത്തിന് വിധേയാരാകേണ്ടിവരുന്നതിന് കാരണം.

ജന്മന ആണോ പെണ്ണോ ആയ ഒരാളെ മറ്റേ ലിംഗത്തിലേക്കോ , അല്ലെങ്കിൽ വ്യക്തമായ ലിംഗം ഇല്ലാത്ത ഒരാളെ ഏതെങ്കിലും ഒരു പ്രത്യേക ലിംഗത്തിലേക്കോ ശസ്ത്രക്രിയ വഴി മാറ്റുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ.

ഇതിനായി രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുമെന്ന് സര്‍ക്കാര്‍ രൂപീകരിച്ച മഴവില്‍ പദ്ധതിയില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷം വരെ പോഷകാഹാരം നല്‍കുന്നതിനും പദ്ധതി വകയിരുത്തിയിട്ടുണ്ട്.

മാഗ്ന് ഹിര്‍ഷ്ഫെല്‍ഡ് ആണ് transgenderism എന്ന ശാസ്ത്ര ശാഘയുടെ പിതാവ്. ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് റുഡോള്‍ഫ് എന്ന പുരുഷനില്‍ ആണ്.

പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ക്കാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ജന്മനാ വ്യക്തമായ ലിംഗം ഇല്ലാത്ത കുട്ടികള്‍ക്ക്. ഇത്തരക്കാരെ ചെറുപ്പത്തിലെ തന്നെ ഏതെങ്കിലും പ്രത്യേക ലിംഗത്തിലേക്ക് സര്‍ജറി വഴി മാറ്റുകയാണ് ചെയുന്നത്. സാധാരണയായി സ്ത്രീ ലിംഗത്തിലേക്ക് ആണ് ഇത്തരം മാറ്റം നടത്തുക. എന്നാല്‍ ഏത് വിഭാഗത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ ഏതൊരാള്‍ക്കും ഇന്ന് സാധിക്കും.

ജന്മനാ ഏതെങ്കിലും വ്യക്തമായ ലിംഗം ഉള്ള ഒരാള്‍ അതിന്‍റെ എതിര്‍ വിഭാഗം ആയി മാറാന്‍ അതിയായി ഇഷ്ടപെടുന്ന അവസ്ഥയിലും ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാം. ഒരു മാനസിക രോഗ ഡോക്ടർ തുടർച്ചയായ പരിശോധനകൾ നടത്തി ഒരു വ്യക്തിക്ക് നിലവിലുള്ള ലിംഗത്തിൽ തുടരുന്നത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് കണ്ടെത്തിയതിനുശേഷമാകും ശസ്ത്രക്രിയ നടത്തുക.

ഈ വ്യക്തിയുടെ കുടുംബാങ്ങള്‍ക്കും വിദഗ്ധ ഉപദേശങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണ്. ഇത്തരം വ്യക്തികള്‍ വര്‍ഷങ്ങളായി തന്നെ എതിര്‍ ലിംഗക്കാരുടെ സ്വഭാവ രീതികളും വസ്ത്രധാരണവും ഒക്കെ ഉള്ളവര്‍ ആയിരിക്കും. അങ്ങനെ അല്ലാത്തവര്‍ക്ക് ഈ പരിശീലനവും ലഭിക്കേണ്ടതുണ്ട് .

ഒരു എന്‍ടോ ക്രി നോളജിസ്റ്റ് ആണ് ഈ ഘട്ടത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പുരുഷന്‍ ആകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷ ഹോര്‍മോണുകള്‍ നല്‍കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. അതുപോലെ സ്ത്രീ ആകാന്‍ ആഗ്രഹിക്കുന്ന പുരുഷന് സ്ത്രീ ഹോര്‍മോണുകള്‍ നല്‍കും. പുരുഷന്‍റെ ശരീര പ്രക്രതി മാറി സ്ത്രീകളുടെ ശരീര സവിശേഷതകള്‍ ഉണ്ടാവാന്‍ ഇത് കാരണം ആകുന്നു .ഏകദേശം ഒരു വര്‍ഷത്തോളം ഈ ചികിത്സ നീണ്ടു നില്‍ക്കും .

ഈ സര്‍ജറിക്ക് വേണ്ട മാനസിക ശാരീരിക മുന്നൊരുക്കങ്ങളും , മറ്റു അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയുള്ളൂ . പല ഘട്ടങ്ങള്‍ ആയാണ് ഈ സര്‍ജറി നടക്കുന്നത് . 2 പേരിലും ശസ്ത്രക്രിയ വ്യത്യസ്തമാണ് .

പഠനങ്ങള്‍ പറയുന്നത് സര്‍ജറിക്ക് ശേഷം ഇവരില്‍ പ്രത്യേകിച്ച് സ്ത്രീ ആയി മാറിയവരില്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറവാണ് എന്നാണ് . തങ്ങളുടെ വ്യക്തിത്വം നിലനിർത്താൻ ഇത് സഹായിച്ചു എന്നാണ് പലരുടേം അഭിപ്രായം. പൊതു സമൂഹം ഇവരെ അംഗീകരിക്കാനും സ്വീകരിക്കാനും ഇപ്പോളും മടിക്കുന്നു എന്നൊരു പ്രശ്നവും ഉണ്ട് .

ചിലവേറിയ ഈ സര്‍ജറികള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെയ്തു തുടങ്ങുന്നത് ഒരു വലിയ വിഭാഗത്തിന് ആശ്വാസമാണ്. വലിയ മാനസിക സാമൂഹിക സംഘര്‍ഷങ്ങളിലൂടി കടന്നുപോകുന്നവര്‍ക്ക് ഒരു പരിഹാരം ആകുമത്. സമൂഹത്തിന്റെ ഇടയിലേക്ക് അവരെ കൈപിടിച്ചുകയറ്റേണ്ടത് നമ്മുടെകൂടി കടമാണെന്നോര്‍ക്കുക. ഇനിയും മനുഷ്യരെത്തന്നെ വിലകുറച്ചുകാണുന്ന നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. അതില്ലെങ്കില്‍ നിരവധി അനന്യമാരെ ഇനിയും സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രമ്യ മേനോൻ സോനു

Avatar

Staff Reporter