മലയാളം ഇ മാഗസിൻ.കോം

\’അമ്മ\’യെ ഉടച്ചു വാർക്കാൻ അടുത്ത മാസം നിർണ്ണായക യോഗം, എന്നാൽ ദിലീപ്‌ അനുകൂലികളുടെ നീക്കം ഇങ്ങനെ!

അമ്മയില്‍ പടലപ്പിണക്കം രൂക്ഷമാകുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ആരംഭിച്ച അഭിപ്രായ ഭിന്നതകള്‍ മറ നീക്കി പുറത്ത് വരികയാണ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. 

എന്നാല്‍ ദിലീപ് അമ്മയുമായി ഉടന്‍ സഹകരിക്കില്ല എന്നാണു സൂചനകള്‍. ദിലീപിനെ അനുകൂലിക്കുന്നവരും അത് തന്നെയാണ് ആവശ്യപ്പെടുന്നത്. നടനും രാഷ്ട്രീയ നേതാവുമായ ഗണേഷ്കുമാര്‍ പരസ്യമായിത്തന്നെ ഈ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. പൃഥ്വിരാജിനു വേണ്ടി മമ്മുട്ടിയാണ്‌ ദിലീപിനെ പുറത്താക്കാന്‍ നീക്കം നടത്തിയത് എന്നും താനാണ് ദിലീപിന്‍റെ സ്ഥാനത്ത്‌ എങ്കില്‍ പൊന്ന് കൊണ്ട് പുളിശ്ശേരി വച്ചുതന്നാലും തിരികെ അമ്മയിലേക്ക് പോകില്ല എന്നുമായിരുന്നു ഗണേഷ്കുമാര്‍ പറഞ്ഞത്. ദിലീപ് അനുകൂലികളും മറുവിഭാഗവും തമ്മിലുള്ള പോര് തുടരുകയാണ്.

ഇതേ സമയം തന്നെ അമ്മയുടെ ഭാരവാഹികള്‍ തന്നെ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നതില്‍ പൃഥ്വിരാജും മഞ്ജു വാര്യരും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. അടുത്ത മാസം ആദ്യ പകുതിക്ക് മുന്‍പ് തന്നെ അമ്മയുടെ യോഗം ചേരാനാണ് ആലോചന. എന്നാല്‍ ഇതില്‍ പങ്കെടുക്കണോ എന്ന് പൃഥ്വിരാജ് തീരുമാനിച്ചിട്ടില്ല എന്നാണ് വിവരം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥിരാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. 

ദിലീപ് പങ്കെടുക്കില്ല എന്ന് തീരുമാനിച്ച സ്ഥിതിക്ക് പൃഥ്വിരാജിനെ പങ്കെടുപ്പിക്കനാകും അമ്മയുടെ ഭാരവാഹികള്‍ ശ്രമിക്കുക. മോഹന്‍ലാല്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്. 

ദിലീപ് മറ്റൊരു സംഘടന രൂപികരിക്കണം എന്ന വികാരം ദിലീപ് അനുകൂലികളില്‍ പലരിലുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദിലീപ് അതിന് മുതിരാന്‍ ഇടയില്ല. കേസില്‍ അന്തിമ വിധി വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാകും താരം ശ്രമിക്കുക. കേസിനെ ബാധിക്കുന്ന തരത്തില്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുത് എന്നും ദിലീപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതേ സമയം അമ്മയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ മോഹന്‍ലാല്‍ തന്നെ മുന്‍കൈ എടുക്കുന്നു. ദിലീപുമായും ഗണേഷ്കുമാര്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവരുമായും നല്ല ബന്ധമാണ് മോഹന്‍ലാലിന്. ഇത് പ്രയോജനപ്പെടുത്തി എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുവാന്‍ ആകും മോഹന്‍ലാല്‍ ശ്രമിക്കുക. മഞ്ജുവിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെയും ലാല്‍ അനുനയിപ്പിച്ചെന്നും സംസാരമുണ്ട്.  ഔദ്യോഗിക ഭാരവാഹികള്‍ മുഴുവന്‍ ഒഴിഞ്ഞ് അമ്മയെ ഉടച്ചു വാര്‍ക്കണം എന്ന പ്രിഥ്വി വിഭാഗത്തിന്റെ ആവശ്യം വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും സ്വീകാര്യവുമല്ല. ഈ പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ പരിഹരിക്കട്ടെ എന്നാണ് മമ്മൂട്ടിയുടെയും ഇന്നസെന്റിന്റേയും നിലപാട്.

ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് ദിലീപിനെ അമ്മ പ്രസിഡന്റാക്കാന്‍ രഹസ്യ ധാരണയുണ്ടാക്കിയ സമയത്തായിരുന്നു നടിയെ ആക്രമിച്ച കേസുമായി ദിലീപിനെ ചോദ്യം ചെയ്തതും പിന്നീട് പ്രതിയാക്കപ്പെട്ടതും എന്ന രീതിയിലും ചില വാർത്തകൾ പുറത്തു വരുന്നുണ്ട്‌. ഇതുവരെ അമ്മയുടെ അമരക്കാരായിരുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ഗണേഷ്, മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ ആശയപരമായി പിരിഞ്ഞ് രണ്ടു ചേരിയിലായി. ഗണേഷിനു കൂട്ടായി സിദ്ദിഖ്, മുകേഷ്, സലിംകുമാര്‍ മറ്റു മിമിക്രിക്കാര്‍ ഒക്കെയുണ്ട്. ദിലീപിനെ സംരക്ഷിച്ചില്ലെന്ന പഴി മമ്മൂട്ടിയ്ക്കാണ് ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. പിണറായി വിജയന്റെ ആത്മസുഹൃത്തായ മമ്മൂട്ടി കേസിലിടപെടാത്തത് ദിലീപ് അനുകൂലികളെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com

amma-meeting-and-dileep

Avatar

Staff Reporter