മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നു എന്നതിനേക്കാൾ അമിത്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയാകുന്നു എന്നതിൽ അസ്വസ്ഥരാകുന്ന ചില കേന്ദ്രങ്ങൾ ഉണ്ട് കേരളത്തിൽ. അത്തരക്കാരിൽ ചിലർ നേരിട്ടോ അതല്ലെങ്കിൽ അനുയായികൾ വഴിയോ വിവിധ മാധ്യമങ്ങളിലൂടെ ഇതിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. തീവ്ര വാദ റിക്രൂട്ട്മെന്റ് പോലെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ കേസുകളിൽ മലയാളി ബന്ധങ്ങൾ ആശങ്കാജനകമാം വിധം വർദ്ധിച്ചു വരികയാണ്.
ഐ.എൻ.എയും സി.ബി.ഐയും ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ സംഘങ്ങൾ ഇതിനോടകം പലരേയും പിടികൂടി. പല കേസുകളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. സമീപകാലത്ത് നടന്ന ശ്രീലങ്കയിലെ ബോംബ് സ്ഫോടനത്തിന്റെ പുറകിലെ സംഘത്തിനും കേരള ബന്ധങ്ങൾ ഉള്ളതായി സൂചനകൾ വന്നിരുന്നു.
പ്രത്യക്ഷത്തിൽ കേരളത്തിൽ ഭീകരാക്രമണങ്ങൾ നടക്കുന്നില്ല എങ്കിലും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് കേരളവുമായുള്ള ബന്ധങ്ങൾ നിഷേധിക്കാനാകില്ല. രാജ്യത്തെ തന്ത്രപ്രധാനമായ ഒരു സംസ്ഥാനം എന്ന നിലയിൽ ഐ.എൻ.എ ഇതിനോടകം കേരളത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ കനക മലയിൽ നിന്നും അതീവ രഹസ്യമായി തീവ്രവാദികളെ അറസ്റ്റ് ചെയ്തത് പോലെ ഉള്ള നടപടികൾ കേരള സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയതായിരുന്നു. പുറത്ത് വന്നുകൊണ്ടിരിക്കുന്ന പുതിയ വിവരങ്ങൾ സ്ഥിതിഗതി കൂടുതൽ ആശങ്കാജനകമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
രാഷ്ട്രീയമായ കാരണങ്ങളാൽ കേരളത്തിൽ തീവ്രവാദ ആശയങ്ങൾ ശക്തിപ്രാപിക്കുന്നത് ഭംഗിയായി മറച്ചു വെക്കപ്പെടുന്നുണ്ട്. സംഘപരിവാർ വിരുദ്ധതയുടെ മുഖപടം അണിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായമത തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. വിവിധ സംഘടനകളിലും ഗ്രൂപ്പുകളിലും നുഴഞ്ഞു കയറിയും ഇടത് പുരോഗമന ആശയങ്ങളോട് ചേർന്നു നിൽക്കുന്നു എന്ന പ്രതീഷി സൃഷ്ടിച്ചുകൊണ്ടും തീവ്രവാദത്തിന് മറയാക്കുവാൻ ഇത്തരക്കാർക്ക് കേരളത്തിലെ പോലെ സൗകര്യം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ല.
മോദിയേക്കാൾ ഭയപ്പെടേണ്ടത് അമിത്ഷായെ ആണെന്ന് രാഷ്ടീയ കക്ഷികളും മതമൗലികവാദികളും ഒരേ സ്വരത്തിൽ പറയുന്നത് തങ്ങൾക്ക് നേരെ നടപടികൾ വരും എന്നതിലുള്ള ഭീതിയിൽ നിന്നും തന്നെയാണ്. മൊദി സർക്കാരിന്റെ വിജയശില്പിയായ ബി.ജെ.പിയുടെ അധ്യക്ഷ പദവിയിൽ നിന്നും ആഭ്യന്തരമന്ത്രിയാകുന്നതോടെ അമിത്ഷാക്ക് നേരിട്ടു തന്നെ വിവിധ അന്വേഷണ ഏജൻസികളുടെ സമ്പൂർണ്ണ നിയന്ത്രണമാണ് കൈവരിക.
മത തീവ്രവാദ ആശയക്കാർ മാത്രമല്ല അമിത്ഷായുടെ ആഭ്യന്തര മന്ത്രിപദവിയെ ഭയപ്പെടുന്നത്. കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളിൽ പലതും സി.ബി.ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൊലപാതകങ്ങൾക്ക് പുറകിലെ ഗൂഢാലൊചനയെ പറ്റി കാര്യമായ അന്വേഷണം നടത്താതെ താഴെ തട്ടിലെ പ്രവർത്തകരെ സംസ്ഥാന പോലീസ് പ്രതികളാക്കുകയും അവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന പതിവിൽ മാറ്റം വരുന്നത് ചില കേസുകളിൽ സി.ബി.ഐ അന്വേഷണം വന്നതോടെയാണ്. മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ആർ.എസ്.എസ് ജില്ലാ കാര്യവാഹകായിരുന്ന മനോജ് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് തുടങ്ങിവരുടെ വധക്കേസുകളിൽ പ്രതിയാക്കപ്പെട്ടവരിൽ പി.ജയരാജൻ ഉൾപ്പെടെ പ്രമുഖ സി.പി.എം നേതാക്കളും ഉൾപ്പെടുന്നു.
അമിത്ഷായുടെ സ്ഥാനാരോഹണം കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ കൊലപാതക-തീവ്രവാദ കേസുകളിൽ വലിയ തോതിലുള്ള അന്വേഷണങ്ങളും അറസ്റ്റുകളും ഉണ്ടാകും എന്നാണ് സംഘപരിവാർ അനുകൂലികൾ പ്രതീക്ഷിക്കപ്പെടുന്നത്. അമിത് ഷാ കേരളത്തിലെ കാര്യങ്ങളിൽ ആദ്യ ചുവട് വക്കുമ്പോൾ തന്നെ രാഷ്ടീയ പ്രതിയോഗികളെ അധികാരം ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണത്തിലേക്ക് കാര്യങ്ങൾ നീങ്ങാനും സാധ്യത ഉണ്ട്.
സൈബർ ഇടങ്ങളിൽ ഉൾപ്പെടെ അണികളുടെ ശക്തമായ ഒരു കൂട്ടം ഉള്ളതിനാൽ ഇത് എളുപ്പത്തിൽ സാധ്യവുമാണ്. എന്നാൽ വർഗ്ഗീയതയെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഇത്തരം രാഷ്ടീയ പ്രതിരോധം അമിത്ഷാക്ക് മുമ്പിൽ എത്രമാത്രം വിജയിക്കും എന്നത് സംശയമാണ്. ആസൂത്രണ മികവിലും ഭരണ പാടവത്തിലും മോദിയേക്കാൾ എന്തുകൊണ്ടും മുമ്പിലാണ് ഇന്ത്യൻ രാഷ്ടീയത്തിലെ ഈ അഭിനവ ചാണക്യൻ. അതിനാൽ തന്നെ അപ്രതീക്ഷിതമായ റെയ്ഡുകളും അറസ്റ്റുകളുമെല്ലാം കേരളത്തിൽ പ്രതീക്ഷിക്കാനാകും.