ഇന്ത്യൻ രാഷ്ടീയം കണ്ട തന്ത്രശാലികളിൽ മുൻ നിരയിലാണ് അമിത് ഷാ. പതിറ്റാണ്ടുകൾക്കിപ്പുറം പാർളമെന്റിൽ ഒന്നിലധികം തവണ ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊണ്ട് നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാമന്ത്രിയായി അവരോധിച്ചത്, കാശ്മീരിലെ ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയത് കോൺഗ്രസ്സിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടി താഴ്ത്തിയത് ത്രിപുരയടക്കം അനേകം സംസ്ഥനങ്ങളിൽ ഭരണം പിടിച്ചത് അങ്ങിനെ അമിത് ഷാ എന്ന തന്ത്രശാലിയുടെ വിജയങ്ങളുടെ പട്ടിക നീളുകയാണ്. വിജിഗീഷുവായി മുന്നേറുന്ന അമിത് ഷാ എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ആർക്ക് സാധിക്കും എന്ന ചോദ്യത്തിനു ദില്ലിയിലെ രാഷ്ടീയ ഉപശാലകളിൽ അടക്കം പറയുന്ന ഒരു തമാശ എന്തെന്നാൽ ആ തന്ത്രശാലിയെ പോലും രാഷ്ടീയമായി അടിയറവ് പറയിപ്പിക്കുവാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് ബി.ജെ.പി കേരള ഘടകത്തിനു മാത്രമാകും. ആളും അർഥവും ആവോളം നൽകിയാലും സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്താതെ അത് പാഴാക്കുന്നതിൽ പലതവണ മികവു തെളിയിച്ചതാണ് സംസ്ഥാന നേതൃത്വം.
ശാബരിമല വിഷയത്തെ വൈകാരികമായി ഏറെ ഉയർത്തിക്കൊണ്ടുവരുന്നതിലും അത് തിരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തുന്നതിനും കൃത്യമായ ഒരു ആലോചന അമിത്ഷായുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നടന്ന നാമജപ യാത്രകളിൽ പ്രത്യേകിച്ച് ആഹ്വാനം ഒന്നും ഇല്ലാതെ തന്നെ ധാരാളം ജനങ്ങൾ പങ്കെടുത്തു. എൻ.എസ്.എസ് അധ്യക്ഷൻ സുകുമാരൻ നായർ പ്രക്ഷോഭകാരികൾക്കൊപ്പവും വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ചിലർ ശബരിമല പക്ഷോഭത്തിനൊപ്പം നിൽക്കാതെ ശബരിമലയിൽ സ്ത്രീപ്രവേശനം ഉറപ്പാക്കണമെന്ന പിണറായി വിജയന്റെ നിലപാടിനൊപ്പം നിലയുറപ്പിച്ചപ്പോഴും ഈഴവർ ഉൾപ്പെടെ ഉള്ള സാധാരണക്കാർ പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. ശക്തമായ പ്രതിഷേധമായി അത് പരിണമിക്കുകയും ചെയ്തു. ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചർ ഒപ്പം പരിവാർ അനുകൂല മാധ്യമമായ ജനം ടി.വിയുമെല്ലാം അതിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ മറ്റു പല നേതാക്കളും വേണ്ടത്ര അതിൽ പങ്കാളിത്തം വഹിച്ചില്ല. നിരാഹാരം ഉൾപ്പെടെ ഉള്ള പ്രതിഷേധ സമരത്തെ ശബരിമല ഉൾപ്പെടുന്ന ജില്ലയിൽ നിന്നും മാറ്റി തിരുവനന്തപുരത്തെക്ക് മാറ്റിയതും തിരിച്ചടിയായി.

ശക്തമായ അടിത്തറയുള്ള ഇടത് പക്ഷ പാർട്ടികളുടെ സ്വാധീനവും ഒപ്പം ന്യൂനപക്ഷങ്ങളുടെ സാന്നിധ്യവും അധികാര സ്വാധീനവും ഉണ്ടായിട്ടു പോലും കേരളത്തിന്റെ മനസ്സ് ബി.ജെ.പിയോട് അടുത്തു വരുന്നതിനെ പറ്റി അമിത് ഷാക്ക് അറിയാം. എന്നാൽ അത് തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകുന്നതിൽ തികഞ്ഞ പരാജയമാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് വഴക്കും താൻ പോരിമയും ഒപ്പം സംസ്ഥാന അധ്യക്ഷന്റെ ദുർബലമായ നിലപാടുകളും പാർട്ടിയുടെ വളർച്ചക്ക് തിരിച്ചടിയാകുന്നു. ശ്രീധരൻ പിള്ളയുടെ പ്രവർത്തനങ്ങൾ പൊതുവെ തണുപ്പൻ മട്ടിലാണെന്നും പാർട്ടിയുടെ നിലപാടുകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നു എന്നും ഉള്ള ആക്ഷേപം ശക്തമാണ്. കെ.സുരേന്ദ്രനേയും എം.ടി.രമേശിനേയും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾ അംഗീകരിക്കാതെ വന്നതോടെ ഒരു ഒത്തു തീർപ്പ് എന്ന നിലയിലാണ് പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കി എന്ന അടക്കം പറച്ചിൽ തുടക്കം മുതൽ നില നിൽക്കുന്നുണ്ട്. സംസ്ഥാനത്തെ മുൻ നിര ക്രിമിനൽ അഭിഭാഷകനായ ശ്രീധരൻ പിള്ളയ്ക്ക് രാഷ്ടീയത്തിൽ വേണ്ടത്ര ശോഭിക്കാനാകാതെ പോകുന്നത് അദ്ദേഹത്തിന്റെ പ്രൊഫഷണൽ തിരക്കുകൾ മൂലമാണെന്നു കരുതുന്നവരും ഉണ്ട്.
സി.പി.എമ്മിലെ ഗ്രൂപ്പ് വഴക്കുകളെ ഒതുക്കുന്നതിൽ അന്നത്തെ പാർട്ടി സെക്രട്ടറിയെന്ന നിലയിൽ പിണറായി വിജയനു വിജയിക്കുവാനായി എന്നാൽ ആ കഴിവ് ശ്രീധരൻ പിള്ളക്കില്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്താതെ കെ.സുരേന്ദ്രനെ എങ്ങിനെ ഒതുക്കാം എന്നതിൽ ഗവേഷണം നടത്തുന്ന എതിർ ഗ്രൂപ്പുകാർ കാണാതെ പോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് എന്ന സത്യമാണ്. ശബരിമല പ്രക്ഷോഭത്തിൽ ജയിൽ വാസമനുഭവിച്ച കെ.സുരേന്ദ്രനുള്ളത്ര ജനകീയത അദ്ദെഹത്തെ എതിർക്കുന്നവർക്കില്ല എന്നതാണ് വാസ്തവം. കേന്ദ്രമന്ത്രി എന്ന നിലയിൽ പാർട്ടിയുടെ വളർച്ചക്ക് സാധ്യത ഒരുക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്ന അൽഫോൺ കണ്ണന്താനം മാറി വി.മുരളീധരൻ ആയതോടെ മാറ്റങ്ങൾ ഉണ്ട്. സഹമന്ത്രി എന്ന നിലയിൽ പ്രവാസികളുടെ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്ന അദ്ദെഹത്തോട് പക്ഷെ സംസ്ഥാനത്തെ പല നേതാക്കൾക്കും അത്ര പ്രതിപത്തിയില്ല. ഇത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അണികളിലും ജനങ്ങളിൽ എത്തിക്കുന്നതിനു തടസ്സമായി മാറുന്നു.

ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലോ സംസ്ഥാന സർക്കാരിനെ പിടിപ്പു കേടുകളും സ്വജൻപക്ഷപാതങ്ങളും മറ്റും പ്രയോജനപ്പെടുത്തുന്നതിലോ ബി.ജെ.പിയുടെ നേതൃതലത്തിൽ കാര്യമായ നീക്കങ്ങൾ ഇല്ലെങ്കിൽ പോലും പാർട്ടിയോട് അനുഭവം ഉള്ളവർ വർദ്ധിച്ചു വരുന്നു. നാട്ടിൻ പുറത്തെ പുതു തലമുറ സ്വമേധയാ “സംഘികുഞ്ഞുങ്ങളായി“ വളർന്നു കൊണ്ടിരിക്കുകയാണ്. ഇത് സി.പി.എം പോലുള്ള കേഡർ പാർട്ടികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത് അവർ ഇതിനെ പ്രതിരോധിക്കുവാനായി കാര്യമായ പ്രവർത്തനങ്ങൾ താഴെ തട്ടിൽതന്നെ നടത്തുന്നുമുണ്ട്.
അനുകൂലമായി വരുന്ന ജനവിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിനും കഴിവുള്ളവരെ കൂടുതൽ സജീവമാക്കി പാർട്ടിയെ കരുത്തുറ്റതാക്കുന്നതിലും വേണ്ടത്ര ശ്രദ്ധയോ ജാഗ്രതയോ പുലർത്താൻ നിലവിലെ നേതൃത്വത്തിനു ആകുന്നില്ല. ശബരി മലവിഷയത്തെ സുവർണ്ണാവസരം എന്ന് വിശേഷിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പക്ഷെ അതിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. സൈബർ അണികൾ മുതൽ നാട്ടിൻ പുറത്തെ സാദാരണ അനുഭവികൾ വരെ അഡ്വ.ശ്രീധരൻ പിള്ള പോരാ എന്ന അഭിപ്രായക്കാരാണ്. തന്ത്രങ്ങൾ മെനയുന്നതിനും അത് നടപ്പിലാക്കി വരാനിരിക്കുന്ന പഞ്ചായത്ത്, നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ പരമാവധി വിജയം കൈവരിക്കുന്നതിനും സാധിക്കുന്ന മികച്ച ഒരു ടീമിനെ എത്രയും വേഗം സംസ്ഥാന ബി.ജെ.പിക്ക് അനിവാര്യമാണ്.
കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയവർ നടത്തിയ ഉജ്ജല പ്രകടനം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിൽ വൻ വർദ്ധനവ് പാർട്ടി നേടിയത് അണികൾക്ക് ആവേശം നൽകിയിട്ടുണ്ട്. ബി.ജെ.ഡി.എസിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം വരുത്താതിരുന്നതും ഒപ്പം സ്ഥാനാർഥിനിർണ്ണയം വൈകിപ്പിച്ചതും ചിലയിടങ്ങളിൽ തിരിച്ചടിയായി. പതിനഞ്ച് ദിവസത്തെ പ്രവർത്തനം കൊണ്ട് തൃശ്ശൂർ മണ്ഡലത്തെ ഇളക്കി മറിക്കുവാനും വോട്ടിംഗ് ശതമാനം കുത്തനെ ഉയർത്തുവാനും സുരേഷ് ഗോപിക്കായി. ന്യൂന പക്ഷ വോട്ടുകൾ നിർണ്ണായമായ മണ്ഡലത്തിൽ ടി.എൻ പ്രതാപൻ എം.പിക്ക് പരാജയത്തിന്റെ വക്കോളം എത്തിയ ഒരു പ്രതീതി അവസാന നിമിഷം വരെ നിലനിർത്തുവാൻ സുരേഷ് ഗോപിക്ക് സാധിച്ചു.

അമിത് ഷായുടെ രാഷ്ടീയ തന്ത്രങ്ങൾ കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തിക്കൊണ്ട് നടപ്പിലാക്കുവാൻ പ്രാപ്തരായ ഒരു സംസ്ഥാന അധ്യക്ഷനും ടീമും ഉണ്ടായാൽ മാത്രമേ വിജയം കാണൂ. വരാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ ഗ്രൂപ്പ് വൈരവും അലസതയും മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചാലെ നടക്കൂ. കോന്നിയിൽ സുരേന്ദ്രനെ കാലുവാരാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഒരു എം.എൽ.ഐ കൂടെ നിയമസഭയിൽ എത്തിക്കാം. അങ്ങിനെ സംഭവിച്ചാൽ ഇന്ന് ഗ്രൂപ്പ് കളിച്ച് പാർട്ടിയെ മുരടിപ്പിക്കുന്നവർക്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുതൽക്കൂട്ടാകുകയേ ഉള്ളൂ. ജനങ്ങൾ സ്വമേധയാ നൽകുന്ന പിന്തുണയും ഒപ്പം ചിട്ടയായ പ്രവർത്തനം നടത്തുന്ന ആർ.എസ്.എസ് നൽകുന്ന പിന്തുണ ബി.ജെ.പിക്ക് കരുത്തു പകരുന്നുണ്ട്.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം എതിർപാർട്ടികളുടെ ഭാഗത്തു നിന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ വെല്ലുവിളിയാണ് സംസ്ഥാനത്ത് ബി.ജെ.പി നേരിടുന്നത്. അതിനെ മറികടക്കുവാൻ മികച്ച തന്ത്രങ്ങളും ജനങ്ങളെ കൂടെ നിർത്തുവാനുള്ള പ്രവർത്തന മികവും പുലർത്തിയാൽ മാത്രമേ സാധിക്കൂ. ഇക്കാര്യത്തിൽ ശ്രീധരൻ പിള്ളയുടെ നേതൃത്വം പരാജയമാണെന്ന് അനുഭവങ്ങളിൽ നിന്നും അമിത് ഷാ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ ഇന്ത്യ മുഴുവൻ വിജയിച്ചിട്ട് എന്തു കാര്യം?
മാണിക്യൻ
പൊളിറ്റിക്കൽ കറസ്പോണ്ടന്റ്