ഓർക്കുന്നില്ലേ…. ’തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി… അനശ്വരമായ ഈ ഗാനം പാടിയത് വ്യത്യസ്‌ത ശബ്ദത്തിനു ഉടമയായ ഗായിക അമ്പിളിയാണ്. ’സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഈ ഗാനത്തെക്കുറിച്ച് ഓർക്കാൻ അമ്പിളിയെ ഫോണിൽ വിളിച്ചത് മണ്ഡലമാസത്തേയ്ക്ക് ശബരിമല നട തുറന്ന ദിവസം തന്നെയായിരുന്നു എന്നത് ഒരു നിമിത്തം മാത്രം; അല്ലെങ്കിൽ ഈശ്വരനിശ്ചയം! ശരണംവിളിയുടെ ശബ്ദസാഗരവും, ഭക്തിനിർഭരമായ ഈ ഗാനവും ഓരോ അയ്യപ്പഭക്തനെയും രോമാഞ്ചം കൊള്ളിക്കുന്നവയാണ്.
ഓരോ അയ്യപ്പഭക്തനും ഒരു തവണയെങ്കിലും ഉരുവിട്ടിട്ടുള്ള ഈ ഗാനത്തിന് ഇപ്പോൾ പ്രായം എത്രയായി?
1976ലാണ് ഈ അനശ്വരഗാനം പാടാനുള്ള ഭാഗ്യം കൈവന്നത്. വയലാർ – ദേവരാജൻ ടീമിന്റെ മറ്റൊരു മഹത്തായ സൃഷ്ടി. 40 കൊല്ലം കഴിഞ്ഞിട്ടും പാട്ടിന്റെ മാധുര്യത്തിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല.
ദൈവവിശ്വാസിയാണോ? അയ്യപ്പഭക്തയാണോ?
തികഞ്ഞ ഒരു ദൈവവിശ്വാസിയാണ്. ശാസ്‌താവ് ഇഷ്ടദൈവമാണെങ്കിലും ഒരു മതത്തിൽ മാത്രമായോ, ഒരു ദൈവത്തിൽ മാത്രമായോ ഉറച്ചുവിശ്വസിക്കുന്നില്ല. ദൈവം ഒന്നേയുള്ളൂ എന്നാണ് വിശ്വാസം. എന്റെ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. ജാതിമതഭേദമില്ലാത്ത ഒരു ശക്തി എന്നു വിശ്വസിക്കാനാണ് എനിക്കു താൽപര്യം.
എത്രാമത്തെ വയസ്സു മുതൽ പാടിത്തുടങ്ങി? ഏതാണ് ആദ്യത്തെ സിനിമാഗാനം?
അതും ഒരു ദൈവനിശ്ചയമായിരിക്കാം. ’ശ്രീ ഗുരു വായൂരപ്പൻ എന്ന സിനിമയിൽ പാടിയ പാട്ടാണ് ആദ്യത്തേത്. പിന്നെ ’ധർമശാസ്‌താ എന്ന സിനിമ യ്ക്കുവേണ്ടി സിനിമയിലുള്ള എല്ലാ ശ്ലോകങ്ങളും പാടാൻ അവസരം കിട്ടി. ഇതിൽ അയ്യപ്പനായി വേഷ മിട്ടത് പ്രശസ്‌ത നടി ശ്രീദേവി ആയിരുന്നു. പിന്നെ ’ഊഞ്ഞാലാ…. ഊഞ്ഞാലാ… എന്ന ആ മനോഹരമായ താരാട്ടു പാട്ട് ’വീണ്ടും പ്രഭാതം എന്ന സിനിമയ്ക്കുവേണ്ടി പാടി. പിന്നെ വളരെ ഹിറ്റായ ’ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്കുവേണ്ടി പാടി. ഏകദേശം നൂറ്റിയൻപതോളം ഗാനങ്ങൾ ആലപിച്ച തിനുശേഷമാണ് ’തേടി വരും കണ്ണുകളിൽ… എന്ന ഗാനം എന്നെ തേടിയെത്തിയത്.
ഇടയ്ക്ക് ഒരു ഇടവേള ഉണ്ടായിരുന്നോ എന്ന് സംശയം. സംഗീതലോകത്തിൽ നിന്നും അങ്ങനെ മാറി നിൽക്കുമ്പോൾ അവസരങ്ങൾക്ക് ഒരു തിരിച്ചടി നേരിടേണ്ടി വരില്ലേ?
എനിക്ക് സംഗീതത്തെ പോലെ തന്നെ കുടുംബവും പ്രധാനമാണ്. മക്കൾക്കുവേണ്ടി ഞാൻ ഒന്നു വിട്ടു നിൽക്കേണ്ടതായിട്ടു വന്നു. ഇപ്പോൾ അവരെല്ലാം സ്വന്തം കാലിൽ നിൽക്കാറായപ്പോൾ ഏതാനും വർഷമായി വീണ്ടും സജീവമായി തന്നെ രംഗത്തുണ്ട്.
സംഗീതപ്രേമിൾക്ക് വൈകാതെ തന്നെ മലയാള സിനിമയിൽ ഒരു ഗാനം പ്രതീക്ഷിക്കാമോ?
തീർച്ചയായും. ’തൃശൂർകാരൻ\’ എന്നൊരു സിനിമയ്ക്കുവേണ്ടി ദാസേട്ടനോടൊപ്പം ഒരു യുഗ്മഗാന ത്തിന്റെ (സെമി ക്ലാസിക്കൽ) റെക്കോർഡിങ് കുറച്ചു നാൾ മുൻപ് കഴിഞ്ഞിരുന്നു. കൂടാതെ, മൂന്ന് തമിഴ് ചിത്രങ്ങളിലും ഈ അടുത്തിടെ പാടി. ഇതു കൂടാതെ ആൽബങ്ങളിൽ പാടുന്ന തിരക്കിലാണ്. സത്യസായ്, കൃഷ്ണ, അയ്യപ്പൻ, മീരാ ഭജൻ ഇവയാണ് ആൽബങ്ങൾ. ഇതു കൂടാതെ ഒരു സുഹൃത്തുമായുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഒരു ഗാനമേള ട്രൂപ്പ് ഉണ്ട്. 2009ൽ തിരു വനന്തപുരത്ത് വച്ച് ആയിരുന്നു ഉദ്ഘാടനം. ഗായകരായ ഹരിഹരൻ, ശിവമണി, ഒ.എൻ.വി. സാർ, ദക്ഷിണാമൂർത്തിസാർ, അർജുനൻസാർ ഇവരെല്ലാം ചടങ്ങിൽ സന്നിഹിതരായി ഈ സംരംഭത്തെ അനുഗ്രഹിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല.
അൽപം കുടുംബകാര്യം. മക്കൾക്കാർക്കെങ്കിലും സംഗീതത്തോടു താൽപര്യമുണ്ടോ?
രണ്ടുപേർക്കും ഉണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് ഒരു ജോലി അനിവാര്യമാണല്ലോ. അതുകൊണ്ട് അവർ മറ്റു പ്രഫഷനാണ് തിരഞ്ഞെടുത്തത്. മോൾ ബാംഗൂരിലും മോൻ ഇവിടെ ചെന്നൈയിലുമാണ്. ഭർത്താവ് രാജശേഖരൻ സിനിമാ സംവിധായകനായിരുന്നു.. ഇപ്പോൾ സിനിമാ സംവിധാനമൊന്നുമില്ല. ബിസിനസ് ചെയ്യുന്നു.
അമ്പിളി (ചുരുക്കത്തിൽ)
എഴുപതുകളുടെ ആദ്യം ചലച്ചിത്ര പിന്നണിഗാനരംഗത്ത് തിളക്കത്തോടെ കടന്നു വന്ന ഗായിക. ശരിയായ പേര് പത്മജാ തമ്പി. തിരുവനന്തപുരത്ത് ജനനം. അച്ഛൻ ആർ.സി.തമ്പി. അമ്മ സുകുമാരിയമ്മ. സംഗീതത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്ന അമ്മ ശ്രീ മലബാർ ഗോപാലൻ നായരുടെ ശിഷ്യ ആയിരുന്നു. ചെറുപ്പത്തിൽ തന്നെ, ഏകദേശം 3 വയസു മുതൽ പാട്ടിൽ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങിയ അമ്പിളിയെ അമ്മയാണ് ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത്. ആകാശവാണിയിൽ സംഗീതജ്ഞനായിരുന്ന ശ്രീ. എസ്. രത്നാകരന്റെ കീഴിൽ ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂൾ/കോളേജ് യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ചലച്ചിത്ര രംഗത്തു കടന്നു വരുന്നതിനായി മാതാപിതാക്കൾക്കൊപ്പം മദ്രാസിലേക്ക് താമസം മാറ്റി. അവിടെ വച്ച് ശ്രീ ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി. 1970ൽ കാരാഗ്രേ വസതേ.. എന്നു തുടങ്ങുന്ന ശബരിമല ശ്രീ ധർമ്മശാസ്താ എന്ന ചിത്രത്തിലെ ഗാനമായിരുന്നു ആദ്യം. എങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1972ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് എന്ന ഗാനമാണ്. കുട്ടികളുടെതുപോലെയുള്ള ശബ്ദമായതിനാൽ ബേബി സുമതിക്കുവേണ്ടി കുറെ അധികം ഗാനങ്ങൾ ആലപിച്ചു. ഊഞ്ഞാലാ ഊഞ്ഞാലാ… തേടിവരും കണ്ണുകളിൽ എന്നിവ സൂപ്പർ ഹിറ്റ് ഗാനങ്ങൾ.
സുനിൽ വല്ലത്ത്