മലയാളം ഇ മാഗസിൻ.കോം

കെഎസ്‌ആർടിസിയെക്കുറിച്ച്‌ അധികം ആർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ബസ്സ്‌ കമ്പനികളിൽ ഒന്നാണ്‌ ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപ്പെടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസി. തിരുവിതാംകൂർ സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ ഡിപാർട്ട്മെന്റ്‌ എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ്‌ KSRTC സ്ഥാപിച്ചത്‌. സംസ്ഥാന മോട്ടോർ സർവ്വീസ്‌ ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ്‌ 1938, ഫെബ്രുവരി 20-ന്‌ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ്‌ സർവീസ്‌. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ്‌ 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത്‌ അന്ന്‌ ആകർഷകമായ കാഴ്ചയായിരുന്നു.

കേരള രൂപീകരണത്തിനു ശേഷം കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ 1965 മാർച്ച്‌ 15-നു സ്ഥാപിതമായി. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട്‌ – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്‌.ആർ.ടി.സി. വളർന്നു. കെഎസ്‌ആർടിസിയെക്കുറിച്ച്‌ അധികം ആർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങൾ അറിഞ്ഞിരിക്കാം.

കണ്ണൂർ ഡീലക്സ്‌. കെഎസ്‌ആർടിസിലെ ഏറ്റവും പഴക്കമേറിയ സൂപ്പർ ഡീലക്സ്‌ സർവീസ്‌ ആണിത്‌. 1967 ൽ തുടങ്ങിയ ഈ സർവ്വീസ്‌ ഇന്നും മുടക്കമില്ലാതെ ഓടുന്നുണ്ട്‌. കെഎസ്‌ആർടിസിയിലെ ഏറ്റവും ദൂരം ഓടുന്ന ഫാസ്റ്റ്‌ പാസഞ്ചർ സർവ്വീസ്‌ പത്തനംതിട്ട – തിരുനെല്ലി എൽഎസ്‌ എഫ്പി ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത്‌ സർവ്വീസ്‌ നടത്തുന്നില്ല. ഇന്ത്യയിൽ ആദ്യമായി വോൾവോ A/c ബസ്സുകൾ സർവ്വീസ്‌ നടത്തിയ സർക്കാർ ട്രാൻസ്പോർട്ട്‌ കോർപറേഷൻ നമ്മുടെ കെഎസ്‌ആർടിസി ആണ്‌ എന്ന്‌ എത്ര പേർക്ക്‌ അറിയാം.

കെഎസ്‌ആർടിസിയിൽ ഏറ്റവും കുറവ്‌ ദൂരം സഞ്ചരിക്കുന്ന ഇന്റർസ്സ്റ്റേറ്റ്‌ സൂപ്പർ ഡീലക്സ്‌ സർവീസ്‌ സുൽത്താൻ ബത്തേരി – ബംഗളൂരു സൂപ്പർ ഡീലക്സാണ്‌. ബത്തേരിയിൽ നിന്നും മൈസൂർ വഴി ബംഗളൂരുറിലേക്ക്‌ ഒരു വശത്തേക്ക്‌ ഈ ബസ്സ്‌ ഏകദേശം 250 കിലോമീറ്റർ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. പാലക്കാട്‌ ഡിപ്പോയിൽ നിന്നുള്ള ബംഗളൂരു സൂപ്പർ ഡീലക്സ്‌ സർവിസ്‌ തന്റെ ട്രിപ്പിന്റെ 95 ശതമാനവും കേരളത്തിന്‌ പുറത്താണ്‌ ഓടുന്നത്‌. കെഎസ്‌ആർടിസിയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന സർവിസ്‌ തിരുവന്തപുരം – കൊല്ലൂർ മൂകാംബിക സ്കാനിയയാണ്‌. ഏകദേശം 750 തോളം കിലോമീറ്ററുകളാണ്‌ ഈ ബസ്സ്‌ ഒരു വശത്തേക്ക്‌ മാത്രം ഓടുന്നത്‌.

കെഎസ്‌ആർടിസിയുടെ കുമളി – കമ്പം ഓർഡിനറി സർവീസിന്‌ ഒരു പ്രത്യേകതയുണ്ട്‌. ഏകദേശം 100 മീറ്ററോളം മാത്രമാണ്‌ അവ കേരളത്തിലൂടെ സഞ്ചരിക്കുന്നത്‌. കുമളി ബസ്സ്‌ സ്റ്റാന്റിൽ നിന്നും ബോർഡറിലേക്ക്‌ കുറഞ്ഞത്‌ 100 മീറ്റർ ദൂരമേ ഉള്ളൂ. കെഎസ്‌ആർടിസിയിൽ ഒരു ഒറ്റ ഓർഡിനറി സർവിസ്‌ പോലും ഇല്ലാത്ത ഡിപ്പോ ഉണ്ടെന്ന്‌ അറിയാമോ. അങ്ങനെ ഒരു ഡിപ്പോ തിരുവന്തപുരം സെൻട്രൽ ഡിപ്പോ ആണ്‌. ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം അല്ലെങ്കിൽ ഡ്രൈവർ ചെയ്ഞ്ച്‌ നിലവിൽ വരുന്നതുവരെ എറണാകുളം – ബംഗളൂരു സർവീസിൽ സിംഗിൾ ഡ്രൈവർ ആയിരുന്നു. അതായത്‌ എറണാകുളം മുതൽ ബംഗളൂരു വരെയും അവിടുന്നു തിരിച്ചും വണ്ടി ഓടിക്കുവാൻ ഒരേയൊരു ഡ്രൈവർ മാത്രം. ഇൻഡ്യയിൽ തന്നെ ഇത്രയും ദൂരം ഒരു ഡ്രൈവറെ വെച്ച്‌ സർവിസ്‌ നടത്തുന്ന വേറെ സർക്കാർ ബസ്സുകൾ ഉണ്ടായിരുന്നില്ല എന്നാണ്‌ അറിവ്‌.

KL X 109 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ചാലക്കുടി ഡിപ്പോയുടെ ഡി-77 എന്ന ഡിപ്പോ വാൻ ആണ്‌ കെഎസ്‌ആർടിസിയിൽ ഇന്ന്‌ നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ ബസ്സ്‌. 50 വർഷത്തിലേറെ പഴക്കമുള്ള ഈ ടാറ്റാ ബസ്സ്‌ ഇന്നും പുലികുട്ടിയായി ഡിപ്പോ ആവശ്യങ്ങൾക്കായി ഓടുന്നുണ്ട്‌. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറാണ്‌ കെഎസ്‌ആർടിസിയുടെ ഏറ്റവും ഉയരത്തിലുള്ള ഡിപ്പോ. ഏറ്റവും കുറഞ്ഞ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡിപ്പോ ആലപ്പുഴയുമാണ്‌. കടലിനോട്‌ തൊട്ടടുത്തു കിടക്കുന്ന കെഎസ്‌ആർടിസി ഡിപ്പോ തിരുവന്തപുരം ജില്ലയിലെ വിഴിഞ്ഞം ആണ്‌. കടലിൽ നിന്നും 150 തോളം ദൂരമേ ഉള്ളൂ ഈ ഡിപ്പോയിലേക്ക്‌. കടലിന്റെ അടുത്ത സ്ഥിതി ചെയ്യുന്ന മറ്റ്‌ ഡിപ്പോക്കൾ തലശ്ശേരി, പൂവാർ, പൊന്നാനി എന്നിവയാണ്‌. കുമളി, ആര്യങ്കാവ്‌ എന്നിവയാണ്‌ കേരളാ അതിർത്തിക്ക്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന കെഎസ്‌ആർടിസിയുടെ ഡിപ്പോക്കൾ. രണ്ട്‌ ഡിപ്പോകളിൽ നിന്നും സംസ്ഥാന അതിർത്തിയിലേക്ക്‌ ഏകദേശം ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ.

വയനാട്‌ ജില്ലയിലെ മാനന്തവാടി ഡിപ്പോ ആണ്‌ കർണ്ണാടകയുടെ ഏറ്റവും അടുത്ത്‌ കിടക്കുന്ന കെഎസ്‌ആർടിസി ഡിപ്പോ. മാനന്തവാടിയിൽ നിന്നും കർണ്ണാടക അതിർത്തിയിലേക്ക്‌ ഏകദേശം 18 കിലോമീറ്റർ ദൂരമേ ഉള്ളൂ. വയനാട്‌ ജില്ലയിലെ തന്നെ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും കർണാടക അതിർത്തിയിലേക്ക്‌ 20 കിലോമീറ്ററും തമിഴ്‌നാട്‌ അതിർത്തിയിലേക്ക്‌ 16 കിലോമീറ്ററുമാണ്‌ ദൂരം. കെഎസ്‌ആർടിസിയുടെ എറണാകുളം – മധുര സൂപ്പർ ഫാസ്റ്റ്‌ സർവീസിന്‌ ആയിരിക്കും ഏറ്റവും കൂടൂതൽ വിശ്രമസമയം ലഭിക്കുന്നത്‌. ഈ ബസ്സിന്‌ ഏറണാകുളം ഡിപ്പോയിൽ 20 മണിക്കൂറോളം വിശ്രമം ലഭിക്കുന്നുണ്ട്‌. കെഎസ്‌ആർടിസിയിൽ ഏറ്റവും ഉയർന്ന സർവിസ്‌ വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസ്സുകൾ ആണെങ്കിലും ഏറ്റവും മുൻഗണനയുള്ള‌ സർവിസ്‌ മിന്നൽ സർവീസുകൾ ആണ്‌. പൊതുവെ ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ്‌ എന്ന നിലയ്ക്കാണ്‌ മിന്നൽ ഓടുന്നത്‌. നമ്മൾ അറിയാത്ത എത്രയോ രസകരമായ കാര്യങ്ങളാണ്‌ കെഎസ്‌ആർടിസിയെ ചുറ്റിപ്പറ്റിയുള്ളത്‌ എന്ന് ഇപ്പോൾ മനസിലായില്ലേ.

Avatar

Staff Reporter