ആടൈ എന്ന സിനിമ ഇറങ്ങിയതോടെ ചർച്ചകളിൽ സജീവമായിരിക്കുന്ന ഒരു തെന്നിന്ത്യൻ താരമാണ് അമലാ പോൾ. സ്വകാര്യ ജീവിതത്തിൽ തിരിച്ചടികൾ നേരിട്ടതിനെക്കുറിച്ച് താരം ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചതെന്ന് നടി അമല പോള്‍. വിവാഹമോചനത്തിനു ശേഷം ആകെ തകര്‍ന്നെന്നും അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും അമല പറയുന്നു.
”പതിനേഴാം വയസ്സില്‍ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു”, അമല പറയുന്നു.
2016ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. എന്റെ വസ്ത്രങ്ങളും സണ്‍സ്ക്രീനും ലിപ് ബാമും ചെരുപ്പുകളും എല്ലാം ബാഗിലാക്കി പുറപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. എന്നാല്‍ നാല് ദിവത്തെ ട്രെക്കിങ്ങിന് ശേഷം എല്ലാം ഞാന്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ടെന്‍ഡില്‍ കിടന്നുറങ്ങി. ദിവസങ്ങളോളം തുടര്‍ച്ചയായി നടന്നതില്‍ എന്റെ ശരീരമാകെ മരവിച്ച അവസ്ഥയിലായിരുന്നു, അമലയുടെ വാക്കുകള്‍.
”ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്.
”ആഡംബരജീവിതത്തിന് പിന്നാലെ പോകുന്നത് ഞാന്‍ നിര്‍ത്തി. പോണ്ടിച്ചേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു മാസം ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ ചിലവാക്കാറില്ല. എന്റെ മെര്‍സിഡസ് ബെന്‍സ് ഞാന്‍ വിറ്റു. എന്റെ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളിലാണ് പോകുന്നത്. യോഗ, സര്‍ഫിങ്, വായന എന്നിവയാണ് എന്നെ ജീവിപ്പിക്കുന്നത്.
”ഹിമാലയത്തില്‍ ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാല്‍ പോണ്ടിച്ചേരി തിരഞ്ഞെടുത്തു. ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നത് നിര്‍ത്തി. ഇപ്പോള്‍ ആയുര്‍വേദ ഡയറ്റ് ആണ് പിന്തുടരുന്നത്. എല്ലാ ദിവസവും ബീച്ചില്‍ പോകും, ശുദ്ധവായു ശ്വസിക്കും. ഇന്ന് ഒരുപാട് സന്തോഷവതിയാണ് ഞാന്‍. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ഒക്കെ ആഗ്രഹമുണ്ട്. ഒരു കുട്ടിയെ ദത്തെടുക്കണം എന്നുമുണ്ട്” അമല പറഞ്ഞു.