മലയാളം ഇ മാഗസിൻ.കോം

അമൽ, കണ്ണീരിനിടയിലും ഒരു നാടിന്‌ അഭിമാനിക്കാം, നിന്റെ അമ്മയെ ഓർത്ത്‌: നീ ജീവനേകിയത്‌ 4 പേർക്ക്‌

ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത മാതൃസ്നേഹത്തിന്. കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങാകണമെന്ന മകന്‍െറ ആഗ്രഹം അവന്‍ മരിച്ചിട്ടും ആ അമ്മ സഫലമാക്കി. ഭർത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും തളരാതെ വിജയശ്രീ മകന്റെ അവയവങ്ങൾ ദാനം ചെയ്തത് നാലുപേർക്ക്.

\"\"

ഉറ്റവരുടെ അപ്രതീക്ഷിത വിയോഗത്തിലും പതറാത്ത കൊല്ലം ശൂരനാട് നോർത്തിൽ വിജയശ്രീയുടെ മഹാമനസ്‌കതയെ നാടൊന്നടങ്കം വാഴ്ത്തുകയാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങൾ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകൻ അമൽ എന്ന ഇരുപത്തൊന്നുകാരൻ.

\"\"

അടൂർ ഏനാത്തെ സെന്റ് സിറിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു അമൽ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനുമായി വീട്ടിലേക്ക് വരവെയാണ് അപകടത്തിപ്പെട്ടത്. അമലിന്റെ അച്ഛൻ രാജൻ പിള്ള(58) ഷാർജ പൊലീസിലെ ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാർ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കടുത്ത് ഭരണിക്കാവില്‍ വെച്ച് ബസുമായി കൂട്ടിയിടിച്ച് രാജൻ പിള്ള തൽക്ഷണം മരണമടയുകയായിരുന്നു.

\"\"

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഭർത്താവ് നഷ്ടപ്പെട്ട ദുഖം മാറുന്നതിന് മുമ്പുതന്നെ മകന്റെ മരണ വാർത്തയുമെത്തി. മകൻ അമൽ രാജിന്റെ മസ്തിഷിക മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന മരണാനന്തര അവയവദാന ഏജൻസിയായ കെഎൻഒഎസിലെ പ്രവർത്തകർ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ മഹാദാനത്തിന് സമ്മതം നൽകുകയായിരുന്നു.

\"\"

തുടർന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസിൽ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികൾക്കും കോർണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നൽകി. കെഎൻഒഎസ് (മൃതസഞ്ജീവനി ) ആണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. സജീവ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനും പൊതു സമ്മതനുമായിരുന്നു അമല്‍. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ 4 മണിക്ക് നടത്തി.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com