19
November, 2017
Sunday
08:17 PM
banner
banner
banner

ദിലീപിന്റെ ഒളിഞ്ഞു നോട്ടവും സീലാട്ടു ചേട്ടന്റെ തള്ളും; അപ്പുക്കുട്ടന്മാർ ഓവറാക്കി ചളമാക്കുന്നു

ഒരാൾ വീണാൽ / ഒരാളെ വീഴ്ത്തിയാൽ വിജയിക്കാം എന്ന ചിന്തയോടെ മുഖത്തും മനസ്സിലും ഛായം തേച്ച ഒരുപാട് മനുഷ്യരുടെ വിഹാര രംഗം മാണ്‌ സിനിമ എന്നാണ്‌ മനസ്സിലാക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പെട്ട് അകത്തായതോടെ ദിലീപിനെതിരെ പലരും വെളിപ്പെടുത്തലുകളുമായി വരുന്നു. അയാൾ കാരണം തന്റെ പ്രതിഭ നശിപ്പിക്കപ്പെട്ടു അവസരം നഷ്ടപ്പെട്ടു എന്നൊക്കെയാണ്‌ കൂടുതൽ, സത്യമാകാം നുണയുമാകാം. നിവർന്നു നില്ക്കുമ്പോൾ മുട്ടാൻ പറ്റാത്തവൻ വീഴുമ്പോൾ ചവിട്ടുക എന്നത് സ്വാഭാവികം. അവസരം ശരിക്ക് ഉപയോഗിക്കുന്നവർ ഉണ്ടെങ്കിലും അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ “തള്ള്” സീലാടൻ ചേട്ടന്റെ ആണ്‌. പത്തിരുപത് വർഷം മുമ്പ് പടനായകൻ എന്ന ചിത്രം ഷൂട്ട് നടക്കുമ്പോൾ ദിലീപ് അതിലെ പ്രധാനനടി വസ്ത്രം മാറുമ്പോൾ ടെറസിൽ നിന്നും ഒളിഞ്ഞു നോക്കി എന്നാണ്‌ സീലാട്ടു ചേട്ടന്റെ വെളിപ്പെടുത്തൽ.

സീൻ 1: കുറ്റാകൂരിരുട്ടുള്ള രാത്രി. രചനയുടെ പിരിമുറുക്കത്തിനിടയിൽ ബഹളങ്ങൾ ഒഴിവാക്കി സ്വസ്ഥമായി ചിന്തിക്കുവാനായി ഹോട്ടലിന്റെ ടെറസിൽ പോകുന്ന സീലാട്ടു ചേട്ടൻ. അവിടെ ചെന്നപ്പോൾ ആ കാഴ്ച കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ഒരാൾ മറ്റൊരാളെ തലകീഴായി തൂക്കിപ്പിടിച്ചിരിക്കുന്നു. തള്ളിയിട്ട് കൊല്ലാനാകുമോ എന്ന് ചിന്തിച്ചിരിക്കാം. തിരക്കഥാകൃത്ത് ചേട്ടൻ അവിടേക്ക് ചെല്ലുന്നു. അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലാകുന്നത് സംഗതി ഒളിഞ്ഞു നോട്ടമാണെന്ന് അതും പ്രധാന നടിയെ. ഛായ് വൃത്തികേട്… മ്ളേഛന്മാർ.. പക്ഷെ അത് രണ്ടാമത്തെ വിഷയം അഥവാ കൈ വിട്ടാൽ ഭാവിയിലെ സൂപ്പർതാരം വീണ്‌ മരിച്ചാൽ? പണ്ട് ജോൺ അബ്രഹാം വീണ്‌ മരിച്ചതു പോലെ മഹാപ്രതിഭയെ നഷ്ടമായാൽ? പിന്നെ ഒന്നും നോക്കിയില്ല സംഗതിയുടെ ഗൗരവം ബോധ്യപ്പെടുത്തി ആളെ രക്ഷപ്പെടുത്തി. !!

എന്റെ സീലാട്ട് ചേട്ടാ കേരളത്തിൽ ഉള്ള ഒരുമാതിരി സകല ഹോട്ടൽ കെട്ടിടത്തിനും പാരപ്പെറ്റ് എന്ന സംഗതി ഉണ്ട്. അതിനു ഏതാണ്ട് 70 മുതൽ 120 സെന്റീമീറ്റർ (രണ്ടരയടി മുതൽ നാലടിവരെ ) വരെ പൊക്കവും കാണും. ശരാശരി ഒരു 80 സെന്റീമീറ്റർ കൂട്ടിക്കൊ. ദിലീപിന്റെ അന്നത്തെ തൂക്കം ഏതാണ്ട് ഒരു അറുപത് കിലോയെങ്കിലും ഉണ്ടാകുമല്ലൊ. അരക്കെട്ട് വരെ ഒരു 80-85 സെന്റീമീറ്റർ ഉണ്ടെന്ന് കരുതുക. ഏകദേശം 120 സെന്റീമീറ്റർ എങ്കിലും താഴേക്ക് ഞാന്നു കിടന്നു എന്നും കരുതാം. അപ്പോഴും ഈ പറഞ്ഞ ഉദ്ദേശം 80 സെന്റീമീറ്റർ ഉള്ള പാരപ്പെറ്റിനു താഴേക്ക് എത്ര വരെ എത്തും 40 സെന്റീമീറ്റർ.

ജനൽ വഴിയാകുമമ്മോ നോക്കിയിട്ടുണ്ടാകുക സ്വാഭാവികമായും ജനലിനു മുകളിൽ ആ കെട്ടിടത്തിനു സൺഷേഡ് ഉണ്ടാകില്ലയോ. അതുണ്ടെങ്കിൽ അതിന്റെ പൊക്കം പൊതുവെ ഫ്ലോർ ലെവലിൽ നിന്നും 210 സെന്റീമീറ്ററും (10 സ്ളാബ് കനം വേറെ) പ്രൊജക്ഷൻ 60-80 സെന്റീമീറ്ററും ആണ്‌. കെട്ടിടത്തിന്റെ റൂഫിന്റെ പൊക്കം 310 സെന്റീമീറ്റർ ആണെങ്കിൽ അതിന്റെ കൂടെ നേരത്തെ പറഞ്ഞ പാരപ്പെറ്റിന്റെ 80 സെന്റീമീറ്ററും കൂട്ടിയാൽ (390)സൺഷേഡിനും(220) പാരപ്പെറ്റിന്റെ ടോപ്പിനും ഇടയിൽ 160 സെന്റീമീറ്ററോളം വ്യത്യാസം ഉണ്ടെന്ന് അർഥം. പോരാത്തതിനു സൺഷേഡിന്റെ മറവും. എത്രസമയം ഒരാൾക്ക് ഒളിഞ്ഞു നോട്ടത്തിന്റെ റിസ്കെടുത്ത് ഇങ്ങനെ തലകീഴായി ഏകദേശം അറുപത് കിലോയോളം തൂക്കമുള്ള ഒരു മനുഷ്യനെ തൂക്കിപ്പിടിക്കുവാൻ പറ്റും?

കഴിഞ്ഞ 25 വർഷത്തിൽ അധികമായി നമ്മൾ മലയാളികൾ കാണുന്ന ദിലീപ് അമിതാബച്ചൻ ഒന്നും അല്ലല്ലോ ലേ? ഈ പറഞ്ഞ ചിത്രത്തിലെ നായികമാർ ഒരു മീരയും (ഷക്കീല ചിത്രത്തിൽ അഭിനയിച്ചിരുന്നു എന്ന് ഗൂഗിൾ) പിന്നെ ഒരു പ്രോഡ്യൂസറിന്റെ ഭാര്യയും!! നാണമില്ലേടോ ഇമ്മാതിരി കാച്ച് കാച്ചാൻ?

(ഇത്‌ പ്രശസ്ത കോളമിസ്റ്റും, ആർക്കിടെക്ചറൽ ഡിസൈനറുമായ സതീഷ്‌ പാർപ്പിടം ഫേസ്ബുക്കിൽ പങ്കുവച്ച സ്വാഭാവിക സംശയം മാത്രം)

മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി ഗോപാലകൃഷ്ണന് എന്ന ദിലീപിനെ എല്ലാവരും പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ദിലീപിന്റെ വളർച്ച കൊണ്ടും കൊടുത്തും ഉള്ളതായിരുന്നു എന്ന്‌ പറയാൻ ആളുകൾ ഏറെ ആണ്. ദിലീപിന്റെ അനിഷ്ടം ഏറ്റുവാങ്ങിയത് മൂലം സിനിമയിലെ കരിയര് തന്നെ അവസാനിച്ചുപോയ സംവിധായകരും നിർമ്മാതാക്കളും താരങ്ങളും വരെ ഉണ്ടെന്ന വെളിപ്പെടുത്തലുകളും ആയാണ് പലരും രംഗത്തുവന്നിരിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയ്ക് പോലും ദിലീപിന്റെ ശത്രുത മൂലം മലയാള സിനിമയിൽ അവസരങ്ങൾ ഏറെ നഷ്ടപ്പെട്ടു എന്നും വാർത്തകൾ പുറത്ത് വന്നിരിക്കുന്നു. ദിലീപെന്ന കൗശലക്കാരൻ സിനിമാ രംഗത്ത് പയറ്റിയ തന്ത്രങ്ങൾ നിരവധി ആണെന്നും സംഘടനകൾ വളർത്തിയും പിളർത്തിയും അതിശക്തനാവാനുള്ള ദിലീപിന്റെ വളർച്ചയ്ക്കാണ് ഇപ്പോൾ കോട്ടം സംഭവിച്ചിരിക്കുന്നത് എന്നുമാണ് സിനിമാ ലോകത്തെ പലരുടെയും അഭിപ്രായം.  “അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്”. ഒരു പ്രശസ്ത അഭിഭാഷകന്റെ വാക്കുകൾ ആണിത്.

മലയാള സിനിമയിൽ ദിലീപ് എന്ന നടൻ ആധിപത്യം ഉറപ്പിച്ചത് അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും വിതരണക്കാരനായും തീയറ്റർ ഉടമയായും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ദിലീപ് സ്വന്തം സ്ഥാനം ഉറപ്പിച്ചിരുന്നു. വിനയനും തിലകനും അടക്കമുള്ള പ്രമുഖർ മുതൽ ചെറുകിടക്കാർ വരെ ദിലീപിന്റെ വൈരാഗ്യബുദ്ധിയുടെ ഇരകളാണെന്ന സാക്ഷ്യപ്പെടുത്തലുകൾ വരെ നിരത്തിക്കഴിഞ്ഞിരിക്കുന്നു. 2009 ദിലീപ് മാക്ട പിളർത്തുകയും അത് വിനയനോടുള്ള പ്രതികാരം കൊണ്ട് ആണെന്നും ദിലീപും തുളസീദാസുമായി ബന്ധപ്പെട്ട തർക്കത്തിൽ വിനയൻ ദിലീപിന് എതിരായി നിന്നു എന്നതായിരുന്നു ശത്രുതയ്ക്ക് കാരണം എന്നും ഉള്ള വിവാദ പ്രസ്താവനയും ആയിട്ടാണ് സംവിധായകൻ വിനയന്റെ രംഗപ്രവേശനം.  സിനിമയിൽ നേതാവാകാൻ വേണ്ടിയാണ് ദിലീപ് ഫിയോക് എന്ന സംഘടന ഉണ്ടാക്കിയത് എന്ന കുറ്റാരോപണം ഉന്നയിച്ചാണ് ലിബർട്ടി ബഷീർ ദിലീപ് എന്ന വില്ലനെ വർണ്ണിച്ചത്.

മലയാള സിനിമയുടെ പ്രധാനപ്പെട്ട എല്ലാ മേഖലയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവാകാനായിരുന്നു ദിലീപിന് ഇഷ്ടമെന്നും തനിക്ക് ശത്രുത ഉള്ളവരുടെ സിനിമകൾ വെളിച്ചം കാണാതിരിക്കാനും ദിലീപിന്റെ സ്വാധീനശക്തിക്ക് വഴങ്ങേണ്ടി വന്നവരാണ് സാങ്കേതിക രംഗത്തുള്ളവരടക്കമുള്ള മലയാള സിനിമാക്കാർ എന്നും ആരെയും ഇല്ലാതാക്കാൻ വരെ ശക്തിയുള്ള ദിലീപിനോട് എല്ലാവർക്കും ഭയം ആണെന്നും നടിയെ ആക്രമിച്ച സംഭവത്തിൽ അമ്മ എടുത്ത നിലപാടിന്റെ പോലും പിന്നിൽ ഇതൊക്കെ ആണെന്നും വരെയുള്ള കഥകൾ ആണ് ഓരോരുത്തരായി തെളിവ് നിരത്തി വാദിക്കുന്നത്.  ഒടുവിൽ നടൻ കലാഭവൻ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ദിലീപ്‌ തകർത്തു എന്നു പറയുന്ന മാക്ട സംഘടനയുടേ ഭാരവാഹിയായ ബൈജു കൊട്ടാരക്കര എന്ന സംവിധായകനും രംഗത്തെത്തിയിരിക്കുകയാണ്. ദിലീപ് ചിത്രങ്ങളിലെ സ്ഥിരം നായികമാർക്ക് നടന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ പങ്കുണ്ടെന്ന തരം വാർത്തകളും ദിലീപിനെതിരെ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നു. നടനുമായി ഭൂമി – സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും, വ്യക്തിപരമായ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും കുറ്റവാളി ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നും കുറ്റവാളി അല്ലെങ്കിൽ വിട്ടയക്കപ്പെടണമെന്നുമാണ് ആക്രമണത്തിന് ഇരയായ നടി ഏറ്റവും ഒടുവിൽ പത്രക്കുറിപ്പ്‌ പുറത്തുവിട്ടത്‌.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments