മലയാളം ഇ മാഗസിൻ.കോം

അടുത്തറിയണം ആകാശവെള്ളരിയെ, നിസ്സാരക്കാരനല്ല ഈ മട്ടുപ്പാവിലെ മാണിക്യം

വെള്ളരി മലയാളിക്ക്‌ പുതുമയല്ലഎന്നാൽ ആകാശവെള്ളരിയോ? തെല്ല്‌ പുതുമയും അതിലേറെ അപരിചിതവുമാണിത്‌. സാധാരണ വെള്ളരി നിലത്ത്‌ വേരോടി വള്ളിവീശി കായ്ക്കുമ്പോൾ ആകാശവെള്ളരി മേലാപ്പിലോ മട്ടുപ്പാവിലോ പന്തൽകെട്ടി വളർത്തിയാലേ പടരുകയും കായ്തരികയും ചെയ്യൂ. മട്ടുപ്പാവിലെ ശുഭ്രസുന്ദരമായ നീലിമയിൽ ആകാശവെള്ളരി വളർത്തി കൂടാരം തീർത്തിരിക്കുന്നു എറണാകുളം ഇരുമ്പനത്തെ നെല്ലിക്കുന്നേൽ ബാബു വലേറിയൻ എന്ന കൃഷിസ്നേഹി. ഫലസസ്യങ്ങളോട്‌ ബാബുവിന്‌ പണ്ടേ കമ്പമാണ്‌. അങ്ങനെയാണ്‌ ഒരു ഇടുക്കിയാത്രക്കിടയിൽ ആകാശവെള്ളരിയുടെ തൈകൾ കരസ്ഥമാക്കുന്നത്‌. ഇത്‌ അഞ്ചു വർഷം മുമ്പുള്ള കഥ. വീടിനോട്‌ ചേർന്ന്‌ തൈകൾ നട്ട്‌ കരുത്തുള്ള രണ്ടെണ്ണം പടർത്തി മട്ടുപ്പാവിലേക്ക്‌ വിട്ടു. പുതിയ അതിഥിയായതിനാൽ അൽപം സ്നേഹവും കരുതലും കൂടുതൽ നൽകി പരിചരിച്ചു. ചാണകവും എല്ലുപൊടിയും ബയോഗ്യാസ്‌ സ്ലറിയുമൊക്കെ സമൃദ്ധമായി നൽകി. ബാബുവിന്റെയും ഭാര്യ ലിസിയുടെയും സ്നേഹപരിലാളനത്തിൽ ആകാശവെള്ളരി മാനം നോക്കി വളർന്നു കയറി മട്ടുപ്പാവാകെ പടർന്നു. ഇടയ്ക്കൊന്ന്‌ കൊമ്പുകോതൽ നടത്തും. അപ്പോൾ വശങ്ങളിൽ ചില്ലപൊട്ടി വളരും. കൂടുതൽ കായ്ക്കാൻ പ്രചോദനമാകും. ഇപ്പോൾ ഒരു ചെടിയിൽ നിന്ന്‌ എഴുപത്‌ വെള്ളരിവരെ കിട്ടും. കിലോയ്ക്ക്‌ 120 രൂപ വരെ വിലയുണ്ട്‌. എങ്കിലും മലയാളികൾക്ക്‌ ഈ സവിശേഷ വെള്ളരി ഇന്നും അത്ര പരിചിതമായിട്ടില്ല എന്ന ബാബു വിഷമത്തോടെ പറയുന്നു.

നമുക്കേറെ പരിചിതമായ പാഷൻ ഫ്രൂട്ടിന്റെ കുടുംബാംഗമാണ്‌ ആകാശവെള്ളരി. വള്ളിനിറയെ വിടരുന്ന പൂക്കൾ കണ്ടാൽ ഏത്‌ അലങ്കാരച്ചെടിയും തോറ്റ്‌ തുന്നം പാടും. കായ്‌ പച്ചയ്ക്ക്‌ സലാഡ്‌ ആയും വിളഞ്ഞാൽ ജാം, ജെല്ലി, ഫ്രൂട്ട്‌ സലാഡ്‌, ഐസ്ക്രീം എന്നിവയൊരുക്കാനും നന്ന്‌. തൊണ്ട്‌ ചെത്തിക്കളയേണ്ടതില്ല. ഓഗസ്റ്റ്‌-സെപ്റ്റംബറിൽ നല്ല വിളവ്‌ കിട്ടും. രണ്ടു മാസത്തെ വളർച്ച മതി കായ്കൾ വിളയാൻ. ഇതിന്റെ ഇലകളുണക്കി ‘ഗ്രീൻടീ’ തയാറാക്കി കുടിക്കുന്നത്‌ രോഗപ്രതിരോധശേഷി വർധിപ്പിക്കും. കായ്കളിലടങ്ങിയ ‘പാസിഫ്ലോറിൻ’എന്ന ഘടകം രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ രോഗാവസ്ഥകൾ പ്രതിരോധിക്കും.

“ആകാശവെള്ളരിയെ മലയാളികൾ ഇനിയും അടുത്തറിയേണ്ടതുണ്ട്‌…. എങ്കിലേ ഇത്‌ പ്രചരിക്കുകയുള്ളു…” തൈകൾ സുഹൃത്തുക്കൾക്ക്‌ കൊടുത്ത്‌ പ്രോത്സാഹിപ്പിക്കുന്ന ബാബു പറയുന്നു. നട്ട് മൂന്നാംവര്‍ഷം മുതല്‍ കായ്ക്കാന്‍ തുടങ്ങും. വർഷങ്ങൾ കഴിഞ്ഞാലും വിളവിന് കുറവുണ്ടാകില്ല. വെള്ളരിയോടാണ് കാഴ്ചയ്ക്ക് സാമ്യമെങ്കിലും രുചിയില്‍ വ്യത്യാസമുണ്ട്. ഫാഷന്‍ ഫ്രൂട്ടിന്റെ രുചിയാണ് ഇതിന്. കറിവെക്കാനും ജ്യൂസടിക്കാനും ഉത്തമമാണെന്ന് ബാബു കൂട്ടിച്ചേർത്തു. കായ്ക്കുന്നതിന് അങ്ങനെ പ്രത്യേക സമയമില്ല. ആകാശ വെള്ളരിയിലൊതുങ്ങുന്നില്ല ബാബുവിന്റെ സസ്യസ്നേഹം. എലന്തു, കാരമ്പോള, റംബൂട്ടാൻ, മാങ്കോസ്റ്റീൻ, മാതളം, പാഷൻ ഫ്രൂട്ട്‌, ചൈനീസ്‌ ഓറഞ്ച്‌, മാപ്പ, പേര, പ്ലാവ്‌, ബാങ്കോക്ക്‌ ചാമ്പ, വെസ്റ്റിന്ത്യൻ ചെറി തുടങ്ങിയ നിരവധി ഫലവൃക്ഷങ്ങളുടെ ഒരു പഴത്തോട്ടം കൂടെയാണ്‌ ബാബു വലേറിയന്റെ നെല്ലിക്കുന്നേൽ വീട്‌.

  • സുരേഷ്‌ മുതുകുളം, ഡെപ്യൂട്ടി ഡയറക്ടർ, എഫ്‌ഐബി

Staff Reporter