നിന്റെ തന്തക്കും തള്ളക്കും കൊണ്ട് ബിരിയാണി ബലിയിട് എന്ന് പറയുന്നവരോട്. അവർ ആത്മാക്കൾ ആയിട്ടില്ല. നിങ്ങളുടെ നിർഭാഗ്യവശാൽ ജീവിച്ചിരിക്കുന്നു. ഇനി അവർക്ക് ബിരിയാണി ആണ് വേണ്ടതെങ്കിൽ കൊടുക്കുക തന്നെ ചെയ്യും. എന്നാലും ജീവിച്ചിരിക്കുമ്പോൾ അവരെ നോക്കാനാണ് എനിക്കിഷ്ടം. മരിച്ചു കഴിഞ്ഞു അവർക്ക് ബിരിയാണി ആവശ്യമില്ല, ബലിച്ചോറും.
\’ബലിച്ചോറ് മടുത്തു ബിരിയാണിയാണേൽ വരാമെന്ന് ബലിക്കാക്ക\’ എന്ന ചെറിയ നർമ്മത്തെ ആക്രമിച്ചു വിവാദം ആക്കിയ സാഹചര്യത്തിൽ ചിലതൊക്കെ പറഞ്ഞു കൊള്ളട്ടെ. കാക്ക ആണല്ലോ വിവാദ നായകൻ. ഈ കാക്കക്കൊപ്പം ബലി എന്ന വാക്കുവന്നതോ കുഴപ്പം? അതോ ബിരിയാണി എന്ന വാക്ക് ബലിക്കൊപ്പം ചേർന്ന് നിൽക്കുന്നതോ? ബിരിയാണി എന്ന വാക്ക് ഉത്ഭവിച്ചത് ബെറ്യാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്. ഫ്രൈ ചെയ്തത് എന്നാണ് അർത്ഥം. ഫ്രൈ ചെയ്തത് കഴിക്കില്ല എന്ന് കാക്ക വ്രതം എടുത്തിട്ടില്ലല്ലോ! ഇനി ബീഫ് ബിരിയാണിയും ചിക്കൻ ബിരിയാണിയും ആണോയെന്ന് സന്ദേഹിക്കുന്നുണ്ടെങ്കിൽ, വെജിറ്റബിൾ ബിരിയാണി ആയിക്കരുതാമല്ലോ. വല്ല ഉണ്ണിയപ്പമോ ഇലയടയോ ആയിരുന്നെങ്കിൽ നിങ്ങൾ വ്രണപ്പെടുമായിരുന്നോ? കാക്കക്ക് ഒരു മതവിഭാഗത്തിപ്പെട്ടവർ എന്ന വിവക്ഷ നിങ്ങൾ കല്പിക്കുന്നുണ്ടേൽ അതിന്റെ കുറ്റം ഞാൻ ഏറ്റെടുക്കുന്നില്ല.
പലപ്പോഴും ജീവിച്ചിരിക്കുമ്പോൾ ആട്ടുകയും തുപ്പുകയും കല്ലെറിയുകയും ചെയ്യുന്നവർ മരിച്ചു കഴിയുമ്പോൾ കൊട്ടിവിളിച്ചു പ്രസാദിപ്പിക്കൽ തുടങ്ങും. വീടിന്റെ മൂലയിലും കടത്തിണ്ണയിലും വൃദ്ധസദനത്തിലും ആർക്കും വേണ്ടാത്ത കാക്കകളെപ്പോലെ കഴിയുന്നവരുണ്ട്. ആത്മാവ് ആകുംവരെ നോക്കിനിൽക്കുന്നതിനേക്കാൾ അടുത്തുള്ളപ്പോൾ ഒരിത്തിരി സ്നേഹത്തിന്റെ ഉരുളകൾ കൊടുക്കുന്നതല്ലേ നല്ലത്?
ഞാൻ പറഞ്ഞ കാക്ക നിങ്ങളുടെ പിതൃക്കൾ ആണെന്ന് കരുതിപ്പോയതല്ലേ കുഴപ്പം? അല്ലെങ്കിൽതന്നെ ബലിച്ചോറു തിന്ന കാക്ക എവിടെയെല്ലാം പോയി കൊത്തിപ്പെറുക്കുന്നു. കുപ്പയിലും അഴുക്കുചാലിലും അമേദ്യത്തിലും വരെ.
ചോറ് തിന്നാൻ കാക്കകൾ ഇല്ലെന്നാണ് കേൾവി. അത്രയ്ക്ക് കലഹത്തിലാണ് പിതൃക്കൾ. കാക്ക തിന്നാത്ത ചോറ് ആരാകും തിന്നുന്നത്? ഒന്നുകിൽ അഴുകി തീരും. അല്ലേൽ വല്ല പട്ടിയോ പൂച്ചയോ തിന്നും. അപ്പോൾ ആത്മാക്കൾ? ജീവിച്ചിരുന്നപ്പോൾ ഒരാൾ കഴിച്ചിരുന്നതല്ലേ ആത്മാവ് ആയാലും പ്രിയപ്പെട്ടതാകുക? അത് നമ്മൾ നോക്കാറുണ്ടോ? അവിടെയും ചോറ് മാത്രേ കൊടുക്കാവൂ എന്ന് വാശിയാണ്.
ആലപ്പുഴ തലവടിയിലെ ഒരു സുബ്രമണ്യക്ഷേത്രത്തിൽ മഞ്ച് ആണ് വഴിപാട്. സാക്ഷാൽ മുരുകൻ മാറിയിരിക്കുന്നു. മഞ്ച് മുരുകനായി. കാലം മാറുന്നില്ലേ? കാക്കയും മാറില്ല എന്നാരു കണ്ടു? കാക്കകൾ ചോറ് തിന്നാത്ത കാലം വരില്ല എന്നൊന്നുമില്ല. ആരെങ്കിലും ഒരു ബർഗർ ബലിയായി നൽകിയാൽ തുടങ്ങിയാൽ മതി അതൊരു ആചാരമായി മാറാൻ.
വിവാഹം, വിരുന്ന്, പിറന്നാള് എന്നിങ്ങനെ പല ആഘോഷങ്ങളിലും ബിരിയാണി ആയിക്കോട്ടെ എന്ന് മലയാളി ചിന്തിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. നമ്മില് എത്രപേര് ആഘോഷങ്ങളിലും ചടങ്ങുകളിലും സദ്യ അല്ലെങ്കില് സസ്യഭക്ഷണം ഇഷ്ടപ്പെടുന്നുവെന്ന് സ്വയം ചോദിക്കണം.
മറ്റ് മതങ്ങളെ നിങ്ങൾ വിമർശിക്കുന്നില്ലല്ലൊ എന്ന് ചോദിക്കുന്നവർ എന്റെ മുൻകാല രചനകൾ വായിച്ചിട്ടുണ്ടാകില്ല. പിന്നെ ഞാൻ ജനിച്ച മതത്തെ വിമർശിച്ചു നന്നാക്കുക എന്ന സ്വാർത്ഥലക്ഷ്യവും ഉണ്ടെന്നു കരുതാം. ശൈവം, വൈഷ്ണവം, ബുദ്ധം, ജൈനം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം, ചാർവാകം അങ്ങനെ എത്ര ചിന്താസരണികൾ സംഗമിച്ച കടലാണ് ഹൈന്ദവത. വിശാലമായ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നു എന്നതിലാണ് ഹിന്ദു ഊറ്റം കൊള്ളുന്നത്. അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരായിട്ടെ ഇവരെ കരുതാനാകൂ. അല്ലെങ്കിൽ വടക്കേ ഇന്ത്യൻ തീവ്രഹിന്ദു തൊഴുത്തിൽ നമ്മുടെ ഹിന്ദു മതത്തെ കൊണ്ടുകെട്ടാൻ കച്ചകെട്ടിയവർ ആകും.
എനിക്ക് എഴുതാനുള്ളത് പോലെ, നിങ്ങൾക്കു വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ അസഭ്യം പറയാനും അച്ഛനും അമ്മയ്ക്കും വിളിക്കാനും ഭീഷണി മുഴക്കാനും ഏത് ആർഷഭാരത സംസ്കാരമാണ് ഉത്ഘോഷിക്കുന്നത്? നിങ്ങളുടെ അല്പത്തരങ്ങളുടെ ആകെ തുകയാണത്. സ്വയം എടുത്തണിഞ്ഞിരിക്കുന്ന സാംസ്കാരിക ബഹുമതികൾ. തെറിഅഭിഷേകം നടത്തിയവർ പേരുകളിൽ സവർണ്ണത ഒട്ടിച്ചു വച്ചവരാണ് എന്നത് ഒട്ടും യാദൃശ്ചീകത അല്ല. ഭയപ്പെടുത്തിയാൽ അടച്ചു വെക്കാനുള്ളതല്ല എന്റെ കയ്യിലെ പേന. അതിനിയും ശബ്ദിക്കും. പ്രതികരിക്കും. പ്രതിക്ഷേധിക്കും.
കാക്കയുടെ കൂട്ടിൽ സംസ്കാര മുട്ടകൾ ഇടുന്ന കുയിലുകളേ, നിങ്ങൾ കാഷ്ടിക്കുന്നത് വിശാലമായ ഒരു സംസ്കാരത്തിന്റെ തലയിലാണ്. നിങ്ങൾ നിങ്ങളുടെ കാക്കക്ക് ഇഷ്ടമുള്ളത് കൊടുത്തോളൂ. അചാരങ്ങളുടെ കൂട്ടിൽ അടക്കുകയോ അനുഷ്ടാനങ്ങളുടെ എച്ചിൽ ഊട്ടുകയോ എന്താന്നുവച്ചാൽ ചെയ്യൂ. എന്നിട്ട് എന്റെ ബലിക്കാക്കയെ എനിക്ക് വിട്ടുതരൂ. പൊട്ടാൻ മാത്രമുള്ള കുരുക്കളെ കൊത്തിപ്പൊട്ടിക്കാൻ വേണ്ടിയുള്ളതാണത്. ജീർണ്ണിച്ച ചിറകുകൾ കൊണ്ട് വെളിച്ചം മറച്ചും കാഷ്ടിച്ചും തുടർന്ന് ജീവിച്ചുകൊള്ളുക. വിശാലാമായ ആകാശം നിങ്ങൾക്കുള്ളതല്ല.