24
March, 2019
Sunday
07:10 PM
banner
banner
banner

ഈ സിനിമാ നടിമാരൊക്കെ 30 ലും 35 ലുമൊക്കെ കൂളായി പ്രസവിക്കുന്നതിനു പിന്നിലെ രഹസ്യം എന്താണ്‌? പ്രായക്കൂടുതൽ അവരെ ബാധിക്കാത്തത്‌ എന്തുകൊണ്ട്‌?

25 വയസിനുള്ളില്‍ ആദ്യപ്രസവം നടക്കണമെന്നു മുതിര്‍ന്നവര്‍ പറയുമ്പോള്‍ ന്യൂജന്‍ പിള്ളേരുടെ മറുപടി ഇങ്ങനെയാണ്. കാര്യം ശരിയാണ്. കരിയറും ലൈഫും എല്ലാം സെറ്റിലായതിനു ശേഷം 35 വയസു കഴിഞ്ഞ് അമ്മയാവുന്ന സെലിബ്രിറ്റികളുടെ എണ്ണം കൂടിവരുന്നുണ്ട്.

ലോകസുന്ദരി ഐശ്വര്യ റായ് മുതല്‍ ഇങ്ങ് കേരളത്തില്‍ ശ്വേതാ മേനോന്‍ വരെ നിരവധി ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. മാത്രമല്ല 18 ല്‍ വിവാഹം കഴിഞ്ഞ് 23 ആകുമ്പോഴേക്കും രണ്ട് കുട്ടികളുടെ അമ്മയാകാനൊന്നും യുവതലമുറ തയാറുമല്ല.

ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ് സ്വന്തമായി ജോലിയും നേടി, ബാച്ച്‌ലര്‍ ലൈഫ് ആഘോഷമാക്കിയതിനു ശേഷം വിവാഹം മതിയെന്ന് തീരുമാനിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. മുപ്പതിലും അതിനു ശേഷവും പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.എന്നാല്‍ 38 ല്‍ പ്രസവിച്ച ഐശ്വര്യാ റായും ശ്വേതാ മേനോനും 43 ല്‍ പ്രസവിച്ച ഫറാഖാനും 37 ല്‍ അമ്മയായ റാണി മുഖര്‍ജിയുമൊക്കെയാണ് നിങ്ങളുടെ റോള്‍ മോഡല്‍ എങ്കില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

കാരണം ഈ താരങ്ങളൊക്കെ അലസജീവിതം പിന്‍തുടര്‍ന്നവരല്ല. ആരോഗ്യവും ഫിറ്റ്‌നസും ഭക്ഷണ ശീലങ്ങള്‍ക്കുമെല്ലാം അവര്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയതിനാലാണ് 35 ന് ശേഷവും അവര്‍ക്ക് ഗര്‍ഭകാലവും സുഖപ്രസവവും വലിയ പ്രശ്‌നങ്ങളില്ലാതെ സാധ്യമായത്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ പ്രായക്കൂടുതലാണെങ്കിലും ഗര്‍ഭധാരണവും പ്രസവവും സുഖകരമാക്കാം.

സ്‌കൂള്‍തലം വരെ ഓടിച്ചാടി നടന്നവരും സ്‌പോര്‍ട്‌സും ഡാന്‍സുമെല്ലാം പ്രാക്ടീസ് ചെയ്തവരും ഡിഗ്രിയൊക്കെ എത്തുമ്പോഴേക്കും അസല്‍ മടിച്ചികളാവും. ജോലിക്കു പോയിത്തുടങ്ങിയാല്‍ പിന്നെ പറയേണ്ടതുമില്ല. ഹോസ്റ്റല്‍ ജീവിതമാണെങ്കില്‍ ഭക്ഷണകാര്യത്തില്‍ തോന്നുംപടി. ഫാസ്റ്റ് ഫുഡും ചിട്ടയില്ലാത്ത ജീവിതവുമാവും പലരുടെയും ശീലം. മിക്ക സ്ത്രീകളിലും പിസിഒഡി പോലുള്ള പ്രശ്‌നങ്ങളും അമിത വണ്ണവുമൊക്കെ കാണാം.

വന്ധ്യതാനിരക്കും ഉയര്‍ന്നിട്ടുണ്ട്. ജോലിയൊക്കെ നേടി സ്വന്തമായി വീടൊക്കെവച്ച് സെറ്റിലായി 30 നു ശേഷം മതി പ്രസവം എന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. പ്രായം 35 ആയാലും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാതെ, കാര്യങ്ങളെ പോസിറ്റിവായി കാണുന്നതാണ് നിങ്ങളുടെ പ്രകൃതമെങ്കില്‍, ഗര്‍ഭധാരണത്തിനും പ്രസവത്തിനും പ്രായക്കൂടുതല്‍ വലിയ പ്രശ്‌നമാവില്ല.

ഗര്‍ഭധാരണത്തിനും പ്രസവത്തിനുമെല്ലാം അനുയോജ്യമായ പ്രായം 20 വയസിനും 27 വയസിനുമിടയിലാണ്. വൈകും തോറും പ്രത്യുല്‍പാദന ശേഷി കുറയുമെന്നതിനാലാണിത്. പക്ഷേ, ഇന്നത്തെ കാലത്ത് നേരത്തെയുള്ള പ്രസവം എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല. എന്നാല്‍ പ്രായക്കൂടുതലായെന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. അമ്മയാകാന്‍ ഒരുങ്ങുകയാണെങ്കില്‍ നേരത്തെ തയാറെടുപ്പുകളും തുടങ്ങാം. ഗര്‍ഭധാരണത്തിന് മൂന്ന് മാസം മുമ്പുതന്നെ ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കാം.

ഓവുലേഷന്‍, ആര്‍ത്തവം എന്നിവ കൃത്യമാണോയെന്നും പരിശോധിക്കണം. ഗര്‍ഭധാരണത്തിന് ശരീരം സജ്ജമാണെന്ന് ഉറപ്പുവരുത്താനായി, അതിനാവശ്യമുള്ള പരിശോധനകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തേണ്ടതുണ്ട്. മാത്രമല്ല, അമിതവണ്ണമുള്ളവരാണെങ്കില്‍ വണ്ണം കുറയ്ക്കുകയും തീരെ ഭാരക്കുറവുള്ളവരാണെങ്കില്‍ ആവശ്യമായ ശരീരഭാരത്തിലേക്ക് എത്തുകയും വേണം. ഇത് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സഹായിക്കും.

ഭക്ഷണത്തില്‍ വിട്ടുവീഴ്ച ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പോഷകാഹാരങ്ങള്‍ കുഞ്ഞിന് ലഭിക്കണമെങ്കില്‍ അമ്മ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നത്തെക്കാലത്ത് എട്ട് മാസം വരെ ജോലിക്കുപോകുന്നവരാണ് പലരും. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ ജോലിക്കു പോകുന്നത് പ്രശ്‌നമല്ല. എന്നാല്‍ ജോലിത്തിരക്കിനിടയില്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കരുത്.

പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇഷ്ടമുള്ളത് കഴിക്കാമെന്നത് തോന്നിയതുപോലെ വാരിവലിച്ചു കഴിക്കാനുള്ള ലൈസന്‍സ് അല്ലെന്നും മറക്കരുത്. അമിതമായി ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമെന്നു മാത്രമല്ല, ഷുഗറും ബി.പിയും വര്‍ധിക്കാനും സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം കുഞ്ഞിന്റേതുകൂടിയാണ്. ഭക്ഷണക്രമത്തില്‍ കാണിക്കുന്ന അലംഭാവം കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.

വിശ്രമം വേണം വ്യായാമവും ജോലിക്കു പോകുന്നവരാണെങ്കിലും വീട്ടമ്മയാണെങ്കിലും ആവശ്യത്തിന് ജോലിയുണ്ടാകും. എന്നാല്‍ ഗര്‍ഭിണിയായിരിക്കെ തുടര്‍ച്ചയായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഒഴിവാക്കണം.

മാത്രമല്ല, ഗര്‍ഭിണികള്‍ എട്ട് മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുകയും വേണം. ഡോക്ടറുടെ നി ര്‍ദേശപ്രകാരം ലഘുവ്യായാമങ്ങളോ, നടത്തമോ ശീലമാക്കാം. ഇടവേളകളില്‍ ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദമൊഴിവാക്കാന്‍ പാട്ടുകേള്‍ക്കുകയോ പൂന്തോട്ടം നിര്‍മ്മിക്കുയോ പുസ്തകം വായിക്കുകയോ ചെയ്യാം.

മറക്കാതെ വേണം പരിശോധനകള്‍ വയസിനു ശേഷമുള്ള ഗര്‍ഭധാരണമാകുമ്പോള്‍ അതീവശ്രദ്ധ അത്യാവശ്യമാണ്. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ പരിശോധനകള്‍ നടത്തണം.

സ്‌കാനിംഗിലൂടെ കുഞ്ഞിന് ജനിതകവൈകല്യമോ മറ്റ് അസുഖങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയും. മാത്രമല്ല, ബി.പിയും കൊളസ്‌ട്രോളും പ്രശ്‌നമാകാതെ നേക്കേണ്ടതുണ്ട്. ഗര്‍ഭകാലയളവില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള തകരാറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ രക്തസമ്മര്‍ദവും പരിശോധിക്കണം.

ആരോഗ്യവും ആത്മവിശ്വാസവും പോസിറ്റിവിറ്റിയുമാണ് കൈമുതലെങ്കില്‍ സെലിബ്രിറ്റികളെപ്പോലെ സുഖപ്രസവം 35 ലും നിങ്ങള്‍ക്ക് സാധ്യമാവും. എന്നാല്‍ ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുകയും ആരോഗ്യകരമായ ജീവിതശൈലി പിന്‍തുടരുകയും വേണം. അങ്ങനെയെങ്കില്‍ 20 ലും 25 ലും ജോലിയും ജീവിതവും ബാച്ച്‌ലര്‍ ലൈഫും ആശങ്കയില്ലാതെ ആസ്വദിച്ച് ആഘോഷിക്കാം.

പിസിഒഡിയും ഒവേറിയന്‍ സിസ്റ്റുമാണ് പലര്‍ക്കും വില്ലനാകുന്നത്. ഇത്തരം അസുഖങ്ങള്‍ വൈകിപ്പിക്കാതെ ചികിത്സിച്ച് ഭേദമാക്കാനും മടിക്കരുത്. ഓര്‍ക്കുക സെലിബ്രിറ്റികള്‍ക്കാകുമെങ്കില്‍ നമുക്കെന്താ പറ്റില്ലേയെന്ന് ചുമ്മാ വീമ്പ് പറഞ്ഞാല്‍ പേരാ… ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നു ചുരുക്കം.

ഡോ. ദിവ്യാ ജോസ് – കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി

·
[yuzo_related]

CommentsRelated Articles & Comments