തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്കെതിരെ വീണ്ടും കേസ്. ആത്മഹത്യാ ശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.ഇന്നലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ച ഗ്രീഷ്മയെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിനിടെ, മുഖ്യപ്രതിഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ കേസിൽ പ്രതിചേർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമ്മയുൾപ്പെടെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്.
എന്നാൽ ഇന്ന് മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെ ഷാരോൺ വധക്കേസിൽ നിർണായക തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു.

രാമവർമൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ മാറി ഒരു കുളമുണ്ട്. ആ കുളത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി.
ഇതിനിടെ,തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു.
YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റാകെയുള്ള വയലിനോട് ചേർന്നുള്ള കുളങ്ങളിൽ മത്സ്യകൃഷി തുടങ്ങി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും, ഒപ്പം ഫാം ടൂറിസം എന്ന സാധ്യതയും, സിൽക്കി കോഴിയും കരിങ്കോഴിയും ആടും പശുവും താറാവും എല്ലാമുണ്ട് ഈ കൃഷിയിടത്തിൽ