മലയാളം ഇ മാഗസിൻ.കോം

ചിലരുടെ മാനസിക വൈകല്യങ്ങൾക്ക്‌ ദുരിതം അനുഭവിക്കേണ്ടി വരുന്നത്‌ പ്രവാസികളുടെ ഭാര്യമാരാണ്: ശ്രിയ രമേഷ്‌

ഒരു അഭിനേത്രി എന്ന നിലയിലല്ല മറിച്ച് കുറേനാൾ പ്രവാസജീവിതം നയിച്ച ഒരു വീട്ടമ്മ എന്ന നിലയിൽ എന്നെ പോലെ കേരളത്തിൽ വന്ന് സെറ്റിൽ ചെയ്യേണ്ടിവരുന്ന പലരും നേരിടേണ്ടിവരുന്ന അനുഭവങ്ങൾ എഴുതുവാനാണ്‌ ഞാൻ ശ്രമിക്കുന്നത്. ശുഭകരമായ ഒരുപാട് കാര്യങ്ങൾ നാട്ടിൽ ഉണ്ട് ഇല്ലെന്നല്ല എന്നാൽ ഈ കുറിപ്പിൽ പൊതുവെ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ / പ്രതിസന്ധികളാണ്‌ വിശകലനം ചെയ്യുവാൻ ആഗ്രഹിക്കുന്നത്.

\"\"

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നതു പോലെ പ്രവാസികളായ ആളുകളുടെ സ്വന്തം നാടാണ്‌ കേരളം. അഞ്ചോ അ​‍ാറോ പതിറ്റാണ്ടായി ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ തൊഴിൽ ദാദാവായി മാറിയിട്ട്. കേരളത്തിന്റെ വികസനത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചവരാണ്‌ പ്രവാസികൾ. പത്തിരുപതു വർഷമായി മുൻ ഗാമികളിൽ നിന്നും വ്യത്യസ്ഥമായി ധാരാളം പേർ കുടുമ്പങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടു പോകുകയും മക്കൾക്ക് അവിടെ വിദ്യാഭ്യാസം നല്കുകയും ചെയ്തുവരുന്നുണ്ട്.

മക്കളുടെ തുടർ വിദ്യാഭ്യാസം, നാട്ടിലെ രക്ഷിതാക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കൽ,അതുമല്ലെങ്കിൽ ജോലിയുടേയോ ഗൾഫിലെ മറ്റു സാഹചര്യങ്ങളുടേയോ സമ്മർദ്ദം മൂലം പലരും നാട്ടിലേക്ക് കുടുമ്പങ്ങളെ അയക്കേണ്ടിവരുന്നു.
പലപ്പോഴും ഭാര്യയും മക്കളും നാട്ടിൽ താമസമാക്കുകയും ഭർത്താവ് അവിടെ ജോലി തുടരുകയും ചെയ്യുന്ന അവസ്ഥയാണ്‌ ഉള്ളത്. സ്വാഭാവിമകമായും ഭാര്യക്കാകും നാട്ടിൽ കാര്യങ്ങൾ നോക്കിനടത്തേണ്ടതിന്റെ ചുമതല. നൂറുകൂട്ടം പ്രശ്നങ്ങളും പ്രതിസന്ധികളുമാണ്‌ ഇത്തരത്തിൽ നാട്ടിൽ എത്തുന്ന സ്ത്രീകൾ അഭിമുഖീകരിക്കേണ്ടിവരിക.

പ്രത്യേകിച്ച് ഭർത്താവിന്റെ സ്നേഹവും സാമീപ്യം നേരിട്ട് അനുഭവിച്ചിരുന്നത് പെട്ടെന്ന് ഇല്ലാതാകുന്നത് പലർക്കും ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ്‌. അതോടൊപ്പം അപ്രതീക്ഷിതമായി നിരവധിയായ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യേണ്ടിയും വരുന്നു. ഈ അവസ്ത പലപ്പോഴും വിദേശത്തു ഭർത്താക്കന്മാരും വേണ്ടപരിഗണനയോടെ എടുക്കാറുമില്ല. കാര്യങ്ങൾ വിചാരിച്ച പോലെ നടക്കാതെ വരുമ്പോൽ കുറ്റപെടുത്തലുകളും അത് അവർക്കിടയിൽ അകല്ച്ചക്കും വഴിവെക്കും.

\"\"

വ്യക്തിജീവിതത്തിലെ ഇടപെടലുകൾ
ഗൾഫിലെ ഒരു പ്രത്യേകത കാര്യങ്ങൾ എളുപ്പത്തിലും ഒപ്പം മറ്റുള്ളവരുടേ ഇടപെടലുകൾ ഇല്ലാതെയും കുടുമ്പത്തിന്‌ സ്വന്തമായി തീരുമാനം എടുത്ത് അത് നടപ്പിലാക്കാം എന്നത് തന്നെയാണ്‌. തൊട്ടടുത്ത ഫ്ലാറ്റുകാരോ സുഹൃത്തുക്കളോ ഒന്നും അനാവശ്യമായ ഇടപെടലുകൾ നടത്തില്ല.വളരെ “കംഫേർട്ടായി” നയിക്കുന്ന ആ ജീവിതം പലരും ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു, എന്നാൽ ഇവർ നാട്ടിൽ എത്തുന്നതൊടെ കാര്യങ്ങൾ തകിടം മറിയുന്നു. പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രയായിരിക്കും പലപ്പോഴും എയർപോർട്ടിൽ നിന്നും ആരംഭ്ഹിക്കുന്നത്. പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വ്യക്തിജീവിതത്തിൽ മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളാണ്‌. അത് ബന്ധുക്കളാകാം സുഹൃത്തുക്കളാകാം അയല്ക്കാരാകാം രാഷ്ടീയക്കാരാകാം അങ്ങിനെ ആരുമാകാം.

കുടുമ്പാംഗങ്ങളുടെ താല്പര്യം മാത്രം കണക്കാക്കി സ്വതന്ത്രമായി ഒരു തീരുമാനം എടുക്കുന്നതിനും അതിനനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനും സാധ്യമല്ലാതെ വരുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങളെ സ്വീകരിക്കേണ്ടതായി വരുന്നു, മറ്റുള്ളവരുടെ കൂടെ സൗകര്യം നോക്കി അവനവന്റെ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവരുന്നു.

ഇത് സ്ത്രീകൾക്കും വിദേശത്തെ അവരുടെ ഭർത്താക്കന്മാർക്കും പല വിധ മാനസിക സമ്മർദ്ദങ്ങളും ഉണ്ടാക്കുന്നു. പ്രവാസിയായിരിക്കുമ്പോൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന പല കുടുമ്പ ബന്ധങ്ങളും നാട്ടിൽ താമസമാക്കുന്നതോടെ ശിഥിലീകരണത്തിലേക്ക് എത്തുന്നത് പുറത്തു നിന്നും ഉള്ള ആളുകളുടെ ഇടപെടലുകൾ ആണ്‌ എന്ന് പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്‌.

\"\"

ഗോസിപ്പുകൾ
മറ്റുള്ളവരെ പറ്റി ഗോസിപ്പുകൾ പ്രചരിപ്പിക്കുക അവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുക അഭിപ്രായം പറയുക തുടങ്ങിയ കാര്യങ്ങളിൽ അമിതമായ് താല്പര്യം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം മലയാളികൾക്കിടയിൽ ഉണ്ട് എന്നത് പല സംഭവങ്ങളിൽ നിന്നും വ്യക്തമാണ്‌. സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്ന ജീവിച്ചിരിക്കുന്ന പ്രശസ്തരുടെ ഇല്ലാത്ത മരണം, സിനിമാനടിമാരുടെ വിവാഹ മോചനം തുടങ്ങിയ നുണ വാർത്തകളും ഗോസിപ്പുകളും അതിന്റെ ഉത്തമമായ തെളിവുകളാണ്‌.

ഇത്തരം ഇല്ലാക്കഥകളുടെ ഇരകളാകുന്നതിൽ ഗൾഫുകാരുടെ ഭാര്യമാരും ഉണ്ട്. അവർ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാകും പറഞ്ഞു പ്രചരിപ്പിക്കുക. ഇത്തരം ഗോസ്ഇപ്പുകൾക്ക് ഇരയാകുന്നവരിൽ പലരുടേയും കുടുമ്പ ബന്ധങ്ങൾ ശിഥിലമാക്കപെടുകയോ ചിലരെങ്കിലും മരണത്തിൽ അഭയം പ്രാപിക്കേണ്ടിവരികയോ ചെയ്യൂന്നു. നാട്ടിലെ ചിലരുടെ മാനസിക വൈകല്യങ്ങൾക്ക് ദുരിതം അനുഭവിക്കേണ്ടിവരുന്നത് പാവം പ്രവാസികളും അവരുടെ കുടുമ്പങ്ങളുമാണ്‌.

സുരക്ഷിതത്വം
ഇന്ന് കേരളത്തിൽ മലയാളി സ്ത്രീകൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സുരക്ഷിതത്വം തന്നെയാണ്‌. പൊതു സ്ഥലങ്ങളിലും, വാഹനങ്ങളിലും, വീടുകളിലും മാത്രമല്ല ഓൺലൈൻ ഇടങ്ങളിൽ വരെ വല്ലാത്ത ഒരു അരക്ഷിതാവസ്ഥ അഭിമുഖീകരിക്കേണ്ടിവരുന്നു. കൊച്ചു കുട്ടികൾ മുതൽ അറുപതും എഴുപതും വയസ്സായ അമ്മൂമ്മമാർ വരെ പീഡനത്തിന്‌ ഇരയാകുന്നു.

\"\"

ഗൾഫ് രാജ്യങ്ങളിൽ നിയമങ്ങളും സുരക്ഷയും കർശനമാണ്‌. അവിടെ ജീവിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം കരുതലും വളരെ വലുതാണ്‌. സ്തീകളെ ശല്യം ചെയ്യുന്നവർക്ക് കനത്ത ശിക്ഷയാണ്‌ അവിടെ ലഭിക്കുക. അതും കാലതാമസം ഇല്ലാതെ. എമർജൻസി നമ്പർ വഴിയോ സദാ റോന്ത് ചുറ്റുന്ന പോലീസുകാരോടോ സ്തീകൾക്ക് പരാതി പറയാം. പരാതി ലഭിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ അവർ ഇടപെടുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യും.

വ്യക്തിപരമായി എനിക്ക് പോലീസിൽ നിന്നും നല്ല സപ്പോർട്ടാണ്‌ ലഭിച്ചിട്ടുള്ളതെങ്കിലും പലരും പരാതി പറയുവാൻ മടികാണിക്കുന്നു. അതിവിടെ നിലനില്ക്കുന സാമൂഹ്യ അവസ്ഥയുടെ കൂടെ കുഴപ്പമാണ്‌. പരാതിക്കാരിയെ മോശക്കാരിയായി കാണുന്ന അവസ്ഥയാൺ മാറേണ്ടത്. പീഡനക്കേസുകൾ പതിറ്റാണ്ടുകൾ നീളാതെ എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കുവാനുള്ള സംവിധാനം അനിവാര്യമാണ്‌.

സാമ്പത്തിക ചൂഷണങ്ങൾ
നാട്ടിൽ എന്തു കാര്യം ചെയ്യുന്നതിനും വാങ്ങുന്നതിനും അധികമായി പണം ചില്വഴിക്കേണ്ടിവരുന്നവരാണ്‌ പ്രവാസികൾ അഥവാ ഏറ്റവും വലിയ സാമ്പത്തിക ചൂഷണത്തിന്‌ ഇരയാകുന്നവരാണ്‌ പ്രവാസികൾ. വായ്പ നിക്ഷേപം തുടങ്ങി പല രൂപത്തിൽ അവരിൽ നിന്നും പണം കൈക്കലാക്കുകയും തിരിച്ചു നല്കാതിരിക്കുകയും ചെയ്യുന്നു.

പണം കടം നല്കുമ്പോൾ അത് സമയത്തിനു തിരിച്ചു ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌ പലരും നല്കുന്നത് എന്നാൽ അത് തിരികെ ചൊദിക്കുമ്പോൾ കടം വാങ്ങിയവരുടെ രീതി മാറും. പലപ്പോഴും അവർക്ക് വേണ്ടി വാദിക്കുവാൻ ആളുകൾ ഉണ്ടാകുകയും ചെയ്യും. ചുരുക്കത്തിൽ കടം നല്കിയതിന്റെ പേരിൽ ബന്ധുക്കളൊ സുഹൃത്തുക്കളോ ശത്രുക്കളായിമാറുന്നു എന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ചർച്ചകളും വാഗ്വാദങ്ങളുമെല്ലാം സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങൾ നടന്നാൽ പ്രവാസികളുടെ ഭാര്യമാരെ സംബന്ധിച്ച് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീട്ടുകാരിൽ നിന്നും മറ്റും ഉണ്ടാകുന്ന കുത്തുവാക്കുകളാണ്‌. അതു കൂടാതെ എൻഗേജ്മെന്റുകൾ, വിവാഹം, കുട്ടികളുടെ ചോറൂണ്‌, വീട് പാർക്കൽ തുടങ്ങിയ ചടങ്ങുകൾക്കായി എല്ലാവരും ഒത്തു ചേരുമ്പോൾ വളരെ അടുപ്പം ഉണ്ടായിരുന്ന പലരുമായും മിണ്ടാതെ അകന്നു മാറി സ്വയം നില്ക്കേണ്ടിവരികയോല്ലെങ്കിൽ മറ്റുള്ളവർ അകല്ച പാലിക്കുകയൊ ചെയ്യുന്നു.

\"\"

വീട് നിർമ്മാണം എന്ന തലവേദന
പലരും നാട്ടിൽ സെറ്റിൽ ചെയ്യുവാൻ ആലോചിക്കുമ്പോൾ സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ ആരംഭിക്കുന്നു. നേരിട്ടോ അല്ലാതെയോ ഇതിന്റെ ഉത്തരവാദിത്വം പ്രവാസികളുടെ ഭാര്യമാരിൽ ആകും പലപ്പോഴും എത്തുക.നിർമ്മാണത്തിന്റെ കാര്യങ്ങലിലോ അതിന്റെ സാമ്പത്തിക കൈകാര്യം ചെയ്യുനതിലോ ഒന്നും ഇവർക്ക് മുൻ പരിചയം ഉണ്ടാകാറില്ല. ഇതിനെ പലരും ചൂഷണം ചെയ്യും.

വേണ്ടത്ര ഗുണനിലവാരം ഇല്ലാത്ത ഉല്പന്നങ്ങൾ നല്കിയും സമയത്തിനു ജോലി തീർക്കാതെയും അമിതകൂലി ഈടാക്കിയും എല്ലാം ധാരാളം പണം നഷ്ടം വരുന്നതിനുള്ള ഇടയുണ്ട്. ഇത് ഭാര്യയുടെ പിടിപ്പുകേടാണെന്ന് തെറ്റിദ്ധരിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. യദാർഥത്തിൽ അവർക്ക് ഈ രംഗത്ത് പരിചയം ഇല്ലാത്തതാണ്‌ ഈ അവസ്ഥക്ക് കാരണമെന്ന് തിരിച്ചറിയാതെ പോകുന്നു. അതോടൊപ്പം ബന്ധുക്കളുടേയോ സുഹൃത്തുക്കളൂടേയോ അനാവശ്യ ഇടപെടലുകൾ കൂടെ കടന്നുവരുന്നതൊടെ കാര്യങ്ങൾ ഒന്നുകൂടെ കുഴഞ്ഞു മറിയും.

ഗൃഹ ഭരണവും മാതാപിതാക്കളുടെ പരിചരണവും
പ്രവാസികളായിരുന്ന പല സ്ത്രീകളും അവിടെ പരിമിതമായ താമസ സാഹചര്യങ്ങളിൽ ജീവിച്ചവരാകാം. സൗധി ബഹ്റിൻ പോലെ ഉള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ ഉയർന്ന വാടകയെ മറികടക്കുവാൻ പലരും ഷെയറിംഗ് അക്കോമഡേഷൻ എന്ന സംവിധാനത്തിലാകും കഴിഞ്ഞിട്ടുണ്ടാകുക. നാട്ടിലെ വലിയ വീടുകൾ അത്തരം പരിമിതികളിൽ നിന്നും വലിയ ആശ്വാസമാണ്‌ പകരുക. പരിമിതികൾ ഉണ്ടെങ്കിലും കുറേ കാലം പ്രവാസ ജീവിതം നയിച്ചവരെ സംബന്ധിച്ച് അവർ അവിടെ അനുഭവിച്ച പല സ്വാതന്ത്യങ്ങളും ഇല്ലാതെ വരുമ്പോൾ ചിലർക്കെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകാം. പ്രത്യേകിച്ച് നാട്ടിൽ ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കേണ്ടിവരുമ്പോൾ. ഇതിനായി പലരും മാനസികമായി തയ്യാറെടുത്തിട്ടാകില്ല നാട്റ്റിൽ വരുന്നത്.

\"\"

ഗൾഫിൽ ആയിരിക്കുമ്പോൾ ഭർത്താവിന്റേയും കുട്ടികളുടേയും മാത്രം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അതും ആവശ്യമായ എല്ലാ സംഗതികളും നിർവ്വഹിച്ചു തരുവാൻ ഭർത്താവ് അടുത്തുണ്ട് താനും. നാട്ടിൽ എത്തുന്നതോടെ അതിൽ വലിയ മാറ്റം വരുന്നു. വീട്ടിലേക്കാവശ്യമായ സാധങ്ങൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, ബന്ധുക്കളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ അങ്ങിനെ പല പല കാര്യങ്ങൾ. ഇത് കൂടാതെയാണ്‌ ഭർത്താവിന്റെ കുടുമ്പാംഗങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നത്.

പ്രത്യേകിച്ച് മാതാപിതാക്കളെ പരിചരിക്കുന്നത് ഒരു ഉത്തരവാദിത്വം ആയി കാണാതെ ബാധ്യതയായി കരുതുന്നവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്‌ ഉണ്ടാകുക. കര്യങ്ങളെ പോസിറ്റീവായി എടുക്കുവാൻ തയ്യാറാകാതെ വരുന്നതോടെ ജീവിതവും ബന്ധങ്ങളും കുഴപ്പത്തിലാകുകയും ചെയ്യും. കുട്ടികളുടെ അസുഖങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയും പ്രവാസികളുടെ ഭാര്യമാർക്ക് പലപ്പോഴും ഒറ്റക്ക കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. ഇത്തരം കാര്യങ്ങൾ പലപ്പോഴും അപ്രതീക്ഷിതമാകുമ്പോൾ പലരും തളർന്നു പോകുന്നു.

മക്കളുടെ വ്യക്തിത്വവികസനം
പത്താം ക്ലാസിനു ശേഷമാണ്‌ പലരും നാട്ടിൽ “സെറ്റിൽ” ചെയ്യുന്നതെങ്കിൽ മക്കളുടെ വ്യക്തിത്വം സുക്ഷിതത്വം തുടങ്ങിയ കാര്യങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നു. പ്രത്യേകിച്ച് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അവരുടെ വ്യക്തിത്വത്തിന്റെ പ്രധാന സമയമാണ്‌ 12-18 വയസ്സു വരെ ഉള്ള കാലഘട്ടം. ഈ സമയത്ത് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ അവരുടെ ഭാവി തന്നെ കുഴപ്പത്തിലാകും. ഗൾഫിലെ സുരക്ഷിതവും പരിമിതമായ സൗഹൃദ വലയങ്ങളും നല്കിയ ഒരു അടിത്തറയിലാണ്‌ അവർ നാട്ടിൽ വരുന്നത്.

\"\"

ഇവിടെ പല വിധത്തിലുള്ള ആളുകളുമായി ഇടപെടേണ്ടതായി വരുന്നു. കേരളത്തിൽ കൗമാരക്കാർ പോലും മദ്യം, മയക്കുമരുന്ന് പോലുള്ളവയുടെ ഉപയോഗത്തിൽ ചെന്നു ചാടുന്നത് മോശം കൂട്ടുകെട്ടുകൾ വഴിയാണ്‌. വിദേശത്തുള്ള പിതാക്കന്മാർക്കോ നാട്ടിലുള്ള അമ്മമാർക്കോ പലപ്പോഴും മക്കളുടെ കൂട്ടുകെട്ടുകളെ വേണ്ടവിധം മനസ്സിലാക്കാനോ നിയന്ത്രിക്കുവാനോ കഴിയാതെ വരുന്നു. ഓൺലൈൻ ഇടപെടലുകൾ കുട്ടികൾ വഴിതെറ്റുവാനുള്ള സാധ്യതകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മക്കളുടെ പെരുമാറ്റത്തിൽ കുഴപ്പങ്ങൾ കണ്ടാൽ ഉടനെ കാര്യങ്ങൾ ചോദിച്ചറിയുക അതിനു കഴിയുനില്ലെങ്കിൽ കൗൺസിലിംഗിനു വിധേയമാക്കുക തന്നെയാണ്‌ ചെയ്യേണ്ടത്.

ഇത്രയും എഴുതിയത് കേരളം ആകെ മോശം എന്ന് പറയുവാനല്ല. പക്ഷെ കേരളത്തിൽ മടങ്ങി വന്ന് ജീവിക്കേണ്ടിവരുന്ന പലരുടെ പ്രശ്നങ്ങളെ അവലോകനം ചെയ്യുവാനാണ്‌. കേരളം വളരുകയാണ്‌ പക്ഷെ കേരളത്തിലെ വ്യക്തികളുടെ ജീവിത സാഹചര്യം അതിനനുസരിച്ച് മുന്നോട്ട് പോകണമെങ്കിൽ പല മാറ്റങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. അന്യന്റെ ജീവിതത്തിലേക്ക് കണ്ണും കാതും ഇപ്പോൾ ക്യാമറയും തുറന്നു വച്ചു കൊണ്ടുള്ള മോശമായ ഒരു സംസ്കാരത്തിൽ നിന്നും മലയാളി മോചിതനാകുവാൻ തയ്യാറാകണം. ജീവിതം ഒന്നേ ഉള്ളൂ നമുക്കും മറ്റുള്ളവർക്കും. അത് സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കുക, മറ്റുള്ളവരെയും അപ്രകാരം ജീവിക്കുവാൻ അനുവദിക്കുക.

ശ്രീയ രമേഷ് (അഭിനേത്രി)

Priya Parvathi

Priya Parvathi | Staff Reporter