കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾ 31 ന് കോടതിയിൽ ഹാജരാകണം എന്ന് കോടതി ആവശ്യപ്പെട്ടു. നിലവിൽ കസ്റ്റഡിയിൽ ഉള്ള മുഖ്യപ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാർ അടക്കം 13 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ നവംബർ 22നാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചത്.ദിലീപിനെ എട്ടാം പ്രതിയാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.അങ്കമാലി മജിസ്ട്രേറ്റു കോടതിയിൽ സമർപ്പിച്ച് മണിക്കൂറുകൾക്കകം കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
ഇതെ തുടർന്ന് ദിലീപ് കോടതിയെ സമീപിക്കുകയും കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടണമെന്നുമാവശ്യപ്പെടുകയും ചെയ്തിരുന്നു. കുറ്റപത്രം ചോർത്തിയതിന് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കുറ്റപത്രം പോലീസ് ചോർത്തിയെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘം വിശദീകരണം നല്‍കിയിരുന്നു.
ഫോൺ രേഖകൾ അടക്കമുള്ളവ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കുറ്റപത്രം ചോർത്തിയെന്ന ആരോപണം അന്വേഷിക്കാൻ അങ്കമാലി കോടതി ഉത്തരവിട്ടത്.തുടർന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് ഈ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട വാദം കോടതിയിൽ തുടരും.
ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുത് എന്നാണ് പോലീസിന്റെ നിലപാട്. കൈമാറുന്നത് ദൃശ്യങ്ങള്‍ ചോരാനിടയാക്കുമെന്നും അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിക്കും. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിക്കും.
നടി ആക്രമിക്കപ്പെട്ട സമയത്തു നടിയുടെ ഡ്രൈവർ ആയിരുന്ന മാർട്ടിൻ എന്ന രണ്ടാം പ്രതിയുടെ അവിശ്വസനീയമായ കൂറുമാറ്റവും തുടർന്ന് ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളിൽ നിന്നുള്ള കോൾ വിവരങ്ങളും മെസേജ് വിവരങ്ങളും അടങ്ങിയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയിട്ടുണ്ട് എന്ന വാദവും അതിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയും കോടതി തള്ളി. അങ്ങിനെ ഒരു തെളിവ് അന്വേഷണ സംഘം നൽകിയിട്ടില്ലെന്ന് കോടതി അറിയിച്ചു. ജാമ്യം ലഭിച്ച പ്രതികളായ നടൻ ദിലീപ്, ചാർലി, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഹാജരാവില്ലെന്നു കോടതിയെ അറിയിച്ചിരുന്നു.