നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസില്‍ അന്വേഷണം നീണ്ട് പോകുന്നതിനെയാണ് കോടതി രൂക്ഷ ഭാഷയിൽ വാക്കാൽ വിമർശിച്ചത്. ഇത് സിനിമാ കഥപോലെ നീളുകയാണല്ലോയെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന് സംശയം പ്രകടിപ്പിച്ചു. കേസിലെ അന്വേഷണം പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കെയാണ് അന്വേഷണം നീളുന്നതില്‍ കോടതി അനിഷ്ടം പ്രകടിപ്പിച്ചത്. ചോദ്യം ചെയ്യലിനായി നാദിര്‍ഷാ വെള്ളിയാഴ്ച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസെടുത്ത് മാസങ്ങളായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതും ദിലീപിന് ജാമ്യം നിഷേധിക്കുന്നതും പൊതു സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം നിയമ വിധഗ്ധനും മുന്‍ എംപിയുമായ ഡോ.സെബാസ്റ്റ്യന്‍ പോളും ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.
കോടതിയുടെ പരാമര്‍ശം അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നതാണ്. കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി.