മലയാളം ഇ മാഗസിൻ.കോം

ഒടുവിൽ കാവ്യാ മാധവനും കൂറുമാറി, നടിയെ ആക്രമിച്ച കേസ്‌ പുതിയ വഴിത്തിരിവിൽ

നടിയെ ആക്രമിച്ച കേസില്‍ 34ാം സാക്ഷി കാവ്യ മാധവൻ കഴിഞ്ഞ ദിവസം നടന്ന പ്രോസിക്യൂഷൻ വിസ്താരത്തിനിടയില്‍ കൂറുമാറി. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കാവ്യ മാധവനെ ക്രോസ് വിസ്താരം നടത്താൻ അനുമതി തേടി. കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് ചെയ്തു.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സൽ ക്യാംപ് നടന്ന ഹോട്ടലിൽ കേസിൽ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. അതേസമയം വിസ്താരം ഇന്നും തുടരും.

നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 2017 ലാണ് കൊച്ചിയില്‍ യുവനടി അക്രമത്തിന് ഇരയായത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്. ദിലീപ് എട്ടാം പ്രതിയായി സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെടുന്നു. സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അക്രമിക്കപ്പെട്ട നടിയാണ് ഒന്നാം സാക്ഷി. മഞ്ജു വാര്യര്‍ 11-ാം സാക്ഷിയും ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ 34-ാം സാക്ഷിയുമാണ്. നടന്‍ സിദ്ധിഖ് 13ാം സാക്ഷിയും കാവ്യ മാധവന്റെ സഹോദര ഭാര്യ 57ാം സാക്ഷിയുമാണ്. കേസില്‍ കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നടിയോട് ദിലീപിന് വൈരാഗ്യമുണ്ടെന്ന് കുറ്റപുത്രത്തില്‍ പറയുന്നു. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അക്രമിക്കപ്പെട്ട നടി മഞ്ജു വാരിയര്‍ക്കു നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷി. പ്രദാന സാക്ഷികളിലൊരാളായി കരുതുന്ന മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.

Avatar

Staff Reporter