നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്. 1979ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ് ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജോണി അവസാനമായി അഭിനയിച്ചത് മേപ്പടിയാൻ എന്ന ചിത്രത്തിലാണ്. അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
ജോണിയുടെ സുഹൃത്തിന്റെ അച്ഛനായ മുഖത്തല ചെല്ലപ്പൻ പിള്ള എന്ന സിനിമാനിർമ്മാതാവു വഴിയാണ് ജോണി സിനിമയിലെത്തുന്നത്. 1978-ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ.
നിത്യവസന്തത്തിൽ ’അഭിനയിച്ചതിനുശേഷം ധാരാളം സിനിമകളിൽ ജോണിയ്ക്ക് വേഷം കിട്ടി. എ.ബി. രാജിന്റെ കഴുകൻ,ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി. അതിനു ശേഷമാണ് നായകനായി അഭിനയിക്കുന്നത്. രവിഗുപ്തന്റെ സംവിധാനത്തിൽ ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ എന്ന സിനിമയിൽ.
അഞ്ഞുറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ തൊണ്ണൂറു ശതമാനത്തിലധികവും വില്ലൻ വേഷങ്ങളായിരുന്നു. ചെങ്കോൽ എന്നീ സിനിമയിലെ ജോണിയുടെ അഭിനയം നിരൂപക പ്രശംസ നേടിയതായിരുന്നു. സിനിമകൾ കൂടാതെ ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.