19
November, 2017
Sunday
07:52 PM
banner
banner
banner

ഡേറ്റിംഗ്‌ വെബ്‌സൈറ്റ്സ്‌ എന്ന ചതിക്കുഴികളിൽ വീഴുന്ന പ്രവാസികൾ: ചില വെളിപ്പെടുത്തലുകൾ

ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം, ആലിന്ന്‌ ചേർന്നൊരു കുളവും വേണം.
എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ ഇന്ന് ആലും, ആൽത്തറയും, കുളവും എല്ലാം സിനിമയിൽ മാത്രം. പണ്ടത്തെ കാരണവർ ഒക്കെ സൊറ പറയാനും പരദൂഷണം പറയാനുമൊക്കെ ഒത്തു ചേർന്നിരുന്നു സ്ഥലങ്ങൾ ആയിരുന്നു, ആൽത്തറയും, ചയക്കടയും, വായനശാലയും ഒക്കെ, പെണ്ണുങ്ങൾ ആണെങ്കിൽ കുളകടവും. അക്കാലത്തുള്ളവർക്കു അധികം വിഷാദ രോഗം അല്ലെങ്കിൽ depression ഉള്ളതായി കേട്ടിട്ടില്ല. ഈ മനസ്സു തുറന്നുള്ള സംസാരം തന്നെയാകാം കാരണം.

ശാസ്ത്രം പുരോഗമിച്ചു തുടങ്ങിയപ്പോൾ ഒരു പാട് നേട്ടങ്ങൾ ഉണ്ടായി, അതിന്റെ കൂടെ തന്നെ ഒരു പാട് കോട്ടങ്ങളും. ലോകം തന്നെ ഒരു വിരൽ തുമ്പിൽ വന്നു നിൽക്കുമ്പോൾ, നഷ്ടങ്ങളുടെ കണക്കെടുത്തു ആരും തന്നെ എടുക്കുന്നും ഇല്ല, അറിയുന്നും ഇല്ല. എന്റെ ഒക്കെ ചെറുപ്പ കാലത്തു ഞങ്ങൾ ഏറ്റവും ആഘോഷിച്ചിരുന്ന സമയം ‘പവർ കട്ട്’ ആയിരുന്നു. ഒന്നു ആ നേരം പഠിക്കാൻ ‘അമ്മ പറയില്ല. രണ്ടാമത്, ഈ അര മണിക്കൂർ നേരം എല്ലാവരും ഒരുമിച്ചു ഒരു വിളക്കിന്റെ അടുത്തു ഇരിക്കും, അച്ഛൻ ഒരു പാട് കാര്യങ്ങളും, കഥകളും പറഞ്ഞു തന്നിരുന്ന സമയം ആയിരുന്നു അത്.

പക്ഷെ ഇന്നത്തെ തലമുറയിൽ എത്ര പേർക്ക് ഈ ഭാഗ്യം ലഭിക്കുന്നു? അച്ഛനും, അമ്മയും മക്കളും ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നതും, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതും ആയി എത്ര നേരം ഉണ്ട്? മിക്കപ്പോഴും എല്ലാവരും ടിവി യുടെ മുമ്പിൽ അല്ലെങ്കിൽ ലാപ്‌ടോപ്പിൽ, അതും അല്ലെങ്കിൽ ഫോണിൽ. ഈ പറഞ്ഞതൊക്കെ നല്ലതാണെങ്കിലും, നമുക്ക് നഷ്ടപ്പെടുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്. അറിയേണ്ട എല്ലാത്തിനും ഉത്തരം ഗൂഗിൾ പറഞ്ഞു തന്നു തുടങ്ങിയപ്പോൾ, മാതാപിതാക്കളോടും, ടീച്ചർ മാരോടും ഉള്ള ചോദ്യങ്ങൾ കുറഞ്ഞു. സൗഹൃദങ്ങൾ ഫേസ്ബുക്കിലും വാട്‌സ്ആപ്പിൽ ആയി. ഈ സൗഹൃദങ്ങൾക്ക് എത്ര ആയുസ്സുണ്ട് എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. ഈ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ സൗഹൃദങ്ങൾ ‘നിലനിർത്താൻ’ നല്ലത് തന്നെയാണ്. എന്നാലും നേരിട്ടു വിളിച്ചു “ എന്ത് വിശേഷം അളിയാ? “ എന്നു ചോദിക്കുന്ന സുഖമുണ്ടല്ലോ, അതു ഈ ഫോണും കുത്തി പിടിച്ചിരുന്നാൽ കിട്ടുമോ?

പണ്ട് കാരണവർ പോയി കണ്ടു, നാട്ടുകാരോട് ഒക്കെ അന്വേഷിച്ചു ഇഷ്ടപ്പെട്ടു കല്യാണം നടത്തിയിരുന്ന സമ്പ്രദായം ഒക്കെ മാട്രിമോണിയൽ വെബ്സൈറ്റിസ് വന്നപ്പോൾ മാറി. പല വിവാഹങ്ങളും shaadi. Com ഇലും India matrimony ഇലും ഉറപ്പിച്ചു. പിന്നെയും വന്നു കുറെ പരിഷ്കാരങ്ങൾ. നല്ലതു തന്നെ, പക്ഷെ ഇത് നമ്മളെ അതിരു വിട്ടു നിയന്ത്രിക്കാൻ തുടങ്ങിയോ?

ഈ പട്ടികയിൽ പുതിതായി ഒരു പാട് ഡേറ്റിംഗ്‌ വെബ്‌സൈറ്റ്സ്‌ വന്നിട്ടുണ്ട്. ‘Tinder’ ഒരു പ്രധാനി തന്നെ. എല്ലാ രാജ്യങ്ങളെയും പോലെ ദുബായിയും ഇതിൽ നിന്നു വ്യത്യസ്തമല്ല. ആർക്കും ആരോടും സംസാരിക്കാം സമയമില്ലാത്ത അവസ്ഥയിൽ ഈ സൗഹൃദവും സ്നേഹവും ഓണ്ലൈനിൽ കിട്ടും പോലും. ആദ്യം ഇതിൽ ഒരു അക്കൗണ്ട് തുടങ്ങുക, പിന്നെ നമ്മുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചുള്ള പങ്കാളിയെ കണ്ടു പിടിക്കുക, പിന്നെ അങ്ങു സംസാരിക്കലായി, ഇഷ്ടങ്ങൾ പങ്കു വെക്കലായി. പലരും ഇതു വളരെ സീരിയസ് ആയി കാണുന്നു, പക്ഷെ ചിലർ ഇതു വെറും ഒരു സമയം കളയാനുള്ള ഉപാധി ആയി എടുക്കുന്നു. പ്രവാസികളുടെ സ്വപ്ന ഭൂമിയായ ദുബായ്‌ നഗരം പുറമെ നിന്നു കാണുമ്പോൾ ഒരു മായാ നഗരി ആണ്. പക്ഷെ ഈ നഗരത്തിൽ ഒരു നല്ല ശതമാനം ആളുകളും തങ്ങളുടെ കുടുംബങ്ങളിൽ നിന്നു അകന്നു ഏകാന്ത ജീവിതം അനുഭവിക്കുന്നവർ ആണ്.

പ്രവാസം അത്ര സുഖമുള്ള ഒരു ഏർപ്പാട് അല്ലന്നെ. അങ്ങനെ ഒറ്റക്ക് ജീവിക്കുന്നവർ ഒരു പാട് പേര് ഇതു പോലുള്ള ഓണ്ലൈൻ സൗഹൃദങ്ങളിൽ പെടാറുണ്ട്. ഇതിനു നല്ല വശവും, മോശമായ വശവും ഉണ്ട്. ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങുന്നവർ നല്ലൊരു സൗഹൃദത്തിനായി തന്റെ ഇഷ്ടങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന ഒരു സുഹൃത്തിനെ അല്ലെങ്കിൽ ഒരു പങ്കാളിയെ കണ്ടു പിടിക്കുന്നു. പക്ഷെ ചിലരെങ്കിലും ഇതിനെ വെറും ഒരു തമാശയായി കണ്ടു പലരുടെയും ഈ അവസ്ഥ മുതലെടുത്തു, തെറ്റായ വിവരങ്ങൾ ഒക്കെ കൊടുത്തു അവരുമായി സൗഹൃദം സ്ഥാപിക്കും, എന്നിട്ട് പിന്നെ ഒരു ദിവസം അങ്ങു എല്ലാം അവസാനിപ്പിച്ചു ഒറ്റ പോക്ക്. ഇതു പോലെ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു.

ഈ ചതി കുഴികളിൽ പെടുന്ന പലർക്കും പിന്നെ ഒരു നല്ല ബന്ധത്തിൽ ഏർപ്പെടാൻ ഒരു പേടി ഉണ്ടായിരിക്കും. താൻ കബളിപ്പിക്കപെടുകയായിരുന്നു എന്നു അറിയുമ്പോൾ ഉണ്ടാകുന്ന നിരാശ, അതു ഒരു തീരാ വേദന തന്നെ. പലപ്പോഴും ഇങ്ങനെ ചതിക്കപ്പെടുന്നത് ടീനേജ് കുട്ടികൾ ആണ്. നേരത്തേ പറഞ്ഞ പോലെ എല്ലാത്തിനും നല്ല വശവും, കേട്ട വശവും ഉണ്ടല്ലോ. ആതു മനസ്സിലാക്കി, വിശ്വസ്തരാണെന്നു ഉറപ്പു വരുത്തി ശേഷം മാത്രം അതിൽ സീരിയസ് ആകുക. അതു പോലെ ജീവിത പങ്കാളിയെ തിരഞ്ഞു എടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നമ്മൾ അറിഞ്ഞതും, കണ്ടതും എല്ലാം സത്യം ആകണം എന്നില്ലല്ലോ.

ജീവിതത്തിനു ഒരു പാട് വേഗത കൂടിയ ഈ അറബി നാട്ടിൽ, നമ്മൾ പലപ്പോളും കാണുന്ന കാഴ്ച്ച ആണ്, എല്ലാവരുടെയും കണ്ണുകൾ ഫോണിൽ, അടുത്തു ഇരിക്കുന്നത് ആരാണെന്നോ, അടുത്തു സംഭവിക്കുന്നത് എന്താണെന്നോ പലരും അറിയുന്നില്ല. എല്ലാവരും അവരുടെ ജീവിത തിരക്കിലാണ്. അച്ഛനും അമ്മയും ജോലിക്കു പോകുന്ന കുടുംബങ്ങളിലെ അവസ്‌ഥ ഇതു തന്നെ, മക്കൾ സ്കൂളിൽ നിന്ന് വന്നാൽ പിന്നെ ഫോണായി, ടിവി യായി, ടാബ് ആയി. അവരെ ശാസിക്കണോ, പറഞ്ഞു മനസ്സിലാക്കാനോ മുതിർന്നവരോ, മറ്റു ബന്ധുക്കളോ ഇല്ല. ഇതു ദുബായിയിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥ അല്ല, മറ്റു രാജ്യങ്ങളിലും അവസ്ഥ ഇതു തന്നെ.

ശാസ്ത്ര പുരോഗതി നല്ലതു തന്നെ, ഒരു പാട് നന്മകളും ഉണ്ട്. പക്ഷെ അതിൽ നമ്മൾ മാനുഷിക മൂല്യങ്ങളെ മറന്നു തുടങ്ങി, ‘ഓണ്ലൈൻ ജീവിതത്തിൽ’ മാത്രം പെട്ടു പോകുന്നത് പരിതാപകരമാണ്. വരും തലമുറ നമ്മളുടെ ജീവിതവും, ഒക്കെ യായി ഒരുപാട് അങ്ങു അകന്നു പോകാതിരിക്കട്ടെ എന്നു ആഗ്രഹിക്കാം.

രേണു സുജിത് ഷേണായി (ജയന്തി ശോഭ), ദുബായ്‌

ഇത്‌ മലയാളം ഇ-മാഗസിൻ.കോം ന്റെ എക്സ്ക്ലൂസീവ്‌ കണ്ടന്റ്‌ ആണ്. അനുവാദമില്ലാതെ തലക്കെട്ടോ ഫോട്ടോയോ ഉൾപ്പടെ കോപ്പി ചെയ്യുന്നത്‌ നിയമ നടപടികൾക്ക്‌ വിധേയമാകും.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments