മലയാളം ഇ മാഗസിൻ.കോം

കമല സുരയ്യുമ്മ എന്നു പറയാതെ എന്തുകൊണ്ട് മാധവിക്കുട്ടിയമ്മയെന്ന് പറയുന്നു? ആമിക്കായി അണിയറയിൽ വിവാദങ്ങൾ ഒരുങ്ങുന്നു?

“ശ്വേതാമേനോൻ തന്റെ അടുത്ത പ്രസവം പൂരപ്പറമ്പിൽ ടിക്കറ്റ് വച്ച് നടുത്തുമോ? “ ബി.ജെ.പിയുടെ ഉന്നത നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ ഒരു ചാനൽ ചർച്ചയിൽ ഉന്നയിച്ച ചോദ്യമായിരുന്നു.

\"\"

ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ ശ്വേതയുടെ പ്രസവ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വാർത്തകൾ പുറത്തു വന്നതോടെ ശോഭാസുരേന്ദ്രനെ പോലെ ഒരു കൂട്ടർ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും അത് വൻ വിവാദമായി മാറുകയുമായിരുന്നു. ഓ.എൻ.വി എഴുതിയ മനോഹരമായ ഒരു ഗാനം ഉണ്ടെന്നതൊഴിച്ചാൽ ബ്ലസ്സി സംവിധാനം ചെയ്തവയിൽ ഏറ്റവും മോശം ചിത്രമെന്ന് പറയാവുന്നതാണ് കളിമണ്ണ്. വിവാദമായതോടെ തീയേറ്ററുകളിൽ പ്രതീക്ഷിച്ചതിനപ്പുറം പ്രേക്ഷകരെ എത്തിക്കുവാൻ ഇതുകൊണ്ട് സാധിച്ചു. എന്നാൽ ചിത്രം കാണാതെ എതിർപ്പുയർത്തിയവർ ഉന്നയിച്ച പോലുള്ള രംഗങ്ങൾ ഒന്നും തീയേറ്ററിൽ ഉണ്ടായതുമില്ല.

വിവാദങ്ങൾ മിക്ക സിനിമകളുടേയും വിജയത്തിനു അനിവാര്യമാണ്. ശരാശരി നിലവാരം പോലുമില്ലാത്ത ചിത്രങ്ങൾ പോലും ഒരു വിവാദം ഉണ്ടായാൽ ബോക്സോഫീസിൽ വൻ വിജയമായി മാറും. ചിലർ ബോധപൂർവ്വം അത്തരത്തിൽ രാഷ്ടീയക്കാരെയോ മതവിഭാഗങ്ങളേയോ പ്രകോപിപ്പിച്ച് വിവാദം ഉണ്ടാക്കുവാൻ ടൈറ്റിലിലൊ പ്രമേയത്തിലോ അതുമല്ലെങ്കിൽ രംഗങ്ങളിലോ ചിലതെല്ലാം ഉൾപ്പെടുത്തും. ചിലപ്പോൾ കോടതിയിൽ കേസുകൾ ഉയർന്നുവരും. ചിത്രം റിലീസിനു മുമ്പെ തന്നെ വലിയ ബഹളങ്ങൾ ഉയരുക എന്നതിലൂടെ ഇത്തരം കാര്യങ്ങളിൽ പലതും സ്പോൺസേർഡാണോ എന്ന സംശയവും ഉയരാറുണ്ട്.

\"\"

പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവിത പശ്ചാത്തലത്തിൽ ആമി എന്ന സിനിമ ഇറങ്ങുവാൻ ഇനി ഏതാനും ദിവസങ്ങളേ ഉള്ളൂ. സുരയ്യയുടെ മതം മാറ്റവും ഒരു വിഭാഗം അതിനെതിരെ ഉയർത്തിയ വിമർശനവും എല്ലാം അതിൽ കടന്നുവരുന്നുണ്ടെന്നാണ് ട്രേയിലർ ഉൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തീർച്ചയായും കമല സുരയ്യ മതം മാറ്റവുമായി ബന്ധപ്പെട്ട് തന്റെ വിദേശിയായ സുഹൃത്ത് മെറിലി വേയ്സ് ബോർഡിനോട് നടത്തിയതായി അവകാശപ്പെടുന്ന “വെളിപ്പെടുത്തലുകൾ“ ഉൾപ്പെടുന്ന “ലൗ ക്വീൻ ഓഫ് മലബാർ“ അഥവാ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തിലെ സംഭവങ്ങൽ ആ ചിത്രത്തിൽ വരികയില്ല. അതുമാത്രമല്ല എന്റെ കഥ എന്ന ആത്മകഥയിൽ ഉൾപ്പെടെ മാധവിക്കുട്ടി നടത്തിയ തുറന്നുപറച്ചിലുകളും ഉൾപ്പെടുത്തിയിട്ടുണ്ടാകില്ല. കാരണം ലക്ഷ്യം മറ്റൊന്നായതിനാൽ തന്നെ രാഷ്ടീയപരമായി നോക്കിയാലും മതപരമായി നോക്കിയാലും ഈ ചിത്രം എഴുതി സംവിധാനം ചെയ്ത കമൽ അതൊന്നും തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തുവാനുള്ള ആർജ്ജവമോ ആത്മാർഥതയോ നിഷ്പക്ഷതയോ ഉണ്ടാകാനുള്ള വഴിയില്ല.

ലൗ ജിഹാദ് ചർച്ചകൾ സജീവമാക്കിയ ഒന്നായിരുന്നു കമല സുരയ്യയുടെ മതം മാറ്റം. വർഷങ്ങൾക്കിപ്പുറം അഖില ഹാദിയയുടെയും നിമിഷ ഫാത്തിമയുടെയും അടക്കം നിരവധി പേരുടെ മതം മാറ്റവും ലൗജിഹാദ് ചർച്ചകളും വിവാദങ്ങളും ഇപ്പോഴും കേരളീയ സമൂഹത്തിൽ സജീവമാണ്. മതം മാറിയ ശേഷം കമല സുരയ്യ അനേകലക്ഷം പേർ ആരാധിക്കുന്ന ഗുരുവായൂരപ്പനുമായി നടത്തിയ ചില പരാമർശങ്ങൾ വ്യാപകമായ എതിർപ്പിനെ ക്ഷണിച്ചു വരുത്തിയിരുന്നു. മരണ ശേഷവും അവരുടെ മതം മാറ്റത്തിനു പുറകിലെ ദുരൂഹതകളെ പറ്റി ചർച്ചകളും വെളിപ്പെടുത്തലുകളും നടക്കുന്നുണ്ട്.

\"\"

മാധവിക്കുട്ടിയമ്മ എന്നാണ് ആമിയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജുവാര്യർ തന്റെ അഭിമുഖങ്ങളിലും മറ്റും കമല സുരയ്യയെ അഭിസംബോധന ചെയ്യുന്നത്. അവർ മതം മാറുകയും കമല സുരയ്യ എന്ന പേരിൽ എഴുതുകയും അറിയപ്പെടുവാൻ ആഗ്രഹിക്കുകയും ചെയ്തിട്ടും അവരുടെ പഴയ പേരു പ്രത്യേകം എടുത്തു പറയുന്നതിൽ ഒരു വിപണന കൗശലം ഒളിഞ്ഞിരിക്കുന്നതായി സംശയിച്ചാൽ തെറ്റുപറയുവാൻ സാധിക്കുമോ? അവർ ഏറെ ഇഷ്ടപ്പെട്ട സുരയ്യ എന്ന പേരിനൊപ്പം ബഹുമാനപൂർവ്വം ഉമ്മ എന്ന് ചേർത്ത് കമലസുരയ്യുമ്മ എന്നതിനു പകരം മാധവിക്കുട്ടി എന്ന പൂർവ്വാശ്രമത്തിലെ അവരുടെ ഹിന്ദു നാമത്തോടൊപ്പം അമ്മ ചേർത്ത് പറയുന്നത് വായനക്കാർക്ക് / പ്രേക്ഷകർക്കിടയിൽ മാധവിക്കുട്ടി എന്ന പേരിനോടുള്ള ആഭിമുഖ്യത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടാകുമോ? മഞ്ജുവാര്യർ തന്നെ നായികയായി അഭിനയിച്ച സൈറാ ബാനു എന്ന ചിത്രത്തിനു പ്രേക്ഷകർ കയറിയത് കഥാപാത്രത്തിന്റെ മതം നോക്കിയല്ല എന്നിരിക്കെ ഇവിടെ ഇത്തരത്തിൽ എടുത്തെടുത്ത് മാധവിക്കുട്ടിയമ്മ എന്ന പ്രയോഗം മതം മാറിയ ശേഷം അവർ നടത്തിയ പരാമർശങ്ങളുടേയും ലൗജിഹാദ് വിവാദത്തിന്റെയും ഓർമ്മകൾ മറക്കുവാനാണോ?

ഒരുപാട് മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത കമൽ വിവാദങ്ങളിലേക്ക് കടക്കുന്നത് 1993 ൽ അദ്ദേഹം സംവിധാനം ചെയ്ത ഗസൽ എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ അത്തരം വിവാദങ്ങൾ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിക്കെതിരെയും ചില പരാമർശങ്ങൾ നടത്തി സംഘപരിവാറിന്റെ പ്രതിഷേധം ഏറ്റുവാങ്ങിയ സംവിധായകനാണ് കമൽ. മുസ്ലിം മതവിശ്വാസിയായ അദ്ദേഹത്തെ യദാർഥപേരായ കമാലുദ്ദീൻ എന്നാണ് ഇതിനു ശേഷം സംഘപരിവാറുകാർ അഭിസംബോധന ചെയ്യുന്നതും.

മലയാളിക്ക് വൈകാരികമായി അടുപ്പമുള്ള ചില എഴുത്തുകാരാണ് എം.ടി.യും, മാധവിക്കുട്ടിയായിരുന്ന കമല സുരയ്യയും, ഒ.എൻ.വിയും, പത്മരാജനുമെല്ലാം. അവർ എഴുതിയതും പറഞ്ഞതുമെല്ലാം പൊതുസമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അവരുടെ ജീവിതത്തെ പറ്റി പറയുമ്പോൾ അതിൽ ഒളിച്ചുകടത്തലുകൾക്കായി ശ്രമിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. ചിത്രം തുടക്കം മുതൽ വിവദമാക്കുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. ആദ്യം നായികയായി നിശ്ചയിച്ചിരുന്ന ബോളീവുഡ് നടി വിദ്യാബാലൻ പിന്മാറി. തുടർന്നാണ് സവർണ്ണ ഹൈന്ദവ ജാതി ബിംബം പേരിൽ ഉൾപ്പെടുന്ന മഞ്ജുവാര്യർ നായികയായി വരുന്നത്.

രതിയെ പറ്റി വ്യക്തമായ അഭിപ്രായം അടയാളപ്പെടുത്തിയിട്ടാണ് കമല സുരയ്യ കടന്നു പോയത്. എന്നിട്ടും അവരുടെ ജീവിത കഥയാണ് ആമിയിൽ എന്ന സൂചനകൾ നൽകി ഒരു സിനിമ ചെയ്യുമ്പോൾ സ്വതന്ത്രമായി കമല സുരയ്യ നടത്തിയ ലൈംഗികതയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങളും നിലപാടുകളൂം ഉൾപ്പെടുത്തേണ്ടതായി വരില്ലെ? ഇവിടെയാണ് കമൽ നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നത്. കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യാബാലനായിരുന്നെങ്കിൽ ചിത്രത്തിൽ ലൈംഗികത കടന്നുവന്നേനെ മഞ്ജുവാര്യർ ആയതിനാൽ ആ പ്രശ്നമില്ല എന്ന രീതിയിൽ പ്രതികരിക്കുന്ന സംവിധാകൻ പറയുന്നത് മലയാളി സുരയ്യയിൽ നിന്നും കേട്ടതും വായിച്ചതുമായ ലൈംഗികതയുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ ഉണ്ടാകാനിടയില്ല എന്നതല്ലെ? (കമല സുരയ്യയുടെ ജീവിതമല്ല ജീവിത്തിൽ നിന്നുള്ള ചില സംഭവങ്ങളാണ് ആമിയുടെ പ്രമേയം എന്നാണ് ഇപ്പോൾ പറയുന്നത് ) അതായത് കമലസുരയ്യ അവസാനകാലത്ത് ആചരിച്ച മതത്തിന്റെ വികാരത്തെ ലൈംഗികതയുമായി ബന്ധപ്പെട്ട പരാമർശങ്ങളോ ദൃശ്യങ്ങളോ ഉൾപ്പെടുത്തി വ്രണപ്പെടുത്തുന്നില്ല. അതേ സമയം മാധവിക്കുട്ടിയായി ജീവിച്ച മതവിശ്വാസത്തെ ചിത്രീകരിക്കുമ്പോൾ അത്തരം ജാഗ്രത കമൽ നടത്തിയിട്ടുണ്ടോ എന്നതിനു ആ ട്രേയിലർ 1 മിനിറ്റ് 24 സെക്കന്റ് എത്തുമ്പോൾ തന്നെ വ്യക്തമയ സൂചന നൽകുന്നുണ്ട്.

\"\"

ആമിക്കായി അണിയറയിൽ വിവാദങ്ങൽ ഒരുങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇന്ന് ഹൈക്കോടതിയിൽ വന്നിട്ടുള്ള ഒരു കേസ്. ലൗജിഹാദ് ഇന്ന് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഈ സിനിമ ഇറങ്ങിയാൽ അത് ലൗജിഹാദിനെ ന്യായീകരിക്കുന്നത് പോലെ ആയിത്തീരുമെന്നു അതിനാൽ ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നുമാണ്ത്രെ ഹർജിക്കാരനായ അഭിഭാഷകൻ കെ.പി രാമചന്ദ്രൻ ആവശ്യപ്പെടുന്നത്.

ഇത്തരം വിവാദങ്ങൾക്കും വ്യവഹാരങ്ങൾക്കും ചിത്രത്തിന്റെ പ്രചാരണത്തിനും വിജയത്തിനും വലിയ സാധ്യതയാണ് നൽകുവാനാകുക. മത-രാഷ്ടീയ-സാംസ്കാരിക കാരണങ്ങളാലും കപട മതേതരത്വ പ്രകടനത്തിന്റെ ഭാഗമായും കേരളത്തിൽ നിലനിൽക്കുന്ന സംഘപരിവാർ വിരുദ്ധതയെ പ്രയോജനപ്പെടുത്തുവാൻ വളരെ എളുപ്പമാണ്. സംഘപരിവാർ കൂടെ ആമിക്കോ കമലിനോ എതിരെ രംഗത്തെത്തിയാൽ സ്വാഭാവികമായും സാമൂഹിക സാംസ്കാരിക നേതാക്കളും സൈബർ ലോകത്തെ പോരാളികളുമെല്ലാം കമലിനും ആമിക്കും ഐക്യദാർഡ്യവുമായി കളം നിറയും. ഓൺലൈനിൽ വൻ കാമ്പെയിൻ തന്നെ ഉയരും ഒപ്പം മാധ്യമങ്ങൾ അഭിമുഖങ്ങളും വാർത്തകളും നൽകുക കൂടെ ചെയ്യുന്നതൊടെ പരസ്യത്തിനായി ചിലവഴിക്കുന്നതിൽ നിന്നും ലക്ഷക്ങ്ങൾ ഒഴിവാക്കുവാനും സാധിക്കും.

വിമർശിക്കുന്നവരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പലരും ചിത്രം തീയേറ്ററിൽ പോയി കാണുകയും സാമൂഹ്യമാധ്യാമങ്ങളിൽ ഉൾപ്പെടെ നല്ലതെന്ന അഭിപ്രായം പറയുകയും ചെയ്യുന്നതിലൂടെ കമലിനും കൂട്ടർക്കും നല്ല ഒരു തുക ലഭിക്കുകയും ചെയ്യും. പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രത്തിനുള്ള അവാർഡും ലഭിച്ചേക്കാം. അതായത് കാഴ്ചയിലും കേൾവിയിലും വായനയിലും തങ്ങൾക്ക അറിയുന്ന കമല സുരയ്യ അല്ലാ മഞ്ജുവാര്യർ-കമൽ കൂട്ടുകെട്ടിന്റെ ആമി എന്ന് വന്നാൽ ഒരു പക്ഷെ പ്രേക്ഷകർ തിരസ്കരിച്ചേക്കാവുന്ന ആമിയെ തീർച്ചയായും സംഘപരിവാർ വന്ന് തലവെച്ചു കൊടുത്ത് ഈ ചിത്രത്തിനു സവിശേഷമായ ഒരു മുന്നേറ്റം കൈവരുന്നതിനുള്ള വലിയ സാധ്യതയാണ് നിലവിൽ ഉള്ളത്. അതൊഴിവാക്കുവാനുള്ള രാഷ്ടീയ ബുദ്ധി സംഘപരിവാറിനോ അവരുടെ സൈബർ വൃന്ദങ്ങൾക്കോ ഉണ്ട് എന്ന് നിലവിലെ സാഹചര്യത്തിൽ കരുതുവാനാകില്ല. എന്തായാലും വരും ദിവസങ്ങളിൽ ആമിക്കായി അണിയറയിൽ ഒരുങ്ങിയവയിൽ നിന്നും ഒന്നൊന്നായി പുറത്ത് ചാടും.

എസ്‌ കെ

Avatar

Staff Reporter