താരപുത്രന്റെ അരങ്ങേറ്റത്തിനായി കാത്തിരുന്നവർക്കായി ആദി എത്തി. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിലും കൂടുതൽ ജനുവരി 26 എന്ന ദിവസത്തിനായി മലയാളികൾ ഒന്നടങ്കം ആർപ്പും ആരവവും ആയി കാത്തിരുന്നത് ആദിയ്ക്ക് വേണ്ടി ആയിരുന്നു. നടന വിസ്മയം മോഹൻലാലിന്റെ പുത്രൻ അഭിനയത്തിൽ ഒട്ടും പിന്നിലാകില്ല എന്നു അറിയാം എങ്കിലും പ്രേക്ഷകർക്ക് ആകാംഷ ആയിരുന്നു ആദിയുടെയും പ്രണവിന്റെയും കാര്യത്തിൽ.
ആദി എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ജിത്തു ജോസഫ് ചിത്രം കൊച്ചിയിൽ തുടങ്ങി ബംഗലൂരുവിലൂടെ വികസിക്കുന്ന കഥയാണ്.ആദിയുടെ അച്ഛനായി സിദ്ദിഖും അമ്മയായി ലെനയും എത്തുന്നതോടെ സ്ക്രീനിൽ അഭിനയ മികവിന്റെ വർണ്ണങ്ങൾ വിരിയുന്നു. ആദ്യത്തെ ഹാഫ് കണ്ടുകൊണ്ടിരുന്ന ഓരോ പ്രേക്ഷകന്റെ ഉള്ളിലും ഉണ്ടായ ഒരേ ഒരു വികാരം പ്രണവിന് ആദ്യമായി നായകനായി അഭിനയിക്കുന്നതിന്റെ എന്തെങ്കിലും പോരായ്മകൾ ഉണ്ടാവുമോ എന്നത് ആയിരുന്നു. എന്നാൽ ആദ്യത്തെ ഹാഫ് തീരുന്നതോടെ അതൊരു തോന്നൽ മാത്രമായി മാറിയിരിക്കുക ആണ്. തനിമയാർന്ന അഭിനയ ശൈലിയിലൂടെ പ്രണവ് എന്ന രാജകുമാരൻ പ്രേക്ഷക മനസുകളിൽ ചേക്കേറി കഴിഞ്ഞിരിക്കുന്നു.
ആദി എന്ന പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലക്ഷ്യം ഒരു സംഗീതജ്ഞൻ ആകണം എന്നതാണ്. അതിനായി ആദിയ്ക്ക് ലക്ഷ്യത്തിലേക്ക് എത്താൻ വീട്ടുകാർ നൽകുന്ന സമയം രണ്ടു വർഷമാണ്. ഇങ്ങനെ തുടങ്ങുന്ന ചിത്രത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ബന്ധുവിനെയും കൊണ്ട് ബാംഗ്ലൂർക്ക് ആദി പോകേണ്ടി വരുന്നതിലൂടെ കഥ വികസിക്കുന്നു. അവിടെ വച്ച് ഒരു ക്ലബ്ബിലെ പ്രോഗ്രാമിനിടെ ഒരു പഴയ സുഹൃത്തിനെ കാണുന്ന ആദിയുടെ ജീവിതത്തിൽ ഒരു സങ്കീർണ്ണ പ്രശ്നം സംഭവിക്കുന്നു. ആ പ്രശ്നത്തിൽ നിന്ന് ആദി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
രാജാവിന്റെ മകൻ മോശം ആകില്ല എന്ന് പ്രണവ് ആക്ഷൻ രംഗങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് തെളിയിച്ചു.. ട്രെയ്ലറും ടീസറിനും വന്ന ആക്ഷേപങ്ങളിൽ ഒന്നായ ഡയലോഗ് ഡെലിവറി പ്രശ്നം ഒന്നും സിനിമയിൽ തോന്നിയില്ല. പ്രണവിന്റെ അരങ്ങേറ്റത്തിന് ഒരു നല്ല വേദി എന്ന് ആദിയെ പറ്റി പറയാം.
ചടുലമായ രംഗങ്ങളും ഓൺ ദി റോൾ ചയ്സിംഗ് രംഗങ്ങളും ചിത്രീകരിച്ച രീതികൾ കൊണ്ട് സതീഷ് കുറുപ്പും ആദിയുടെ ചരിത്രത്തിൽ ഇടം നേടുകയാണ്. അവസാന പത്തു മിനിറ്റ് ട്വിസ്റ്റുകൾ നിറച്ചുകൊണ്ട് സൂപ്പർ ഡ്യൂപ്പർ ക്ലൈമാക്സ് ഒരുക്കി ജിത്തുജോസഫ് ആദിയെ ഒരു മികച്ച തീയറ്റർ അനുഭവം ആക്കി മാറ്റി.
പാർക്കർ എന്നൊക്കെ ചിത്രീകരണം തുടങ്ങുമ്പോൾ മുതലേ ആദിയെ കുറിച്ച് കേട്ടിരുന്നു എങ്കിലും പ്രേക്ഷകർ അത് എത്രമാത്രം നന്നായിരിക്കും എന്ന് അറിയുവാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് പാർക്കർ സീൻസ് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസിറ്റീവുകൾ തിരയുന്നവരിൽ ആദ്യം എത്തുന്നതും ഈ സീൻസ് ആയിരിക്കും. സിനിമയുടെ ഗതി തന്നെ മാറ്റുന്ന ഒരു സ്പെഷ്യൽ ഗസ്റ്റ് അപ്പിയറൻസ് ചിത്രത്തിൽ ഉണ്ട്. അത് എന്താണെന്ന് അറിയേണ്ടവർ ചിത്രം തീയറ്ററിൽ എത്തി കാണുന്നത് ആയിരിക്കും ഉത്തമം.
ചെറിയ ചില ലാഘവങ്ങൾ ഒഴിച്ചാൽ ജിത്തുജോസഫ് എന്ന സംവിധായകന്റെ സംവിധാന മികവിലും പ്രണവ് മോഹൻലാൽ എന്ന നായക പ്രതിഭയുടെ അഭിനയ മികവിലും ഒരുങ്ങിയ ആദി ഒരു ചരിത്ര വിജയം ആയി മാറുക തന്നെ ചെയ്യും.
പുലിമുരുകൻ എന്ന ലാലേട്ടൻ ചിത്രത്തിലൂടെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തെക്കാൾ നന്നായി ആദിയുടെ വില്ലൻ ആകാൻ ആർക്കും കഴിയില്ല എന്ന് സിനിമയുടെ രണ്ടാം പകുതി ഉറപ്പിക്കുന്നു. അനുശ്രീ, അദിതി എന്നിവരാണ് മറ്റു സ്ത്രീകഥാപാത്രങ്ങളായി ആദിയിൽ എത്തിയത്.